
ഇരിങ്ങാലക്കുട : മൂന്നാം ഊഴവും കേരളത്തിൽ എൽഡിഎഫിന് ആകട്ടെ എന്ന് ജനങ്ങളുടെ തീരുമാനത്തെ അട്ടിമറിക്കാൻ ബേപ്പൂർ മോഡൽ സംഖ്യത്തിന്റെ വിപുലീകരണവുമായി കോൺഗ്രസ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ (പി കെ ചാത്തൻ മാസ്റ്റർ നഗറിൽ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ആ തീരുമാനത്തെ മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതിനായി എന്ത് തലതിരിഞ്ഞ പ്രവൃത്തികളും അവർ ചെയ്യും. ബിജെപിയുമായി വലിയ ചങ്ങാത്തത്തിലാണ് യുഡിഎഫ്. വടകര, ബേപ്പൂർ മോഡൽ സംഖ്യത്തിന്റെ തഴമ്പാണ് കോൺഗ്രസിന്റെ കൈപ്പത്തിയിൽ. എസ്ഡിപിയെ അടക്കം പുതുരൂപങ്ങളെ ചേർത്തുകൊണ്ട് ആ പഴയ സംഖ്യം വിപുലീകരിച്ചിരിക്കുകയാണിന്ന് കോൺഗ്രസും യുഡിഎഫും. എല്ലാ അടവും പയറ്റിയാലും കോൺഗ്രസിന്റെ ആ നീക്കത്തെ ജനങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ സിപിഐ സംസ്ഥാന എക്സി.അംഗം സി എൻ ജയദേവൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുഷ്പചക്രം സമർപ്പിച്ച രക്തിസാക്ഷിമണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രതിനിധി സമ്മേളന വേദിയിലേക്കെത്തിയത്. കുമാരി അനുഷ്കാ സനീഷും സംഘവും സ്വാഗതഗാനം ആലപിച്ച് പ്രതിനിധികളെ വരവേറ്റു.
സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ.ടി ആർ രമേഷ്കുമാർ രക്തസാക്ഷി പ്രമേയവും ജില്ലാ എക്സി.അംഗം കെ ജി ശിവാനന്ദൻ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച കാനം രാജേന്ദ്രനും ദേശീയ സെക്രട്ടേറിയറ്റംഗമായിരിക്കെ അന്തരിച്ച അതുൽകുമാർ അഞ്ജാനും പ്രത്യേകം അനുശോചനം രേഖപ്പെടുത്തി.
കെ വി വസന്തകുമാർ ചെയർമാനും കെ എസ് ജയ, ഇ ടി ടൈസൺ മാസ്റ്റർ, എൻ കെ ഉദയപ്രകാശ്, ബിനോയ് ഷെബീർ എന്നിവർ അംഗങ്ങളുമായ പ്രസീഡിയവും പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങിയ സിറ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. മറ്റു നടപടികൾ കൈകാര്യം ചെയ്യുന്നതിനായി ടി കെ സുധീഷ് കൺവീനറായ പ്രമേയ കമ്മിറ്റിയും ടി പ്രദീപ് കുമാർ കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും രാഗേഷ് കണിയാംപറമ്പിൽ കൺവീനറായ മിനിറ്റ്സ് കമ്മിറ്റിയും സമ്മേളനം തിരഞ്ഞെടുത്തു. സംഘാടക സമിതി ജനറൽ കൺവീനർ ടി കെ സുധീഷ് സ്വാഗതം പറഞ്ഞു. ജൂലായ് 13 വരെയാണ് സമ്മേളനം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
