ഇരിങ്ങാലക്കുട : പ്രശസ്ത ചലച്ചിത്ര സംവിധായകൻ മോഹന്റെ അനുസ്മരണാർത്ഥം ഇരിങ്ങാലക്കുട പൗരാവലിയും മോഹൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ദൃശ്യമോഹനം 2015 ന് സമാപനമായി. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യുവ സംവിധായകനുള്ള പ്രഥമ മോഹൻ പുരസ്കാരം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മന്ത്രി ഡോ ആർ ബിന്ദുവും അനുപമ മോഹനനും ചേർന്ന് സമർപ്പിച്ചു.

കലാത്മകതയും ജനപ്രിയതയും സമന്വയിപ്പിച്ച് ഹൃദയംഗമമായ രീതിയിൽ സന്നിവേശിപ്പിച്ച സിനിമകളായിരുന്നു മോഹന്റേതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പത്മരാജനും കെജി ജോർജും ഭരതനും ആഘോഷിക്കപ്പെടുമ്പോൾ അവരോടൊപ്പം സഞ്ചരിച്ച അവരോളം പ്രതിഭാശാലിയായ മോഹനെ കേരളം വിസ്മരിക്കുകയാണെന്ന് സംവിധായകൻ കമൽ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ ഒരുതരത്തിലുള്ള വെള്ളം ചേർക്കലും നടത്താതെ തന്റെ സിനിമകൾ ചെയ്തുപോന്ന സംവിധായകനായിരുന്നു മോഹൻ എന്ന് സംവിധായകൻ സിബി മലയിൽ അഭിപ്രായപ്പെട്ടു.

മലയാള ചലച്ചിത്ര മേഖലയ്ക്ക് പാഠ പുസ്തകങ്ങൾ ആക്കാവുന്ന ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് മോഹനെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷയായിരുന്നു. കലാമണ്ഡലം ക്ഷേമാവതി, അനുപമ മോഹൻ, പ്രദീപ് മേനോൻ,മുൻ എംഎൽഎ കെ യു അരുണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, കെ ബി വേണു, പി ജി പ്രേംലാൽ, തിരക്കഥാകൃത്ത് അനന്തപത്മനാഭൻ, സിജി പ്രദീപ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി, സോണിയ ഗിരി, അഡ്വ. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. സത്യാഞ്ജലി കൊച്ചിയുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നൃത്ത പരിപാടികളും അരങ്ങേറിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive