അമ്മന്നൂർ ഗുരുസ്മരണ മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : പതിനേഴാമത് ഗുരു അമ്മന്നൂർ അനുസ്മരണവും ഗുരുസ്മരണ മഹോത്സവവും ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ആരംഭിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർ പേഴ്സൺമേരിക്കുട്ടി ജോയിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ.കെ.ജി പൗലോസ് ഉദ്ഘാടനം ചെയ്ത് നാട്യശാസ്ത്രവും കൂടിയാട്ടവും എന്ന വിഷയത്തിൽ അമ്മന്നൂർ സ്മാരക പ്രഭാഷണം നടത്തി.

പ്രമുഖ സംഘാടകനും കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡന്റുമായ രമേശൻ നമ്പീശൻ, നാടകസംവിധായകനായ ശങ്കർ വെങ്കിടേശ്വരൻ എന്നിവർ അമ്മന്നൂർ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി ഗുരു വേണു. ജി ആചാര്യവന്ദനം നടത്തി. ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം ട്രഷറർ സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.



അനുസ്മരണ സമ്മേളനത്തെ തുടർന്ന് ശൂർപ്പണഖാങ്കം കൂടിയാട്ടം അരങ്ങേറി. ശ്രീരാമനായി നേപത്ഥ്യ രാഹുൽ ചാക്യാർ സീതയായി ആതിര ഹരിഹരൻ എന്നിവർ രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം രാജീവ് ,കലാമണ്ഡലം ഹരിഹരൻ , നേപത്ഥ്യ ജിനേഷ് ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളത്തിൽ ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര ചമയം കലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു.

ഗുരുസ്മരണ മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച ഭവഭൂതിയുടെ മഹാവീരചരിതം ആറാമങ്കം അരങ്ങറും. ഡോ. രജനീഷ് ചാക്യാർ സംവിധാനം ചെയ്ത ഈ നാടകത്തിലെ കഥാഭാഗം രാവണന്റെ തപസ്സാട്ടം ആണ്. രാവണ മണ്ഡോദരി സംഭാഷണത്തിൽ രാവണൻവര ബലങ്ങൾ സമ്പാദിക്കുന്നതും ലങ്കയിൽ വരുന്നതുമായ കഥാഭാഗങ്ങളാണ് പ്രധാനപ്പെട്ട അഭിനയം. രാവണനായി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരും മണ്ഡോദരിയായി ഡോ. ഭദ്രയുംപി.കെ.എം രംഗത്തെത്തുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page