ചരിത്ര നേട്ടവുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് : അഞ്ച് ബി ടെക് പ്രോഗ്രാമുകൾക്കും എൻ.ബി.എ അക്ക്രഡിറ്റേഷൻ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിലെ എല്ലാ ബ്രാഞ്ചുകൾക്കും അന്താരാഷ്ട്ര നിലവാരത്തിൻ്റെ അംഗീകാര മുദ്രയായ എൻ. ബി. എ. അക്ക്രഡിറ്റേഷൻ ലഭിച്ചു. ക്രൈസ്റ്റിലെ സിവിൽ , കമ്പ്യൂട്ടർ സയൻസ് , ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് , ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ , മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ബി ടെക് കോഴ്സുകളാണ് എൻ. ബി. എ.യുടെ അക്ക്രഡിറ്റഡ് പട്ടികയിൽ ഇടം നേടിയത്.

എൻ. ബി. എ. നിയോഗിച്ച പതിനൊന്നംഗ വിദഗ്ധ സമിതി ഡിസംബറിൽ നടത്തിയ വിലയിരുത്തലിൻ്റെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അധ്യയന പ്രക്രിയ, പ്ലേസ്മെൻ്റ്, വിജയശതമാനം, ലാബ് സൗകര്യങ്ങൾ ഗവേഷണ പ്രവർത്തനങ്ങൾ, കൺസൾട്ടൻസി തുടങ്ങിയവ സമിതിയുടെ വിശദമായ വിലയിരുത്തലിന് വിധേയമായി.

രാജ്യത്തെ എൻജിനീയറിങ്, മാനേജ്മെൻ്റ് മേഖലകളിലെ കോളേജുകളുടെ ഗുണനിലവാരം ഉറപ്പാക്കാനായി ‘വാഷിങ്ടൺ അക്കോർഡ്’ പ്രകാരം രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് നാഷണൽ ബോർഡ് ഓഫ് അക്ക്രഡിറ്റേഷൻ (എൻ ബി എ). എൻ ബി എ യുടെ അംഗീകാരമുള്ള പ്രോഗ്രാമുകൾ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് അക്കോർഡിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ പഠനത്തിനും തൊഴിലിനും കൂടുതൽ അവസരങ്ങൾ ലഭിക്കും. ഗവേഷണ ഫണ്ടുകൾ ലഭിക്കാനും, സ്വയം ഭരണ പദവിയിലേക്കുള്ള വളർച്ചയ്ക്കും കോളേജിന് എൻ ബി എ അക്ക്രഡിറ്റേഷൻ സഹായകമാകും.



പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, ഡയറക്ടർ റിസർച്ച് ഡോ. എലിസബത്ത് ഏലിയാസ്, ഡയറക്ടർ അക്കാദമിക്സ് ഡോ. മനോജ് ജോർജ്, ഐ ക്യു എ സി കോ ഓർഡിനേറ്റർ ഡോ. കാരൻ ബാബു, വിവിധ വിഭാഗങ്ങളുടെ മേധാവിമാരായ ഡോ. എം ടി സിജോ, ഡോ. വിൻസ് പോൾ, ഡോ. എ എൻ രവിശങ്കർ, ഡോ. എം ജി കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്ക്രഡിറ്റേഷൻ പ്രക്രിയയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകിയത്.

2015 ൽ സ്ഥാപിതമായ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ അഞ്ച് പഠന വിഭാഗങ്ങളിലായി ആയിരത്തി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ധാരണാ പത്രങ്ങളുടെ അടിസ്ഥാനത്തിൽ ഹൈക്കോൺ, നെസ്റ്റ് , ഗ്രഫീൻ ഓട്ടോമേഷൻ, മാറ്റർ ലാബ്സ് എന്നിങ്ങനെ ഇരുപത്തൊന്ന് കമ്പനികളുമായി യോജിച്ച് ഗവേഷണ, പരിശീലന പരിപാടികൾ നടന്നു വരുന്നു. ഡി എസ് ടി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിങ്ങനെ വിവിധ സർക്കാർ, സ്വകാര്യ ഏജൻസികളിൽ നിന്നായി ഫണ്ടഡ് പ്രോജക്ടുകൾക്കും കൺസൾട്ടൻസി പ്രവർത്തനങ്ങൾക്കുമായി അൻപത് ലക്ഷത്തിലേറെ രൂപയാണ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കോളേജിന് ലഭിച്ചത്.

സിംഗപ്പൂർ അണ്ടർ വാട്ടർ വെഹിക്കിൾ ചലഞ്ച്, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ, എസ് എ ഇ ഇ-ബാഹ, യങ് ഇന്നവേറ്റെഴ്സ് പ്രോഗ്രാം എന്നിവയടക്കം നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങളിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ മികവ് തെളിയിച്ചിട്ടുണ്ട്. അക്കാദമിക് പെർഫോമൻസ് ഇൻഡക്സിൽ കേരളത്തിലെ എൻജിനീയറിങ് കോളേജുകളിൽ അഞ്ചാമതും സ്വകാര്യ കോളേജുകളിൽ ഒന്നാമതും എത്താൻ ക്രൈസ്റ്റിന് കഴിഞ്ഞു.



കോളേജിൽ ചേർന്ന അനുമോദന യോഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ ഉദ്ഘാടനം ചെയ്തു. നിലവാരമുള്ള അധ്യയനവും കാലാനുസൃതമായ പ്രായോഗിക പരിശീലനവും വഴി ഫലാധിഷ്ടിത വിദ്യാഭ്യാസം ( ഔട്കം ബേസ്ഡ് എജ്യൂക്കേഷൻ ) നടപ്പിലാക്കിയതിലെ മികവിനാണ് കോളേജിന് ഈ അംഗീകാരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജോയിൻ്റ് ഡയറക്ടർമാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആൻ്റണി ഡേവിസ്, ഫാ. മിൽനർ പോൾ വിതയത്തിൽ എന്നിവർ അധ്യാപകരെയും വിദ്യാർത്ഥികളെയും അനുമോദിച്ചു.

You cannot copy content of this page