ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ അമ്പതാം വാർഷികാഘോഷത്തിന് രൂപം നൽകുന്നതിന്റെ ഭാഗമായി പ്രാഥമികയോഗം ചേർന്നു

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ അമ്പതാം വാർഷികാഘോഷത്തിന് രൂപം നൽകുന്നതിന്റെ ഭാഗമായി പ്രാഥമികയോഗം ചേർന്നു.

“സുവർണം” എന്നു നാമകരണംചെയ്ത പരിപാടി 2024 ഫെബ്രുവരി മുതൽ 2025 ജനുവരി വരെ നീണ്ടുനില്ക്കും. കേരളത്തിലും, ഇതരസംസ്ഥാനങ്ങളിലും, വിദേശത്തും സംഘടിപ്പിക്കുന്ന വേദികളിൽ അമ്പതോ അതിലധികമോ പരിപാടികൾ അവതരിപ്പിക്കും. വാക്കിൽ തുടങ്ങി (പ്രബന്ധക്കൂത്ത്) സംഗീതം, നൃത്തം, കൂടിയാട്ടം, കഥകളി എന്നിവയ്ക്ക് മുൻഗണന നല്കിയാണ് പരിപാടികൾ ആസൂത്രണംചെയ്യുന്നത്.



പുതിയ വേദികൾ കണ്ടെത്തി കലാപരിചയ ക്ലാസുകൾ, സോദാഹരണപ്രഭാഷണങ്ങൾ, ചർച്ചകൾ തുടങ്ങിയവ ഒരുക്കും. ആചാര്യസ്ഥാനീയരായ കലാകാരന്മാർക്കൊപ്പം യുവകലാകാരന്മാക്കും തത്തുല്യ അവസരം സൃഷ്ടിക്കുന്നതും “സുവർണ”ത്തിന്റെ കടമയായി കാണും. കലാവതരണത്തിലും, ആസ്വാദനത്തിലും, സംഘാടനത്തിലും പുതുതലമുറയെ ഉയർത്തിക്കൊണ്ടുവരിക എന്നതും സുവർണത്തിലൂടെ ലക്ഷ്യമിടുന്നു. 2025 ജനുവരിയിൽ സമ്പൂർണ്ണ നളചരിതോത്സവത്തിൽ കഥകളികൂടാതെ ദേശീയ സെമിനാറുകളും, നളകഥയെ അവലംബിച്ചുള്ള മറ്റുരംഗാവതരണങ്ങളും അരങ്ങേറും.



പ്രാഥമികയോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ് അനിയൻ മംഗലശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേശൻ നമ്പീശൻ സദസ്സിനെ സ്വാഗതം ചെയ്തുകൊണ്ട് ഇരിങ്ങാലക്കുടയുടെ സാംസ്കാരികപൈതൃകം, അത് സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത, സുവർണ്ണജൂബിലിയുമായി അതെങ്ങനെ ബന്ധിപ്പിക്കാം തുടങ്ങിയ കാര്യങ്ങളും മുന്നോട്ടുവെച്ചു. ജോയിന്റ് സെക്രട്ടറി പ്രദീപ് നമ്പീശൻ ഒരുവർഷത്തെ ആഘോഷപരിപാടികളുടെ സംക്ഷിപ്തരൂപരേഖ വീഡിയോ പ്രസന്റേഷൻ നടത്തി വിശദീകരിച്ചു.



സംഗമഗ്രാമത്തിന്റെ സംസ്കൃതിയുടെ പരിച്ഛേദമായി മാറുന്ന രീതിയിലാണ് “സുവർണ്ണം” സംഘടിപ്പിക്കുക. ഇരിങ്ങാലക്കുട നഗരസഭയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ പ്രസ്താവിച്ചു. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ സോണിയ ഗിരി, ഉണ്ണായിവാര്യർ സ്മാരക കലാനിലയം മുൻ പ്രിൻസിപ്പൽ കലാനിലയം രാഘവൻ, കോട്ടക്കൽ നാട്യസംഘം മുൻ സെക്രട്ടറി ഡോക്ടർ സന്തോഷ് അകവൂർ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, എൻ കെ ഉദയപ്രകാശ്, കെ ശ്രീകുമാർ, ഗോപാലകൃഷ്ണൻ നായർ, ഭാരതീയ വിദ്യാഭവൻ എക്സിക്യുട്ടീവ് വൈസ് ചെയർമാനായ സി നന്ദകുമാർ, രഹന സുൽത്താൻ, ചാലക്കുടി കഥകളി ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു . സ്ഥാപകഭരണസമിതിയംഗം ടി ആർ ദാമോദരനും കൂടാതെ മറ്റ് വിവിധ കലാസാംസ്കാരിക സാമൂഹിക മേഖലയിലെ വ്യക്തിത്വങ്ങളും സന്നിഹിതനായിരുന്നു.



യോഗത്തിൽ “സുവർണം” സംഘാടകസമിതി രൂപീകരിച്ചു. മന്ത്രി ഡോക്ടർ ആർ. ബിന്ദു – ചെയർപേഴ്സൺ, അനിയൻ മംഗലശേരി – ജനറൽ കൺവീനർ, രമേശൻ നമ്പീശൻ – ഫെസ്റ്റിവൽ ഡയറക്ടർ എന്നിവരെ തെരഞ്ഞെടുത്തു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page