കൗതുകമായി ക്രൈസ്റ്റ് കോളേജിലെ നീലത്തിമിംഗല മാതൃക

ഇരിങ്ങാലക്കുട : വിദ്യാർത്ഥികളിലും ഗവേഷകരിലും കൗതുകമുണർത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ നീലത്തിമിംഗല മാതൃക ശ്രദ്ധേയമാകുന്നു. ഏകദേശം 50 വർഷങ്ങൾക്കു മുൻപ് കോളേജിനു ലഭിച്ച നീലത്തിമിംഗലത്തിൻ്റെ അസ്ഥികൂടം ഉൾക്കൊള്ളിച്ചാണ് പുതിയ മാതൃക കോളേജിൽ ഒരുക്കിയിരിക്കുന്നത്.

1970ലാണ് കോളേജിൻറെ അന്നത്തെ പ്രിൻസിപ്പാൾ ആയിരുന്ന പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ചിറമേലിൻ്റെ ശ്രമഫലമായി നീലതിമിംഗലത്തിൻ്റെ യഥാർത്ഥ അസ്ഥികൂടം കോളേജിന് ലഭിച്ചത്. കോളേജിലെ അന്നത്തെ ടാക്സിഡെർമിസ്റ്റായിരുന്ന കെ. കെ. അംബുജാക്ഷൻ ഈ അസ്ഥിപഞ്ജരം ശേഖരിച്ച് കേട് കൂടാതെ കോളേജ് മ്യൂസിയത്തിൽ സൂക്ഷിച്ചു. പിന്നീട് കോളേജിൻറെ പുനരുദ്ധാരണ സമയത്ത് ഇത് സമീപത്തുള്ള ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലേക്ക് മാറ്റിയെങ്കിലും വിദ്യാർഥികൾക്കും ഗവേഷകർക്കും കൂടുതൽ ഉപകാരപ്പെടുന്നതിനായി ക്രൈസ്റ്റ് കോളേജിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

continue reading below...

continue reading below..ഏകദേശം 50 അടി നീളമുള്ള നീലത്തിമിംഗല മാതൃകയാണ് കോളേജിൽ ഒരുക്കിയിരിക്കുന്നത്. നീല തിമിംഗലത്തിൻ്റെ ആവാസവ്യവസ്ഥ അതേ രീതിയിൽ പുനഃസൃഷ്ടിച്ചാണ് ഇത് സംരക്ഷിച്ചിരിക്കുന്നത്. നീലതിമിംഗലത്തിൻ്റെ പ്രത്യേകതകളും ആവാസവ്യവസ്ഥകളും ജീവിതരീതിയുമൊക്കെ വിശദീകരിക്കുന്ന ദൃശ്യ-ശ്രാവ്യ സംവിധാനവും ഇതിനോട് ചേർന്ന് ഒരുക്കിയിരിക്കുന്നു. കോളേജിലെ സുവോളജി ബ്ലോക്കിനോട് ചേർന്നു ഒരുക്കിയിരിക്കുന്ന ഈ മാതൃക നിരവധി പേർ ഇതിനോടകം സന്ദർശിച്ചു.കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിലും പ്രിൻസിപ്പാൾ ഡോ. ഫാദർ ജോളി ആൻഡ്രൂസും ചേർന്ന് തിമിംഗല മാതൃക വിദ്യാർഥികൾക്കായി തുറന്നുകൊടുത്തു. നിരവധി കലാകാരൻമാരുടെ ശ്രമഫലമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ആവാസ മാതൃക വിജ്ഞാന കുതുകികൾക്ക് ഉപകാരപ്രദമാകുമെന്ന് ഈ സംരംഭത്തിന് ചുക്കാൻ പിടിച്ച കോളേജ് ബസാർ ഫാ. വിൻസെൻറ് നീലങ്കാവിൽ അഭിപ്രായപ്പെട്ടു. ഇന്നും നാളെയും (16, 17 തീയതികളിൽ) സമീപത്തെ സ്കൂൾ വിദ്യാർഥികൾക്കായുള്ള പ്രത്യേക പ്രദർശനവും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

You cannot copy content of this page