ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവവും അതിനോട് അനുബന്ധിച്ച് എക്സിബിഷൻ നടന്ന ഗ്രൗണ്ടും സ്ഥിതിചെയ്യുന്ന കൊട്ടിലാക്കൽ പറമ്പിലെ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തെക്കേ മതിലിടവഴിക്ക് സമീപമുള്ള റോഡരികിൽ കുഴിച്ചുമൂടി. പരാതി കിട്ടിയതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്ക്ക് എത്തി കുഴിച്ചുമൂടി ഇടങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി. നഗരസഭ ഹരിത കർമ്മ സേന ഇവ വേർതിരിച്ചെടുത്തതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ കത്തിച്ചു കളയുവാനും, പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങൾ ശേഖരിച്ചുവച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുവാനും ദേവസ്വം അധികൃതർക്ക് അറിയിപ്പ് കൊടുത്തിട്ടുണ്ടെന്ന് നഗരസഭ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
കൂടൽമാണിക്യം മതിലിടവഴിയിൽ വെടിപ്പുരയ്ക്ക് പുറകിൽ ഇപ്പോൾ ദേവസ്വം ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം കൊട്ടിലാക്കൽ പറമ്പിലും തച്ചുടകൈമൾ ബംഗ്ലാവ് പറമ്പിലും ആദ്യകാലത്ത് തോടുകളും, ചെറിയ കുളങ്ങളും സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോൾ മാലിന്യങ്ങൾ മണ്ണിട്ടും നികത്തി കൊണ്ടിരിക്കുന്നത്. നിലവിൽ ഇപ്പോൾ ഇവിടെ ഒരു കുളം മാത്രമേ കാണുവാൻ സാധിക്കുന്നുള്ളൂ.
ആദ്യ കാലത്ത് വെടിപ്പുരക്ക് തെക്ക് കൈമൾ ബംഗ്ളാവിലേക്കുള്ള വഴിയുടെ കിഴക്ക് ഭാഗത്ത് ഏഴ് തോടുകളും പടിഞ്ഞാറ് ഭാഗത്ത് അഞ്ച് തോടുകളും നിലവിലുണ്ടായിരുന്നു. ഇവയെല്ലാം കുട്ടൻകുളത്തിൽ നിന്നും റോഡിനടിയിലൂടെയുള്ള തോടുമായി ബന്ധപെടുത്തിയിരുന്നു. കടുത്ത വേനലയിൽ പോലും ആദ്യകാലങ്ങളിൽ വെള്ളം ശേഖരിച്ചു വച്ചിരുന്നത് ഇത്തരം തോടുകളും കുളങ്ങളുമാണ് .
കൊട്ടിലാക്കൽ പറമ്പിൽ ഇപ്പോൾ ആയുർവേദ ഡിസ്‌പെൻസറി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്‍റെ സ്ഥാനത്ത് 2000 തുടക്കം വരെ വലിയ ഒരു കുളം ഉണ്ടയിരുന്നു, പിന്നീട അത് നികത്തപെടുകയായിരുന്നു. കൈമൾ ബംഗ്ലാവ്‌ന് സമീപം രണ്ട് കുളങ്ങൾ കൂടി ഉണ്ടായിരുന്നു. അതോടൊപ്പം ഒരു വലിയ കിണറും.
എല്ലാ ഉത്സവകാലങ്ങളിലും, നാലമ്പല തീർത്ഥാടന കാലഘട്ടത്തിലും ഉണ്ടാകുന്ന ജൈവ, അജൈവ മാലിന്യങ്ങൾ പലതും ദേവസ്വവും കരാറുകാരും ഈ മേഖലയിലാണ് നിക്ഷേപിക്കാറ്. ഉണ്ടായിരുന്ന തോടുകളുടെ ബാക്കി നികന്നുകൊണ്ടിരിക്കുന്നത് ഇത്തരം അശാസ്ത്രീയമായ പ്രവർത്തികൾ കൊണ്ടാണ്. നിലവിൽ ഇവിടെയുള്ള കുളത്തിനും ഇത്തരം നികത്തൽ പ്രക്രിയ ഭീഷണിയാണ്
എന്നാൽ ദേവസ്വത്തിന്‍റെ നയം കുളങ്ങൾ നടത്തുകയല്ല പകരം കുളങ്ങളും കാവുകളും സംരക്ഷിക്കുകയാണെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. കൂടൽമാണിക്യം പടിഞ്ഞാറെ നടയിൽ ഊട്ടുപുരയ്ക്ക് പുറകിലുള്ള ഖാദിപ്പറമ്പിലെ നശിച്ചുപോയ കുളം കൽക്കട്ട് കെട്ടി സംരക്ഷിച്ചത് ഉദാഹരണമായി അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിട്ടു മൂടുന്നത് ദേവസ്വം പ്രോത്സാഹിപ്പിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാം എന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെ മുതൽ ജെ.സി.ബി ഉപയോഗിച്ചാണ് ഈ മേഖലയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും, 10 ദിവസത്തെ ഉത്സവത്തിന് ശേഷം മതിൽക്കെട്ടിന് പുറത്ത് ഉപേക്ഷിച്ച നിലയിൽ ഉള്ള പാദരക്ഷകളും, ആനകൾക്ക് കൊടുത്ത പട്ടയുടെ അവശിഷ്ടങ്ങളും ഇവിടെ കുഴിച്ചുമൂടാൻ ആരംഭിച്ചത്.
കഴിഞ്ഞ സീസണിൽ ഇവിടെ ഉത്സവത്തിന് വന്ന ആനകൾക്ക് കൊടുത്ത പനംപട്ടയും, അതിനോടനുബന്ധിച്ചുള്ള മാലിന്യങ്ങളും ഇതേ രീതിയിൽ മണ്ണിട്ട് മൂടിയിരുന്നു. ഇവിടെ നിലവിലുണ്ടായിരുന്ന ചെറുകുളങ്ങലും തോടുകളും കാടുകയറിയും സംരക്ഷിക്കാതെയും, കൂട്ടത്തിൽ ഇത്തരം മനപ്പൂർവമായുള്ള നികത്തൽ പ്രക്രിയകളിലൂടെ ഇല്ലാതാക്കുകയായിരുന്നു.
കൂടൽമാണിക്യം ദേവസ്വത്തിന്‍റെ അധീനതയിലുള്ള കൊട്ടിലാക്കൽ പറമ്പിലും തച്ചുട കൈമൾ ബംഗ്ലാവ് പറമ്പിലും പല വികസന പ്രവർത്തനങ്ങളുടെ ഭാഗമായും, മാലിന്യങ്ങൾ ഇട്ടു മൂടിയും ഭൂരിപക്ഷം കുളങ്ങളും തോടുകളും ഇല്ലാതായി. വലിയ കുളങ്ങൾ സംരക്ഷിക്കുന്ന കൂട്ടത്തിൽ തന്നെ ഇത്തരം ചെറിയ നീരുറവകളും തോടുകളും കുളങ്ങളും സംരക്ഷിക്കേണ്ടത് ദേവസ്വത്തിന്‍റെ ഉത്തരവാദിത്തമാണ്.
ഗ്രീൻ പ്രോട്ടോക്കോളും പരിസ്ഥിതി വാദവും പറയുന്ന അധികാരികൾ തന്നെയാണ് പതിയെ പതിയുള്ള ഇത്തരം പ്രവർത്തനങ്ങളിലൂടെ ജലസ്രോതസ്സുകൾ മൂടുന്നതും ഈ മേഖലയിലെ ആവാസവ്യവസ്ഥക്ക് തന്നെ കോട്ടംതട്ടുന്ന രീതിയിൽ വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്നതും.
ഭരണ നിർവഹണത്തിൽ പരിസ്ഥിതി അനുകൂല നിലപാടുകൾ കർശനമാക്കാൻ കൂടൽമാണിക്യം ഭരണസമിതി കൂടുതൽ ആർജവം കാണിക്കുമെന്ന് പ്രതീഷിക്കാം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com