ഐ.എച്ച്.ആർ.ഡിയും രാജീവ് ഗാന്ധി സെൻ്ററും യോജിച്ച് സംയുക്ത ഗവേഷണ- സംരംഭങ്ങൾ; ധാരണാപത്രമായി: മന്ത്രി ഡോ. ബിന്ദു

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രഗവേഷണ സ്‌ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB)-യും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികവിദ്യാഭ്യാസ സ്‌ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് (IHRD) യും തമ്മിൽ സംയുക്ത ഗവേഷണങ്ങൾക്കും സംയുക്ത സംരംഭങ്ങൾക്കും ധാരണാപത്രമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ. വി. എ. അരുൺ കുമാറും ആർ ജി സി ബി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണയും ഒപ്പിട്ട ധാരണാ പത്രം (MoU) പരസ്പരം കൈമാറി.



സംയുക്ത ഗവേഷണ പദ്ധതികൾ, സാങ്കേതിക രംഗത്തെ സംയുക്ത സംരംഭങ്ങൾ, പരിശീലന പരിപാടികൾ, വർക്ക്‌ഷോപ്പുകൾ, അടക്കമുള്ള വിവിധ പരിപാടികളാണ് ഇതിൽ വിഭാവനം ചെയ്യുന്നത്. ഇവയിലൂടെ അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും കഴിവുകൾ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ബയോടെക്നോളജി-ബയോ ഇൻഫർമാറ്റിക്‌സ് മേഖലയിൽ ന്യൂതന വിദ്യാഭ്യാസപദ്ധതികൾ വികസിപ്പിക്കുന്നതിലും ഗവേഷണ മാർഗ്ഗനിർദ്ദേശം നൽകുന്നതിലും ഇരു സ്‌ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒമ്പത് എഞ്ചിനീയറിംഗ് കോളേജുകൾ, ഏഴ് പോളി ടെക്‌നിക് കോളേജുകൾ, 45 അപ്ലൈഡ് സയൻസ് കോളേജുകൾ എന്നിവയടക്കം 87 വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണ് ഐ എച്ച് ആർ ഡിക്ക് ഉള്ളത്. സാങ്കേതിക അറിവും തൊഴിൽ നൈപുണ്യവും നേടിയ യുവതലമുറയെ വളർത്തി, രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിയാക്കുന്നതിൽ വലിയ പങ്കാണ് ഐ എച്ച് ആർ ഡി വഹിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിദ്യാഭ്യാസത്തിൽ കേരളത്തിൽ ആദ്യമായി നേതൃത്വം നൽകിയ ഐ എച്ച് ആർ ഡി, അക്കാദമിക് മേഖലയിലും ഗവേഷണ മേഖലയിലും നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.



ആധുനിക ജീവശാസ്ത്ര മേഖലയിലെ മോളിക്യൂലാർ ബയോളജി, ഡിസീസ് ബയോളജി, ബയോടെക്നോളജി എന്നിവയിൽ നവീന ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനമാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB). ആരോഗ്യരംഗത്തും ജനിതക ഗവേഷണത്തിലും ആർ ജി സി ബി നൽകുന്ന സംഭാവനകൾ സ്ഥാപനത്തെ ദേശീയ-ആഗോള തലങ്ങളിൽ ശ്രദ്ധേയമാക്കിയിട്ടുണ്ട്. ലോകോത്തര സൗകര്യങ്ങളും ന്യൂതന ഗവേഷണ സൗകര്യങ്ങളുമുള്ള ആർ ജി സി ബി, ട്രാൻസ്ലേഷണൽ സയൻസിന്റെ ശേഷിവികസനത്തിനുള്ള രാജ്യത്തെ പ്രധാന കേന്ദ്രമാണ്.


ആർ ജി സി ബിയും ഐ എച്ച് ആർ ഡിയും തമ്മിലുള്ള ധാരണാപത്രം ബയോടെക്നോളജി ഉൾപ്പെടെയുള്ള ശാസ്ത്രീയ മേഖലകളിൽ കേരളത്തിൽ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ പദ്ധതികൾക്ക് വഴിയൊരുക്കുമെന്ന് മന്ത്രി ഡോ. ബിന്ദു ധാരണാപത്ര കൈമാറ്റച്ചടങ്ങിൽ പറഞ്ഞു. ഗവേഷണ ഫലങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഈ സഹകരണം പുതിയ ഊർജ്ജം നൽകുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page