ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടം; സുരക്ഷാനിയമം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ തോമസ് ഉണ്ണിയാടന്റെ ശ്രദ്ധ ക്ഷണിക്കൽ

ഇരിങ്ങാലക്കുട : കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുന്ന റോഡ് അപകടങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്നതും അത് ജീവനും പൊതുസുരക്ഷയ്ക്കും ഭീഷണിയാകുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനു തടയിടാനായി സുരക്ഷാനിയമം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ തോമസ് ഉണ്ണിയാടന്റെ ശ്രദ്ധ ക്ഷണിക്കൽ.



250 വാട്സിൽ താഴെ ശേഷിയുള്ള ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾ നിലവിൽ മോട്ടോർ വാഹനങ്ങളുടെ നിർവചന പരിധിയിൽ വരാത്തതിനാൽ അവ ഓടിക്കുന്നവർ മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ല. അതിനാൽ ഇത്തരം വാഹനങ്ങളിൽ ഹെൽമെറ്റ് വയ്ക്കാതെ സഞ്ചരിക്കുന്നവരും രണ്ടിലധികം പേർ സഞ്ചരിക്കുന്നവരും കൃത്രിമമായി വാട്ടേജ് വർദ്ധന വരുത്തി അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരും നിരവധി അപകടങ്ങൾ വരുത്തി വെക്കുന്നുണ്ട്.



കൂടാതെ പ്രായപൂർത്തിയാകാത്തവരും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവരും ഇത്തരം വാഹനങ്ങൾ ധാരാളമായി ഒരു നിയന്ത്രണവും ഇല്ലാതെ നിരത്തിലിറക്കുന്നു. അതിന്റെയൊരു പരിണിതഫലമായി നിരവധി വിലപ്പെട്ട മനുഷ്യ ജീവനുകളാണ് ഈ അടുത്തകാലത്ത് കേരളത്തിന്റെ നിരത്തുകളിൽ പൊലിഞ്ഞിരിക്കുന്നത്. മോട്ടോർ വാഹന നിയമത്തിന്റെ പരിധിയിൽ വരാത്തതിനാൽ, ചികിത്സയ്ക്കോ ആശ്രിതർക്കോ ഇൻഷുറൻസ് സമാശ്വാസങ്ങൾ പോലും ലഭിക്കുന്നില്ല.



പൊതുനിരത്തുകൾ ഉപയോഗിക്കുന്ന ഇവരുടെ സുരക്ഷ കൂടി പരിഗണിച്ച് ഹെൽമെറ്റ് പോലെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഇത്തരം വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും നിർബന്ധമാക്കുന്ന ഒരു സുരക്ഷ നിയമം നടപ്പിലാക്കേണ്ടത് നമ്മുടെ നാടിന്റെയും കാലഘട്ടത്തിന്റെയും ആവശ്യമാണെന്നാണ് ശ്രദ്ധ ക്ഷണിക്കലിലൂടെ ഉണ്ണിയാടൻ ആവശ്യപ്പെട്ടത്. ഇരിങ്ങാലക്കുടയിലെ ആളൂരിൽ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച ജുവിൻ രാജുവിനെയും ഗുരുതരമായി പരിക്കേറ്റ അനന്തകൃഷ്ണനെയും അദ്ദേഹം സഭയിൽ പരാമർശിച്ചു.



കേന്ദ്ര മോട്ടോർ വാഹന നിയമവുമായി സംഘർഷമുണ്ടാക്കാതെ സ്റ്റേറ്റ് ലിസ്റ്റിലോ കൺകറന്റ് ലിസ്റ്റിലോ ഉള്ള മറ്റ് എൻട്രികൾ ഉപയോഗിച്ച് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമത്തിൽ (എം വി ആക്റ്റ് ) തൊടാതെ തന്നെ ഇ-സ്കൂട്ടർ സുരക്ഷയ്ക്കായി മറ്റ് നിയമങ്ങൾ കൊണ്ടുവരാൻ സാധിക്കുമോ എന്ന് പരിശോധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


കേന്ദ്ര മോട്ടോർ വാഹന നിയമം സെക്ഷൻ 138 (1എ) പ്രകാരം സംസ്ഥാന സർക്കാരിനുള്ള ചട്ട നിർമാണ അവകാശം ഉപയോഗിച്ച് ഈ വിഷയത്തിൽ പരിഹാര നടപടികൾ സ്വീകരിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ മറുപടി നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page