ആശ്ചര്യചൂഡാമണിയിലെ പർണ്ണശാലാങ്കം കൂടിയാട്ടത്തിൽ ലക്ഷ്മണനായി മാർഗി മധു ചാക്യാരും ലളിതയായി ഉഷാ നങ്ങ്യാരും രണ്ടു ദശകങ്ങൾക്ക് ശേഷം ഒരുമിച്ച് അരങ്ങിലെത്തി

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചുച്ചാക്യാർ സ്മാരക ഗുരുകുലത്തിന്‍റെ 15-ാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൽ അരങ്ങേറിയ ഗുരു അമ്മന്നൂർ ആട്ടപ്രകാരമെഴുതിയ ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി നാടകത്തിലെ പർണ്ണശാലാങ്കത്തിൽ ലക്ഷ്മണനായി മാർഗ്ഗി മധുവും, ലളിത (ശൂർപ്പണഖ) യായി ഉഷാ നങ്ങ്യാരും രംഗത്തെത്തി.

സമകാലകൂടിയാട്ടവേദിയിലെ ഏറ്റവും പ്രഗത്ഭരായ ഈ രണ്ടു മുതിർന്ന കലാകാരർ ഇരുപതു വർഷങ്ങൾക്ക് ശേഷമാണ് ഒരുമിച്ച് അരങ്ങിലെത്തിയത്. കാലടി സംസ്കൃത സർവ്വകലാശാലയിലെ തിയേറ്റർ വിഭാഗംഅദ്ധ്യാപകർ കൂടിയാണ് ഇരുവരും.

ഈ പ്രത്യേകത കൊണ്ട് തന്നെ കൂടിയാട്ടം കാണാൻ പതിവിൽ കൂടുതൽ ആസ്വാദകർ അമ്മന്നൂർ ഗുരുകുലത്തിൽ എത്തിയിരുന്നു. കോവിഡിന് ശേഷം സദസ്സ് ഇതുപോലെ തിങ്ങിനിറഞ്ഞത് ആദ്യമായാണെന്ന് സംഘാടകർ പറഞ്ഞു. കൂടിയാട്ട ആസ്വാദകർക്കിടയിൽ തലമുതിർന്നവർ മുതൽ ഇളംതലമുറക്കാർ വരെ ഒരുമിച്ചത് മാധവനാട്യഭൂമിയെ മറ്റൊരു സംഗമ വേദിയാക്കി മാറ്റി.

മിഴാവിൽ കലാമണ്ഡലം രാജീവും കലാമണ്ഡലം ഹരിഹരനും , കലാമണ്ഡലം മണികണ്ഠനും ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണനും, മൂർക്കനാട് ദിനേശൻ, താളത്തിൽ കപില വേണു , സരിതാകൃഷ്ണകുമാർ , ആതിരാ ഹരിഹരൻ , ഗുരുകുലം ശ്രുതി എന്നിവരും ചമയത്തിൽ കലാമണ്ഡലം സതീശനും പങ്കെടുത്തു.

ഗുരുസ്മരണ മഹോത്സവത്തിന്റെ ഭാഗമായ ആചാര്യ സ്മൃതി കലാമണ്ഡലം മുൻ വൈസ്ചാൻസലർ ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്തു. ഗുരു വേണു ജി ആചാര്യവന്ദനം നടത്തി. ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം നാരായണൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.

അടുത്ത കാലത്ത് അന്തരിച്ച കൂടിയാട്ടം കേന്ദ്രയുടെ മുൻ ഡയറക്ടർ ബാലശങ്കർ മന്നത്ത്, ചിത്രൻ നമ്പൂതിരിപ്പാട് എന്നിവരെ വേണു . ജി. അനുസ്മരിച്ചു. ഉത്ഘാടനത്തെ തുടർന്ന് ആശ്ചര്യചൂഡാമണി നാടകവും കൂടിയാട്ടവും എന്ന വിഷയത്തിൽ ഡോ. കെ ജി പൗലോസ് പ്രഭാഷണം നടത്തി.

ആചാര്യസ്മൃതിയോഗത്തിന് ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം സെക്രട്ടറി സൂരജ് നമ്പ്യാർ നന്ദിയും പറഞ്ഞു.

ജൂൺ 29 മുതൽ ജൂലായ് 3 വരെയാണ് ഇരിങ്ങാലക്കുട ചാച്ചുച്ചാക്യാർ ഗുരുകുലത്തിന്റെ 15-ാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവം. രണ്ടാം ദിവസമായ ജൂൺ 30 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപികയായ ഡോ. സി കെ ജയന്തി ഗ്രന്ഥപാഠവും രംഗപാഠങ്ങളും കൂടിയാട്ടത്തിൽ എന്ന വിഷയത്തിൽ പ്രബന്ഥം അവതരിപ്പിക്കും തുടർന്ന് 6 ന് ധനഞ്ജയം രണ്ടാമങ്കം കൂടിയാട്ടം അരങ്ങേറും ബലരാമനായി ഗുരുകുലം തരുൺ കൃഷ്ണനായി സൂരജ് നമ്പ്യാർ എന്നിവർ അരങ്ങിലെത്തും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page