ഹോം വോട്ടിങ് ; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ; തൃശൂര്‍ ജില്ലയില്‍ 18497 ഹോം വോട്ടര്‍മാര്‍

തൃശൂര്‍ ജില്ലയില്‍ ഹോം വോട്ടിങ് ആവശ്യപ്പെട്ട വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 15 മുതല്‍ 21 വരെ വോട്ട് ചെയ്യാന്‍ സംവിധാനം ഒന്നാം ഘട്ടമായി ഒരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്‌സന്റീ വോട്ടര്‍മാര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഭിന്നശേഷിക്കാര്‍, 85 വയസ് കഴിഞ്ഞ വയോജനങ്ങള്‍ എന്നിവര്‍ക്കാണ് വീടുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്. ജില്ലയില്‍ 18497 വോട്ടര്‍മാരാണ് ഈ വിഭാഗത്തില്‍ ഉള്ളത്. 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള 5989 പേരും 85 വയസിന് മുകളിലുള്ള 12508 പേരുമാണ് ജില്ലയില്‍ ഹോം വോട്ടിങിനായി 12 ഡി ഫോം മുഖേന അപേക്ഷിച്ചത്.

ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരം പൊലീസ് സെക്യൂരിറ്റി, വീഡിയോഗ്രാഫര്‍, മൈക്രോ ഒബ്‌സര്‍വര്‍ സംവിധാനത്തോടെ പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കി രഹസ്യസ്വഭാവത്തോടെയാണ് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നത്. വോട്ടര്‍മാരുടെ വസതി സന്ദര്‍ശിക്കുന്ന സമയവും തീയതിയും മുന്‍കൂട്ടി വരണാധികാരിയുടെ നിര്‍ദേശപ്രകാരം സഹവരണാധികാരികള്‍ വോട്ടര്‍മാരെയും സ്ഥാനാര്‍ഥികളെയും / മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റുമാരെയും അറിയിക്കും. ഇതിനായി ജില്ലയില്‍ 130 സംഘത്തെയാണ് വിന്യസിക്കുന്നത്. ഓരോ സംഘവും പരമാവധി 25 വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്താന്‍ സംവിധാനമൊരുക്കും.

ഹോം വോട്ടിങ് വീക്ഷിക്കാന്‍ ഫോറം 10ല്‍ അപേക്ഷ നല്‍കണം

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്‌സന്റീ വോട്ടര്‍മാര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഭിന്നശേഷിക്കാര്‍, 85 വയസ് കഴിഞ്ഞ വയോജനങ്ങള്‍ എന്നിവര്‍ക്കുള്ള ഹോം വോട്ടിങ് നടപടിക്രമം വീക്ഷിക്കുന്നതിന് വരണാധികാരിക്ക് മുന്‍കൂട്ടി ഫോറം 10ല്‍ അപേക്ഷ നല്‍കണം. പോളിങ് സ്റ്റേഷനില്‍ പോളിങ് ഏജന്റുമാരെ നിയോഗിക്കുന്നതിനുള്ള ഫോറം 10ലാണ് സ്ഥാനാര്‍ഥിയോ/ സ്ഥാനാര്‍ഥിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റോ/ ബൂത്ത് ലെവല്‍ ഏജന്റോ ഉള്‍പ്പെടെയുള്ള അധികാരപ്പെട്ട പ്രതിനിധി അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page