ഉത്സവ നാളുകളിൽ നഗരസഭ റോഡുകളിലെ സ്റ്റാളുകൾക്ക് കൂടൽമാണിക്യം ദേവസത്തിന് ലഭിച്ച ലേലത്തുക നഗരസഭ ഫണ്ടിലേക്ക് അടക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വിഭാഗത്തിന്‍റെ നോട്ടീസ് – നടപടി വിചിത്രമെന്നും പ്രതിഷേധാർഹമെന്നും ദേവസ്വം

ഇരിങ്ങാലക്കുട : ഒരു ഇടവേളക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭയും കൂടൽമാണിക്യം ഭരണസമിതിയും നേർക്കുനേർ. തുടർച്ചയായി ദേവസത്തിനെതിരെ പതിവില്ലാത്ത തരത്തിൽ നഗരസഭ നടപടികൾ തുടരുന്നു എന്നാണ് ദേവസത്തിന്റെ ആരോപണം, ഇതിൽ ഗുഡാലോചനയും ആരോപ്പിക്കുന്നുണ്ട്, ഇത്തരം നടപടികളെ രാഷ്ട്രീയപരമായും നേരിടാൻ തയാറാണെന്നു ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു.


2023 കൂടൽമാണിക്യം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്‍റെ തെക്ക് പടിഞ്ഞാറ് നടകളിലായി നഗരസഭയുടെ അധീനതയിലുള്ള റോഡുകളിൽ നഗരസഭ അനുമതി കൂടാതെ കച്ചവട സ്റ്റാളുകൾ ലേലം ചെയ്തു ദേവസ്വം നടത്തിയതായും, ഈ സ്ഥലത്ത് സ്റ്റോളുകളിൽ നിന്നും ദേവസ്വത്തിൽ അടവാക്കിയ ലേലത്തുക നഗരസഭ ഫണ്ടിലേക്ക് മാറ്റി അടവാക്കേണ്ടതാണെന്ന് നഗരസഭ തീരുമാനമെടുത്തിട്ടുണ്ടെന്നും, ആയതിനാൽ തെക്ക് പടിഞ്ഞാറ് നടയിൽ ലേലം ചെയ്തു നൽകിയ സ്റ്റാളുകളുടെ എണ്ണം, ലേലക്കാരന്‍റെ പേര്, ഈടാക്കിയ തുക, എന്നിവയുടെ സ്റ്റേറ്റ്മെന്റ് സഹിതം എത്രയും വേഗം തുക നഗരസഭയിൽ അടവാക്കി രസീത് കൈപ്പറ്റേണ്ടതാണെന്ന് ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി ദേവസ്വത്തിന് കത്തയച്ചു. നഗരസഭ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മെയ് 24ന് എടുത്ത തീരുമാനമായിട്ടാണ് കത്തിലെ സൂചന.

വർഷങ്ങളായി ഇല്ലാത്ത ഒരു പതിവ് നഗരസഭ ഇത്തവണ ആവശ്യപ്പെട്ടതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും നടപടിയിൽ ദേവസ്വം പ്രതിഷേധിക്കുന്നതെന്നും ദേവസ്വം കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു.


നഗരസഭയിൽ നിന്ന് തുടർച്ചയായി ഇത്തരം നടപടികൾ വരുന്നതിൽ ആശങ്കയുണ്ടെന്നും, കൂടൽമാണിക്യം ദേവസ്വം കിഴേടമായ അയ്യങ്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇതുപോലെ ഒരു നോട്ടീസ് കിട്ടിയെന്നും, അതിൽ പൈസ അടച്ചെന്നും ചെയർമാൻ വ്യക്തമാക്കി. എന്നാൽ ഈ നോട്ടീസിന് പൈസ അടയ്ക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കേവലം ഉദ്യോഗസ്ഥരുടെ മാത്രം തീരുമാനമായി ഇതിനെ കണക്കാക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.


ഉത്സവ സമയത്തും അതിനുമുമ്പും ദേവസ്വത്തിനെതിരെ തുടർച്ചയായി പലരീതിയിൽ പ്രതിഷേധങ്ങൾ വന്നതിനെയും ഇപ്പോൾ നഗരസഭ ഇത്തരം നടപടികൾ ദേവസ്വത്തിനെതിരെ എടുക്കുന്നതിനെയും കൂട്ടി വായിക്കണമെന്നും, ഇതിന് പുറകിൽ പല ഗൂഢാലോചനകളും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇക്കണക്കിന് കൂടൽമാണിക്യത്തിൽ പുഷ്പാഞ്ജലിക്ക് ലഭിക്കുന്ന തുകയും ഇരിങ്ങാലക്കുട നഗരസഭ ഫണ്ടിലേക്ക് അടക്കാൻ പറയുമെന്ന് ദേവസ്വം ചെയർമാൻ.

ഇത്തവണ കൂടൽമാണിക്യം ക്ഷേത്രം കീഴേടമായ അയ്യങ്കാവ് ഭഗവതിയുടെ പന്തലിട്ടതിനും , ലൈറ്റുകൾ ഇട്ട മുളങ്കാലുകൾക്കും മുനിസിപ്പാലിറ്റിയിൽ26987രൂപ ദേവസ്വത്തിൽ നിന്നും ഈടാക്കിയിരുന്നു. ആയതിലും ദേവസ്വംപ്രതിഷേധം രേഖപ്പെടുത്തുന്നു.

ഉത്സവ നടത്തിപ്പിന് ഉദ്യോഗസ്ഥതല മോണിറ്ററിംഗ് കമ്മിറ്റി വളരെ സജീവമായിരുന്നു.എന്നാൽ മുനിസിപ്പൽ സെക്രട്ടറി യാതൊരു നിർദ്ദേശങ്ങളും നൽകാതെ കത്തുകൾ അയച്ച് അനാവശ്യ ഇടപെടലുകൾ നടത്തുന്നതിനെതിരെയും ദേവസ്വം പ്രതിഷേധിക്കുന്നു .

നൂറ്റാണ്ടുകളായി ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തിവരുന്ന ഉത്സവം ഈ നാട്ടിലെ ജനങ്ങളുടെ വികാരമാണ്. നാളിതുവരെ ഇല്ലാത്ത നഗരസഭയുടെ ഇത്തരം നടപടികൾ ശരിയല്ലെന്ന് ദേവസ്വം വിലയിരുത്തി. നടപടി പിൻവലിക്കണമെന്ന് ദേവസ്വം ആവശ്യപ്പെടുന്നു.


വാർത്താ സമ്മേളനത്തിൽ കൂടൽമാണിക്യം ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ കെ.ജി അജയകുമാർ, ഭരതൻ കണ്ടേങ്കാട്ടിൽ, ഐ.വി ഷൈൻ, കെ വി പ്രേമരാജൻ, കെ.ജി സുരേഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page