നാലരവർഷം പിന്നിട്ടിട്ടും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 4 ഗ്രാമപഞ്ചായത്തുകൾക്ക് ടി.എൻ പ്രതാപൻ എം.പി ഫണ്ട് അനുവദിച്ചില്ലെന്ന ആരോപണവുമായി സി.പി.ഐ – റെയിൽവ വികസനത്തിനായും ഫണ്ടിൽ ഒന്നും തന്നെ ചിലവഴിച്ചില്ലെന്നും

ഇരിങ്ങാലക്കുട : തൃശൂർ ലോകസഭ മണ്ഡലത്തിൽ ഉൾപ്പെട്ട ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നാലര വർഷം പിന്നിട്ടപ്പോൾ ടി.എൻ . പ്രതാപൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ട് 4 ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിക്കപ്പെട്ടില്ല എന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി.

പടിയൂർ, കാറളം, കാട്ടൂർ, പൂമംഗലം ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടെ നിരവധി ഗ്രാമപഞ്ചായത്തുകളെ 31.10.2023 വരെ യുള്ള കാലയളവിൽ എം.പി ഫണ്ട് അനുവദിച്ചപ്പോൾ പരിഗണിച്ചില്ല എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ എം.പിക്ക് പ്രാദേശിക വികസന ഫണ്ട് ഉൾപ്പടെ ഒമ്പത് കോടി തൊണ്ണൂറ്റി ഒമ്പത് ലക്ഷത്തി പതിനെട്ടാ യിരം രൂപ ലഭിച്ചു. അതിൽ ഏഴു കോടി പതിനഞ്ച് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം രൂപയാണ് ചിലവഴിക്കപ്പെട്ടത്.

ഇരിങ്ങാലക്കുട, ഗുരുവായൂർ, ചാവക്കാട്, മുനിസിപ്പാലിറ്റികളും, തൃശൂർ കോർപ്പറേഷനും, 44 ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടുന്ന തൃശൂർ ലോക സഭ മണ്ഡലത്തിൽ 74 പദ്ധതികൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. 7 റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടുന്ന പാർലിമെന്റ് മണ്ഡലത്തിൽ റെയിൽവ വികസനത്തിനായി എം.പി യുടെ വികസന ഫണ്ടിൽ ഒന്നും തന്നെ ചിലവഴിച്ചില്ല. പ്രാദേശിക വികസന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിലും പുതിയ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നതിലും എം.പി പരാജയപ്പെട്ടതായി പ്രസ്താവനയിൽ സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കുറ്റപ്പെടുത്തി.

You cannot copy content of this page