ഇരിങ്ങാലക്കുട: വിഷുക്കൈനീട്ടമായി നൽകുന്ന പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവീസ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന പുതിയ ബസ് സർവീസ് ദിവസവും വൈകിട്ട് 6.15ന് തൃശൂർ, പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കൽപ്പറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂർ വഴി പുലർച്ചെ 6.15ന് ബാംഗ്ലൂരിൽ എത്തും. തിരികെ ബാംഗ്ലൂരിൽ നിന്നും രാത്രി 11 മണിക്ക് പുറപ്പെടുന്ന ബസ് മൈസൂർ, ഗുണ്ടൽപേട്ട്, നിലമ്പൂർ, പെരിന്തൽമണ്ണ, തൃശൂർ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിലെത്തും.
ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടന്ന ചർച്ചയിലാണ് ഇരിങ്ങാലക്കുടയിൽ നിന്നു ആരംഭിക്കുന്ന പുതിയ അന്തർസംസ്ഥാന സർവീസിന് തീരുമാനമായത്. ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യാൻ ഇതുവരെ തൃശൂരും ചാലക്കുടിയും പോകേണ്ടി വന്നിരുന്ന ഇരിങ്ങാലക്കുടക്കാർക്ക് പുതിയ സർവീസ് ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിതലത്തിൽ നടത്തിയ ചർച്ചയുടെ തീരുമാനപ്രകാരമുള്ള പുതിയ സർവ്വീസുകൾ വരും ദിവസങ്ങളിൽ ഇരിങ്ങാലക്കുടയിൽ നിന്നും ആരംഭിക്കുമെന്നും മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പ്രസിഡന്റുമാർ, പഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, കെഎസ്ആർടിസി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.