മഹാത്മാവിനെ ഹാരമണിയിച്ച കൈകളിൽ പൂച്ചെണ്ട് നൽകി നീഡ്‌സ്

ഇരിങ്ങാലക്കുട : രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇരിങ്ങാലക്കുട സന്ദർശിച്ചതിന്റെ തൊണ്ണൂറാം വാർഷിക ദിനത്തിൽ അന്ന് ഗാന്ധിജിയെ പുഷ്പഹാരമണിയിച്ച അന്നത്തെ അഞ്ചു വയസുകാരിക്ക് ഇന്ന് പ്രായം 95 നോടടുക്കുന്നു. ഇരിങ്ങാലക്കുട കോനിക്കര തോമസിന്റെ മൂത്ത മകളായ റോസി ഗാന്ധിജിക്ക് ഹാരമണിയിക്കാൻ ലഭിച്ച അന്നത്തെ ഭാഗ്യം ഇന്നും അഭിമാനത്തോടെയാണ് ഓർക്കുന്നത്.


1934 ജനുവരി 17 ന് ഹരിജൻ ഫണ്ട് ശേഖരാർത്ഥമാണ് ഗാന്ധിജി ഇരിങ്ങാലക്കുടയിൽ എത്തിയത്. ചളിയംപാടത്ത് നടന്ന പൊതു സമ്മേളനത്തിൽ ഗാന്ധിജിയെ ഹാരമണിയിച്ചു സ്വീകരിക്കാനുള്ള ഭാഗ്യം ലഭിച്ചത് റോസിക്കായിരുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനും ഗാന്ധിജിയുടെ ഉറ്റ അനുയായിയുമായിരുന്ന റോസിയുടെ പിതൃ സഹോദരൻ കൊച്ചാപ്പുവാണ് ഇതിനു അവസരം ഒരുക്കിയത്. ചേട്ടന്റെ മകളാണെങ്കിലും കൊച്ചാപ്പുവിന്റെ ഓമനയായിരുന്നു റോസി. ഇരുവരുടെയും പതിവ് സായാഹ്‌ന നടത്തത്തിനിടയിലാണ് ഗാന്ധിജിയെ ഹാരമണിയിക്കാനുള്ള ഭാഗ്യം തനിക്കാണ് ലഭിച്ചിട്ടുള്ളതെന്നു റോസി അറിയുന്നത്.

പിറ്റേ ദിവസം തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനു നടുവിലൂടെ നടന്നു ചെന്ന് ഗാന്ധിജിയെ ഹരമണിയിച്ചതും അപ്പോൾ ഗാന്ധിജിയുടെ മുഖത്തുണ്ടായ പുഞ്ചിരിയും ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് റോസി പറയുന്നത്.

continue reading below...

continue reading below..ധനലക്ഷ്മി ബാങ്കിന്റെ ചേരാനല്ലൂർ ശാഖയിൽ നിന്നും മാനേജരായി വിരമിച്ച റോസി വരാപ്പുഴ പുത്തൻപള്ളി തേനംകോടത്ത് പരേതനായ ടി കെ പോളിന്റെ ഭാര്യയായാണ്. ഇപ്പോൾ മകൻ ജോണിയുടെ വീട്ടിലാണ് താമസം.

പിണ്ടിപെരുന്നാളിനായി അനുജത്തി പുഷ്പത്തിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ നവതിയാഘോഷത്തിൽകൂടി പങ്കെടുക്കാൻ തീരുമാനിച്ചത്. താൻ ഗാന്ധിജിക്ക് ഹാരമണിയിച്ചതിന്റെ നവതിയും കൂടിയാണല്ലോ എന്നാണ് റോസിയുടെ അഭിപ്രായം.ഇതോടെ ഹാരമണിയിച്ച കൈകളിൽ പൂക്കൾ നൽകി ആദരിക്കാൻ നീഡ്‌സ് തീരുമാനിക്കുകയായിരുന്നു. പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ റോസിയെ ബൊക്കെ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു. നീഡ്‌സ് ഭാരവാഹികളായ ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, പി.കെ. ജോൺസൺ, പി.ടി. ജോർജ്, റിനാസ് താണിക്കപ്പറമ്പൻ, ഇ.പി. സഹദേവൻ, ജോൺ ഗ്രേഷ്യസ്, സുഭാഷ് കോനിക്കര എന്നിവർ പ്രസംഗിച്ചു.

മുഖ്യാതിഥിയായ ഗവർണറുടെ സൗകര്യാർത്ഥം ജനുവരി 17 ന് നടക്കേണ്ടിയിരുന്ന നവതിയാഘോഷങ്ങളുടെ സമാപന പരിപാടികൾ ഫെബ്രുവരി 15 ലേക്ക് മാറ്റിയിരിക്കുകയാണ്.

You cannot copy content of this page