ഇരിങ്ങാലക്കുട : ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിലൂടെ സാധാരണ മനുഷ്യന്റെ അന്തസ് ഉയർത്തി എന്നു മാത്രമല്ല, പത്ത് സെന്റ് ഭൂമിയുടെ ഉടമകളാക്കി ലക്ഷകണക്കിന് പാവപ്പെട്ട കുടുംബങ്ങളെ മാറ്റിയതിലൂടെ ഒരു പിടി മണ്ണിന്റെ ഉടമസ്ഥരാക്കി അവരുടെ മനുഷ്യാന്തിന് വില കല്പിച്ച ഭരണാധികാരിയാണ് അച്ചുതമേനോനെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു പറഞ്ഞു. അഡ്വ: കെ.ആർ. തമ്പാൻ 17-ാം ചരമദിനത്തോട് അനുബന്ധിച്ച് സി പി ഐ തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു.
ഭൂപരിഷ്കരണ നടപടികളെ നിയമപരമായി അട്ടിമറിക്കാൻ ശ്രമിച്ച സുപ്രധാനമായ ഒന്നായിരുന്നു കേശവാനന്ദഭാരതി കേസ്.ഈ കേസിന്റെ ഭാഗമായി രൂപികരിച്ച ഭരണഘടനാ ബെഞ്ചിൽ പതിനാല് അംഗങ്ങളടങ്ങിയ ബെഞ്ചാണ് രൂപികരിച്ചത്. ഇത്രയും വിപുലമായ ഒരു ബെഞ്ച് പിന്നീട് രൂപികരിക്കപ്പെട്ടിട്ടില്ല. ഈ കേസിന്റെ വിധിയിൽ സുപ്രീകോടതി കേരള ഗവൺമെന്റിന്റ വാദങ്ങളെ അംഗീകരിക്കുകയും, ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
ഈ കേസിൽ കേരളത്തിനെതിരായി നാനിപൽകിവാല ഉൾപ്പെടെയുള്ള പ്രഗത്ഭ അഭിഭാഷകർ അണിനിരന്നിട്ടും അച്ചുത മേനോൻ കർണാടകത്തിൽ നിന്നും ഏർപ്പെടുത്തിയ എച്ച്.എം. ശ്രീവായ് എന്ന അഭിഭാഷകനെ വെച്ചാണ് കേസ് നടത്തിയത്. ഈ കേസിൽ അച്ചുതമേനോൻ ഗവൺമെന്റ് വിജയിച്ചു.
കേരള മോഡൽ എന്ന വികസനമോഡൽ സാധ്യമായത്, അച്ചുത മേനോന്റെ നേതൃത്വത്തിൽ നടത്തിയ ദീർഘവീക്ഷണത്തോടെയുള്ള സാമൂഹ്യ സേവനമേഖലകളിലെ ഇടപെടലുകളാണ്. ഇന്നത്തെ കേരളത്തിലേക്ക് ചുവടു വെയ്ക്കാനുളള അടിത്തറ പണിതത് അച്ചുതമേനോന്റെ വിശാല വീക്ഷണമാണ് സാധ്യമാക്കിയതെന്ന് സി പി ഐ ദേശിയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു പ്രസ്താവിച്ചു.
സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ മൂല്യങ്ങൾക്കു അന്തസത്തയ്ക്കും വിരുദ്ധമായി ഘട്ടം ഘട്ടമായി സർക്കാരുകളുടെ അധികാരപരിധിയിൽ കടന്നു കയറുന്ന യൂണിയൻ സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ജനകീയവും നിയമപരവുമായ ചെറുത്തുനിൽപ്പുകൾ ആവശ്യമാണ് എന്ന് ഫെഡറലിസം- അതിർവരമ്പുകളും അധിനിവേശങ്ങളും എന്ന വിഷയത്തെ മുൻനിർത്തി സംഘടിപ്പിച്ച സെമിനാറിൽ അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ സംസാരിച്ചു.
സാമ്പത്തികമായി സംസ്ഥാനങ്ങൾക്ക് ലഭ്യമായ സ്രോതസ്സുകൾ ഇല്ലാതാക്കുക, യൂണിയനിൽ നിന്ന് ലഭ്യമാകേണ്ട സാമ്പത്തിക സഹായങ്ങൾ വെട്ടിച്ചുരുക്കുക, കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസരിച്ച് വക മാറ്റുക, സംസ്ഥാന സർക്കാരുകളുടെ തലയിൽ കേന്ദ്രസർക്കാരിന്റെ ഭരണപരമായ സാമ്പത്തിക ബാധ്യതകൾ കെട്ടി ഏൽപ്പിക്കുക തുടങ്ങിയവയ്ക്കു പുറമേ സംസ്ഥാനങ്ങളുടെ പ്രധാന സ്രോതസായിരുന്നു വിൽപ്പന നികുതി ഭരണഘടനയ്ക്ക് യാതൊരു ഉത്തരവാദിത്വവും കൽപ്പിക്കാത്ത ജിഎസ്ടി കൗൺസിലിനെ ഏൽപ്പിക്കുകയും അതുവഴി സംസ്ഥാന സർക്കാരുകളുടെ വരുമാനസ്വാതന്ത്ര്യം സമ്പൂർണ്ണമായി ഇല്ലാതാക്കുകയും സംസ്ഥാനങ്ങളുടെ സ്വയംഭരണ അവകാശത്തെ മങ്ങൽ ഏൽപ്പിക്കുകയും ചെയ്യുന്നു. ഈ കാരണങ്ങൾക്കെല്ലാം വേണ്ടി സംസ്ഥാനങ്ങൾ നിയമപരമായ പോരാട്ടങ്ങൾക്ക് തയ്യാറാകേണ്ടതുണ്ടയെന്നും, അക്ഷരാർത്ഥത്തിൽ ഭരണഘടന വായിച്ചാൽ 75 വർഷങ്ങൾ കൊണ്ടുണ്ടാക്കിയ പല അവകാശങ്ങളും ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതായി കാണാം.
നാം ഇന്ന് അനുഭവിക്കുന്ന ഭരണഘടന അവകാശങ്ങളെല്ലാം സമരം ചെയ്തും കോടതി വിധികളിലൂടെയും നേടിയതാണ്, ഭരണഘടന കോടതികളെ ഇത്തരം സമരങ്ങൾക്ക് ഉപയോഗിച്ചില്ല എങ്കിൽ നാം ഇന്ന് അനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങളും നാളകളിൽ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ വി.എസ് സുനിൽകുമാർ, ഷീല വിജയകുമാർ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എസ്.ജയ,ഷീന പറയങ്ങാട്ടിൽ, സി പി ഐ മുതിർന്ന നേതാവ് കെ.ശ്രീകുമാർ, അഡ്വ.രഞ്ജിത്ത് തമ്പാൻ സി പി ഐ ജില്ലാ കൗൺസിൽ അംഗം പി. മണി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് ‘അംഗം ടി.കെ സുധീഷ് സ്വാഗതവും സി പി ഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive