സുരക്ഷയും കരുതലും ഉത്സവകാലത്ത് മാത്രം മതിയോ? കുട്ടംകുളത്തിന്‍റെ മതിലിടിഞ്ഞ ഭാഗത്ത് സുരക്ഷാവേലികൾ വീണ്ടും എടുത്തു മാറ്റിയ നിലയിൽ

ഇരിങ്ങാലക്കുട : കുട്ടംകുളത്തിന്‍റെ മതിലിടിഞ്ഞ് രണ്ടു വർഷമായിട്ടും ഏറെ തിരക്കുള്ള ഈ ഭാഗത്ത് സ്ഥിരമായ ഒരു സുരക്ഷാ സംവിധാനം ഇതുവരെ ദേവസ്വത്തിന് ഒരുക്കാൻ സാധിച്ചിട്ടില്ല. കൂടൽമാണിക്യം ക്ഷേത്രത്തിൽ ജനത്തിരക്കേറുന്ന ഉത്സവ പരിപാടികൾക്കും മറ്റു പ്രധാന പരിപാടികൾ വരുമ്പോൾ മാത്രം മതിലിടിഞ്ഞ് അപകടാവസ്ഥയിലായ കുട്ടംകുളത്തിന്‍റെ അരികിൽ താൽക്കാലിക സുരക്ഷാ വേലികൾ സ്ഥാപിക്കും. പരിപാടികൾ കഴിയുന്നതോടെ ഇവ മാറ്റുകയാണ് പതിവ്. ഇത്തവണയും അതുതന്നെ സംഭവിച്ചു.

കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന് മുന്നോടിയായി മതിലിടിഞ്ഞ് അപകടവസ്ഥയിലായ റോഡരികിൽ സ്ഥാപിച്ചിരുന്ന തകര ഷീറ്റ് കൊണ്ട് മറച്ച സുരക്ഷാവേലികൾ അവ സ്ഥാപിച്ച കരാറുകാർ മാറ്റുകയുണ്ടായി. ആഴ്ചകൾ ആയിട്ടും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ഇതുവഴി പോകുന്ന റോഡിനോട് ചേർന്ന് കുട്ടംകുളത്തിന്‍റെ അരിക്ക് കൂടുതൽ ഇടിഞ്ഞതായി കാണപ്പെടുന്നു. കൂടാതെ ഈ ഭാഗം മുഴുവൻ കാടുപിടിച്ചു കിടക്കുകയാണ്. രാത്രി ഈ മേഖലയിൽ വിളിച്ച കുറവുണ്ട്. കുട്ടംകുളത്തിലാണെങ്കിൽ പൂർണമായും ചണ്ടി നിറഞ്ഞ നിലയിലും.

മതിൽ പുനർനിർമ്മിക്കുക എന്നത് സാങ്കേതിക തടസങ്ങൾ കൊണ്ട് പെട്ടെന്ന് സാധ്യമല്ല എന്ന് അധികൃതർ ആവർത്തിക്കുമ്പോഴും അതുവരെ താൽക്കാലികമായി ഒരു സുരക്ഷാ സംവിധാനം ദേവസ്വം മുൻകൈയെടുത്ത് ഈ മേഖലയിൽ സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മഴക്കാലം ആരംഭിക്കുന്നതോടെ മതിലിടിഞ്ഞ ഭാഗം കൂടുതൽ ദുര്ബലമാകുകയും ചെയ്യും. ഇതുവഴിയുള്ള സുരക്ഷിതമായ വാഹന ഗതാഗതത്തെപോലും ഇത് ബാധിക്കാൻ സാധ്യതയുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page