കൂടൽമാണിക്യം തിരുവുത്സവം 2023: അവലോകനയോഗം നടന്നു

ഇരിങ്ങാലക്കുട: മെയ് 2 മുതൽ 12 വരെ നടക്കുന്ന കൂടൽമാണിക്യം തിരുവുത്സവം 2023 ൻ്റേ ഉദ്യോഗസ്ഥ തലത്തിലുള്ള അവലോകനയോഗം ദേവസ്വം ഓഫീസിൽ നടന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. എട്ടു ദിവസം 24 മണിക്കൂർ തുടർച്ചയായി പരിപാടികൾ ഉള്ളതും 150 ഓളം വാദ്യകലാകാരന്മാരെ അണിനിരത്തി കൊണ്ടുള്ള മേളവും, ഇന്ത്യയുടെ അകത്തുനിന്നും പുറത്തുനിന്നുമായി രണ്ടായിരത്തിൽ പരം കലാകാരന്മാർ നൃത്ത പരിപാടികളിൽ പങ്കെടുക്കുന്നു. 15 സബ് കമ്മിറ്റികളിലായി 750 ൽ പരം വളണ്ടിയർമാരും ഒരുങ്ങിക്കഴിഞ്ഞു. ക്ഷേത്രത്തിൻറെ മതിലിന് പുറത്ത് ഒരു സ്റ്റേജും സ്പെഷ്യൽ പന്തലും സന്ധ്യാവേലപ്പന്തൽ, കുലീപിനി, തീർത്ഥക്കരപ്പന്തൽ തുടങ്ങിയവയുടെ പണികളെല്ലാം ഏകദേശം പൂർത്തീകരിച്ചു.

മതപരമായ ആചാരങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഉത്സവം എന്നും ആനകളുടെ പരിപാലനം നല്ലപോലെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 11 ദിവസവും 250 ഓളം പോലീസുകാർ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കുമെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ് പറഞ്ഞു. ആനകളുടെ സംരക്ഷണത്തിനായ് രണ്ടു മയക്കു വെടി വിദഗ്ധർ അടക്കം 35 ഡോക്ടർമാർ മൂന്നുദിവസം കൂടുമ്പോൾ ആനകളുടെ ഫിറ്റ്നസ് നോക്കുന്നതിനായി ഉണ്ടാകും. കാലാവസ്ഥയ്ക്ക് അനുസരിച്ച് ആനകളുടെ പരിപാലനം അത്യാവശ്യമാണ് അതിനാൽ തന്നെ ജനങ്ങളെ ആനകളുടെ അടുത്തേക്ക് വരുന്നത് നിയന്ത്രിക്കും. ആനകൾക്ക് ധാരാളം വെള്ളവും തണ്ണിമത്തൻ വെള്ളരി എന്നിവയും ആനകളുടെ ചൂട് നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്നും എലിഫൻറ് സ്ക്വാഡ്ൻ്റ് സഹായം അത്യാവശ്യമാണെന്നും എഴുന്നുള്ളിപ്പ് നടക്കുന്ന നടപ്പന്തലുകളിൽ ചാക്കുകൾ നനച്ചിടണം എന്നും ആറാട്ടിനു പോകുമ്പോൾ റോഡുകളും നനച്ചിടണം എന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥ ഡോ. ലത അഭിപ്രായപ്പെട്ടു.

ജനറൽ ആശുപത്രിയിലെ ആംബുലൻസ് പഴയത് ആയതിനാൽ ഒരു ആംബുലൻസ് മാത്രമേ അവിടെ ഉള്ളത് കൊണ്ട് ഉത്സവ ദിവസങ്ങളിൽ ആശുപത്രി ആംബുലൻസ് സർവീസ് ലഭ്യമാക്കുവാൻ സാധിക്കുകയില്ല. എല്ലാവർഷത്തെയും പോലെ അടിയന്തിര ചികിത്സ ആവശ്യമായ സ്റ്റാൾ കിഴക്കേ നടയിൽ തയ്യാറാക്കുന്നുണ്ട് എന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾ പറഞ്ഞു.ഉത്സവകാലത്തെ രാത്രി യാത്രകളിൽ യാത്രക്കാർ ഇല്ലാത്തതിനാൽ പകൽ സമയത്ത് കെഎസ്ആർടിസി സർവീസ് ഉണ്ടായിരിക്കുമെന്നും അത്യാവശ്യഘട്ടത്തിൽ രാത്രി സർവീസ് നടത്താൻ തയ്യാറാണെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു.

ഉത്സവകാലങ്ങളിലുള്ള അനധികൃതമായ വില്പനകൾ തടയുന്നതിന് എക്സൈസിന്റെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ പെട്രോളിങ് ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എക്സിബിഷൻ സ്റ്റാളുകളിൽ പ്ലാസ്റ്റിക് ബാഗുകൾ അനുവദിക്കുകയില്ല. ഉത്സവകാലങ്ങളിൽ സമീപപ്രദേശങ്ങളിലെ കടകളിൽ വില കൂട്ടി വിൽക്കുന്ന പ്രവണതയും അനുവദിക്കുകയില്ല. കുട്ടൻ കുളം മുതൽ ക്ഷേത്രം വരെ റോഡിന് ഇരുവശത്തുമുള്ള വഴിയോരക്കച്ചവടക്കാരെ തിരക്ക് സമയങ്ങളിൽ അനുവദിക്കുകയില്ല എന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

ഈ വർഷത്തെ അന്നദാനത്തിനായി അമ്പതിനായിരത്തോളം ഭക്തജനങ്ങൾ പങ്കെടുക്കുമെന്നും തെക്കേ ഊട്ടുപുരയും ഉണ്ണായിവാര്യർ കലാനിലയവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ആറാട്ടിനു വരുന്ന ഭക്തജനങ്ങൾക്ക് ഇറങ്ങി കുളിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞിട്ടുണ്ട് എന്നു ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ ആർ ഡി ഒ ഷാജി എം കെ, പ്രൊഫസർ വി കെ ലക്ഷ്മണൻ നായർ, ഐസിഎൽ സിഎംഡി അനിൽകുമാർ, തഹസിൽദാർ സിമേഷ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ജനറൽ ആശുപത്രി സൂപ്രണ്ട് മിനിമോൾ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥ ഡോ. ലത, നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ അനൂപ് മറ്റു വിവിധ ഉദ്യോഗസ്ഥർ, ഭരണ സമിതി അംഗങ്ങൾ, ദേവസ്വം ജീവനക്കാർ എന്നിവരും സംസാരിച്ചു . ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ സ്വാഗതവും ഭരണസമിതി അംഗം അഡ്വ. കെ ജി അജയ കുമാർ നന്ദിയും പ്രകാശിപ്പിച്ചു.

You cannot copy content of this page