CISCE പെൺകുട്ടികളുടെ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് നാളെ ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ വേദിയാകുന്നു

ഇരിങ്ങാലക്കുട : സി ഐ എസ് സി ഇ (CISCE) കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (Council for the Indian school Certificate Examination) യുടെ ആഭിമുഖ്യത്തിൽ ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ, ഇരിങ്ങാലക്കുടയിൽ ദേശീയതല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് നടത്തുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 16 റീജിയണുകളിൽ നിന്നായി 250 ഓളം പെൺകുട്ടികൾ പങ്കെടുക്കുന്ന ഈ ചാമ്പ്യൻഷിപ്പിന് ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ വേദിയാകും. സി.ഐ.എസ്.സി.ഇ (CISCE) യുടെ സ്‌പോർട്‌സ് ആൻഡ് ഗെയിംസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ നിന്ന് സോണൽ, റീജിയണൽ, ദേശീയതലം വരെയുള്ള വിവിധ കായിക മത്സരങ്ങൾ നടത്തപ്പെടാറുണ്ട്.

ദേശീയതല ടേബിൾ ടെന്നീസ് പെൺകുട്ടികളുടെ വിഭാഗത്തിന്റെ മത്സരങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് 29 ന് രാവിലെ 11 മണിയ്ക്ക് പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി നിർവ്വഹിക്കും. ആഗസ്റ്റ് 31ന് നടക്കുന്ന സമാപന ചടങ്ങിൽ ഇരിങ്ങാലക്കുട ആർ ഡി ഓ ഷിബു പോൾ മുഖ്യാതിഥി ആയിരിക്കും.

ഡോൺ ബോസ്കോ സ്കൂളുകളുടെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ, സി.ഐ.എസ്.സി.ഇ (CISCE) കേരള റീജിയൻ സ്‌പോർട്‌സ് കോ-ഓർഡിനേറ്ററും എ.എസ്.ഐ. എസ്. സി (ASISC) കേരള റീജിയൻ സെക്രട്ടറിയുമായ ഫാ. ഷിനോ കളപ്പുരയ്ക്കൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ഷിബു ഡേവിസ്, സ്പിരിച്വൽ ആനിമേറ്റർ ഫാ. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, ചീഫ് റഫറിയും ടി.ഡി.ടി.ടി.എ (TDTTA) സെക്രട്ടറിയുമായ ജോസഫ് ചാക്കോ മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡന്റ് അലക്സ് സുരേഷ്, പി.ടി.എ പ്രസിഡന്റ് ശാരിക ശിവപ്രസാദ്, സ്‌പോർട്‌സ് കോ-ഓർഡിനേറ്റർ ബിന്ദു ബാബു,കായികാധ്യാപകൻ ജിതിൻ രാജ്, ടേബിൾ ടെന്നീസ് കോച്ച് സോമു ബാനർജി എന്നിവർ വേദിയിൽ സന്നിഹിതരായിരിക്കും.

ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ഈ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് സ്കൂളിന്റെ കായികരംഗത്തെ മികവിനും മികച്ച കായിക അടിസ്ഥാന സൗകര്യങ്ങൾക്കുള്ള അംഗീകാരവുമായി കരുതുന്നു. ഈ മത്സരങ്ങളിൽ വിജയിക്കുന്ന വിദ്യാർത്ഥികൾ, ഐ സി എസ് ഇ (ICSE)സ്കൂളുകളിൽ നിന്നും SGFI സ്കൂൾ ഗെയിം ഫെഡറേഷൻ ഓഫ് ഇന്ത്യ (School Game Federation of India) യുടെ മത്സരങ്ങളിൽ പങ്കെടുക്കും.

You cannot copy content of this page