ഗുരുസ്മരണ മഹോത്സവത്തിൽ സെമിനാറും മായാസീതാങ്കം കൂടിയാട്ടവും

ഇരിങ്ങാലക്കുട: ഗുരു അമ്മന്നൂരിന്റെ അനുസ്മരണാർത്ഥം ഇരിങ്ങാലക്കുടയിലെ മാധവനാട്യഭൂമിയിലെ ഗുരുസ്മരണ മഹോത്സവത്തിന്റെ നാലാം ദിനം രാവിലെ സെമിനാർ നടന്നു . കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം .വി . നാരായണൻ ‘കൂടിയാട്ടത്തിന്റെ കാഴ്ച വഴികൾ’ എന്ന വിഷയവും കൂടിയാട്ടം കേന്ദ്ര ഡയറക്ടർ ഡോ.കണ്ണൻ പരമേശ്വരൻ ‘കല്പനാ വൃത്തിയിലെ പ്രേക്ഷക സ്വാധീനം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. വൈകിട്ട് ഡോ. കലാമണ്ഡലം കൃഷ്ണേന്ദു കൂടിയാട്ടത്തിലെ ആട്ടപ്രകാരങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് മായാസീതാങ്കം കൂടിയാട്ടം അരങ്ങേറി. കൂടിയാട്ടത്തിൽ രാമനായി നേപത്ഥ്യ യദുകൃഷ്ണൻ, മായാരാമനായി ഗുരുകുലം കൃഷ്ണദേവ്, ലക്ഷ്മണനായി നേപത്ഥ്യ രാഹുൽ ചാക്യാർ, മായാലക്ഷ്മണനായി ഗുരുകുലം തരുൺ, സീതയായി ഗുരുകുലം ശ്രുതി, മായാസീതയായി സരിതാ കൃഷ്ണകുമാർ, ശൂർപ്പണഖയായി മാർഗി സജീവ് നാരായണ ചാക്യാർ എന്നിവർ വേഷമിട്ടു. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, നേപത്ഥ്യ ജിനേഷ്, കലാമണ്ഡലം രാഹുൽ ടി.എസ്., നേപത്ഥ്യ അശ്വിൻ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ , മൂർക്കനാട് ദിനേശ് വാര്യർ, താളത്തിൽ ഗുരുകുലം അക്ഷര ,ഗുരുകുലം അതുല്ല്യ, ഗുരുകുലം ഗോപിക, ഗുരുകുലം വിഷ്ണു പ്രിയ, ചമയത്തിൽ കലാനിലയം ഹരിദാസ്, കലാനിലയം പ്രശാന്ത് എന്നിവർ പങ്കെടുത്തു. സമാപന ദിവസമായ തിങ്കളാഴ്ച അഭീഷ് ശശിധരൻ ‘രേഖപ്പെടുത്താത്ത രംഗപാഠങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും . തുടർന്ന് മാർഗി സജീവ് നാരായണ ചാക്യാർ , നേപത്ഥ്യ ശ്രീഹരി ചാക്യാർ എന്നിവർ വേഷമിടുന്ന അഗ്നിപ്രവേശാങ്കം കൂടിയാട്ടവും അരങ്ങേറും.