ഹനുമദ്ദൂതാങ്കം കൂടിയാട്ടം രാവണന്റെ പുറപ്പാട് ഇന്ന് – രാവണനായി ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അരങ്ങിലെത്തുന്നു

ഇരിങ്ങാലക്കുട : കൂടിയാട്ടം എന്ന ചിരപുരാതനവും അതേ സമയം നവനവോന്മിഷിതവുമായ കല അഭിനയമോഹികൾക്കും ആസ്വാദകർക്കും അത്ഭുതങ്ങളുടെ അക്ഷയഖനിയാണ്. ആഹാര്യാംഗികവാചികസാത്വികങ്ങൾ ചേരുംപടി ചേരുന്ന കൂടിയാട്ടത്തിന്റെ ആത്മാവ് നേത്രാഭിനയത്തിലാണെന്ന് നിസ്സംശയം പറയാം. ഭാസനാടകങ്ങൾ ഉൾപ്പെടെ നിരവധി കൃതികളെ അടിസ്ഥാനമാക്കിയാണ് കൂടിയാട്ടങ്ങൾ അവതരിപ്പിച്ച് പോരുന്നത്. അവയിൽ തന്നെ രാമായണം നാടകങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന പ്രതിമ, അഭിഷേകം ആശ്ചര്യചൂഡാമണി ഇവയ്ക്ക് നിസ്തുലമായ സ്ഥാനമാണുള്ളത്.

7 അങ്കങ്ങൾ വീതമുള്ള പ്രതിമയും ചൂഡാമണിയും, 6 അങ്കമുള്ള അഭിഷേകത്തിന്റെ ആറാമങ്കത്തിന്റെ ആമുഖരംഗമായ വിഷ്കംഭത്തിനെ പ്രഥമദ്വിതീയാങ്കം എന്ന പേരിൽ വ്യത്യസ്തമായ ഒരങ്കമായി മുറിച്ചെടുത്ത് ഏഴങ്കങ്ങളാക്കി 21 അങ്കങ്ങളാണ് രാമായണം കൂടിയാട്ടം. ഈ 21 അങ്കങ്ങൾ തുടർച്ചയായി ഏതാണ്ട് ഒരു കൊല്ലം കൊണ്ട് തൃപ്പൂണിത്തുറ പോലുള്ള രാജകേന്ദ്രങ്ങളിൽ പണ്ട് അവതരിപ്പിച്ചിരുന്നുവത്രേ. അടിസ്ഥാന കൂടിയാട്ടങ്ങൾ എന്നറിയപ്പെടുന്ന ബാലിവധം, തോരണയുദ്ധം, ശൂർപ്പണഖാങ്കം, സുഭദ്രാധനഞ്ജയം, തപതീസംവരണം എന്നിവയിലും രാമകഥകൾക്കാണ് പ്രാതിനിധ്യം കൂടുതൽ.

ഇവയിൽ അംഗുലീയാങ്കം എന്ന ചൂഡാമണി ആറാമങ്കത്തിന് ഏറെ പ്രാധാന്യമുണ്ട്. അനുഷ്ഠാനപരവും ഘടനാപരവും സൗന്ദര്യശാസ്ത്രപരവും അഭ്യാസപരവും ആയ നിരവധി പ്രത്യേകതകൾ ഈ അങ്കത്തിനുണ്ട്. ഇതേ പോലെ സൗന്ദര്യവും അഭിനയതീവ്രതയും ചിട്ടയും സമഞ്ജസിയ്ക്കുന്ന അങ്കമാണ് അതേ നാടകത്തിലെ അഞ്ചാമങ്കമായ അശോകവനികാങ്കം. ഈ രണ്ട് അങ്കങ്ങുടേയും പ്രത്യേകതകൾ സംഗമിയ്ക്കുന്ന അരങ്ങനുഭവമാണ് അഭിഷേകനാടകത്തിലെ രണ്ടാമങ്കമായ ഹനുമദ്ദൂതാങ്കം. കൂടിയാട്ടം ഒന്നാം ദിവസത്തിലെ രാവണനെ സൗന്ദര്യസാരം എന്നു തന്നെ പറയാം. അശോകവനികാങ്കത്തിലേയും ഹനുമദ്ദൂതാങ്കത്തിലേയും രാവണന്റെ പുറപ്പാട് പില്ക്കാലത്ത് കഥകളിയിലെ അഴകിയ രാവണനും ആശ്രയമായി.

പദ്മഭൂഷൺ അമ്മന്നൂർ മാധവച്ചാക്യാർ അരങ്ങുനിറഞ്ഞാടിയ സുന്ദരരാവണൻമാർ ഒരു തലമുറയുടെ കണ്ണിൽ നിന്നും മനസ്സിൽ നിന്നും ഇനിയും മാഞ്ഞിട്ടുണ്ടാവില്ല. അദ്ദേഹത്തിന്റെ ആട്ടവഴി പരുവപ്പെടുത്തിയെടുത്ത ശിഷ്യപരമ്പര ഘനവും സത്തയും ചോരാതെ സപര്യയെന്നോണം ഇന്നും അദ്ദേഹം ജീവൻ നല്കിയ വേഷങ്ങളെ ഉപാസിച്ചു കൊണ്ടിരിയ്ക്കുന്നു.

അമ്മാവൻമാരായ അമ്മന്നൂർ ദ്വന്ദങ്ങൾ പരമേശ്വര- മാധവന്മാരുടെ കളരിയും അരങ്ങുമാണ് അമ്മന്നൂർ ചെറിയ പരമേശ്വരൻ എന്ന അമ്മന്നൂർ കുട്ടൻ ചാക്യാർക്ക് ജീവനും ജീവിതവുമായത്. പരമേശ്വരച്ചാക്യാരുടെ നിഷ്ഠയും ചിട്ടയും അസംശയത്വവും മാധവച്ചാക്യാരുടെ സാത്വികാഭിനയവും ശിഷ്യനായ കുട്ടൻ ചാക്യാർക്ക് അമ്മാവൻമാർ ധാരാളമായി നല്കിയിട്ടുണ്ട്. ഭാവനയും ശാസ്ത്രബോധവും അദ്ദേഹത്തിന്റെ ശക്തിയാണ്.

കൂത്തിലും കൂടിയാട്ടത്തിലും ഒരേ പോലെ വ്യാപരിയ്ക്കുന്ന അദ്ദേഹം അരങ്ങിലും കളരിയിലും ജാഗ്രതയോടെ പ്രവർത്തയ്ക്കുന്നു. സംസ്കൃതപണ്ഡിതൻ കൂടിയായ അദ്ദേഹത്തെ കൂത്ത്, കൂടിയാട്ടം വിഷയങ്ങളിൽ ഏത് സംശയത്തിനും അഭിനേതാക്കളും പണ്ഡിതരും ആസ്വാദകലോകവും ആശ്രയിയ്ക്കാറുണ്ട്.

എഴുപത്തഞ്ചു വയസ്സിലെത്തിയിരിയ്ക്കുന്ന ഈ വേളയിൽ പ്രസിദ്ധമായ കൂടൽമാണിക്യം കൂത്തമ്പലത്തിൽ നടക്കുന്ന ഹനുമദ്ദൂതാങ്കം കൂടിയാട്ടത്തിൽ അശോകവനികയിൽ ഇരിയ്ക്കുന്ന സീതയെ കാണാൻ വെൺചാമരങ്ങളും ആലവട്ടങ്ങളും വെൺകൊറ്റക്കുടയും കുത്തു വിളക്കുകളുമായി രാജകീയ പ്രൗഢിയിൽ പ്രവേശിയ്ക്കുന്ന ശൃംഗാരമൂർത്തിയായ രാവണനായി ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ ഇന്ന് അരങ്ങിലെത്തുന്നു.

ഹരീഷ് നമ്പ്യാർ, നേപഥ്യ ജിനേഷ് ചാക്യാർ, മേധ നങ്ങ്യാർ, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ എന്നിവർ അരങ്ങിലെത്തും. കൂടിയാട്ടം, കഥകളി എന്നിവയിലെ ആഹാര്യ പ്രതിഭയായ കലാമണ്ഡലം സതീശൻ ചുട്ടിയൊരുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page