സൗകര്യവും സുരക്ഷയുമില്ല; പക്ഷെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലും പാർക്കിങ് നിരക്ക് കുത്തനെ വർധിപ്പിച്ചു – പാർക്കിങ്ങിൽ ഏതുനിമിഷവും നിലംപൊത്താൻ സാധ്യതയുള്ള മരങ്ങളും, പക്ഷിക്കാഷ്ഠ ശല്യവും

കല്ലേറ്റുംകര : ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്‌റ്റേഷനുകളിലെ പാർക്കിങ്‌ ഫീസ്‌ ജൂൺ ഒന്നു മുതൽ കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീയും കൂടിയിട്ടുണ്ട്..

സൗകര്യവും സുരക്ഷയും കൂട്ടാതെ പാർക്കിംഗ് നിരക്ക് വർധിപ്പിച്ചതിൽ യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. കൂടാതെ ഇവിടത്തെ പാർക്കിങ്ങിൽ ഏതുനിമിഷവും നിലം പൊത്താൻ സാധ്യതയുള്ള മരങ്ങളും, പക്ഷിക്കാഷ്ഠ ശല്യവും തുടരുകയും ചെയ്യുന്നു. മേച്ചിൽ ഇല്ലാതെ നാലു ചക്ര വണ്ടികൾ വണ്ടികൾ മഴയും വെയിലും കൊണ്ട് കിടക്കണം.

തീവണ്ടികളുടെ യാത്രയ്ക്ക് ഭീഷണിയായി പാളങ്ങൾക്കരികെ നിലകൊള്ളുന്ന സ്വകാര്യ ഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റാൻ റെയിൽവേ നോട്ടീസ് പതിവായി നൽകാറുണ്ട്. കാരണം ഒരു മരം ട്രാക്കിലെ വൈദ്യുത ലൈനിൽ വീണാൽ റെയിൽവേക്ക് വലിയ നഷ്ടം വരുമെന്നതാണ് കാരണം.

പക്ഷേ ഈ ജാഗ്രതയും ശുഷ്കാന്തിയും റെയിൽവേ പാർക്കിങ്ങിലെ അപകടകരമായ നിൽക്കുന്ന മരങ്ങളുടെ കാര്യത്തിൽ കാണിക്കുന്നില്ല എന്നതാണ് വിരോധാഭാസം. അതുമാത്രമല്ല സ്വന്തം ഉത്തരവാദിത്വത്തിൽ വേണം ഇവിടെ പാർക്കിംഗ്, നഷ്ടങ്ങൾക്ക് റെയിൽവേ ഉത്തരവാദിയല്ല എന്ന് ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്



ഇരുചക്ര വാഹനങ്ങൾക്ക്‌ മാസം 200 രൂപയായിരുന്നു നിരക്ക്‌. ഇത്‌ 600 രൂപയാക്കി. മിക്ക സ്‌റ്റേഷനുകളിലും പാർക്കിങ്‌ സ്ഥലങ്ങളിൽ മതിയായ മേൽക്കൂരയോ സിസിടിവി സംവിധാനങ്ങളോ ഇല്ല. വൃത്തിഹീനമായ ഇടങ്ങളിൽ ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്വത്തിലാണ്‌ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത്തരത്തില്‍ പാർക്കിം​ഗ് പോലും സുരക്ഷിതമല്ലാത്ത സ്ഥിതി നിലനിൽക്കവെയാണ് പാർക്കിം​ഗ് ഫീ കൂടി കുത്തനെ വർധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.

നാലുചക്ര വാഹനങ്ങൾക്ക്‌ ആദ്യ രണ്ടു മണിക്കൂർ 30 രൂപയും മൂന്നു ദിവസത്തിൽ കൂടുതൽ 600 രൂപയുമാണ്. 96 മണിക്കൂറിൽ കൂടിയാൽ ഒരു ദിവസത്തേക്ക് 200 രൂപ അധികം നൽകണം. ഇരുചക്ര വാഹനത്തിന്‌ അഞ്ചു രൂപയും മുച്ചക്ര വാഹനങ്ങൾക്കും കാറുകൾക്കും 25 രൂപയും ബസ്, മിനി ബസുകൾക്ക് രണ്ടു മണിക്കൂർ വരെ 120 രൂപയുമാണ്‌ വാങ്ങിയിരുന്നത്‌.

ഇത്‌ രണ്ടു മുതൽ എട്ടു മണിക്കൂർ വരെ 20, 50, 270 രൂപയായി ഉയർത്തി. എട്ടു മുതൽ 24 മണിക്കൂർ വരെ 30, 80, 380 രൂപ നൽകണം. 24 മുതൽ 48 മണിക്കൂർ വരെ 60, 180, 840 എന്നിങ്ങനെയും 48 മുതൽ 72 മണിക്കൂർ വരെ 110, 300, 1260 എന്നിങ്ങനെയുമാണ് പുതിയ നിരക്ക്. നാലുചക്ര വാഹനങ്ങൾക്ക് മാസ പാസ്‌ അനുവദിക്കില്ല.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page