ഠാണ – ചന്തക്കുന്ന് ഭൂമി ഏറ്റെടുക്കൽ : സിവിൽ സ്റ്റേഷനിൽ ജനുവരി 22 മുതൽ പ്രത്യേക ഓഫീസ് ആരംഭിക്കും – മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനായി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ പ്രത്യേക ഓഫീസ് ഒരുക്കുന്നതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എംഎൽഎയുമായ ഡോ ആർ ബിന്ദു അറിയിച്ചു.

ജനുവരി 29,30,31 തീയതികളിലാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനായി വസ്തുവിന്റെ അസ്സൽ രേഖകൾ ഹാജരാക്കേണ്ടത്. ഇതിന് മുന്നോടിയായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മുഴുവൻ സംശയങ്ങളും പരിഹരിക്കുന്നതിനും നേരത്തെ രേഖകൾ കൈവശമുള്ളവർക്ക് അത് സമർപ്പിക്കുന്നതിനും ആണ് പ്രത്യേക ഓഫീസ് ആരംഭിക്കുന്നത്.

പദ്ധതിബാധിതരുടെ സൗകര്യം കണക്കിലെടുത്താണ് തൃശ്ശൂർ LA ജനറൽ ഓഫീസിൽ രേഖകൾ സമർപ്പിക്കുന്നതിന് പകരം ഇരിങ്ങാലക്കുടയിൽ പ്രത്യേക ഓഫീസ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനുവരി 22ന് രാവിലെ 10 മണി മുതൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു വ്യക്തമാക്കി.

You cannot copy content of this page