സംഗമഗ്രാമ മാധവന്റെ പേരിൽ കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം – സംഗമഗ്രാമ മാധവന്റെ ഭവനം മന്ത്രി ആർ. ബിന്ദു സന്ദർശിച്ചു

കല്ലേറ്റുംകര : ഗണിതശാസ്ത്രത്തിൽ ഇന്ത്യയുടെ തനത് സംഭാവനയർപ്പിച്ച സംഗമഗ്രാമ മാധവന്റെ പേരിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം സ്ഥാപിക്കുന്നതിനു മുന്നോടിയായി സംഗമഗ്രാമ മാധവന്റെ ഭവനം മന്ത്രി ഡോ. ആർ ബിന്ദു സന്ദർശിച്ചു. ഗണിതശാസ്ത്ര പ്രതിഭയുടെ ജന്മദേശമായ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ അദ്ദേഹം താമസിച്ചിരുന്നതായി കരുതുന്ന ഇരിഞ്ഞാടപ്പിള്ളി മനയിലും ഗണിതശാസ്ത്ര ഗവേഷണം നടത്തിയിരുന്ന ക്ഷേത്രത്തിലുമായിരുന്നു സന്ദർശനം. ഇവയോട് ചേർന്നാകും ഗണിതശാസ്ത്ര പഠനകേന്ദ്രമുയരുക.

ഒരു ഗണിതശാസ്ത്ര പഠനകേന്ദ്രം എന്ന നിലയിൽ നമ്മുടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമെല്ലാം ആഴത്തിലുള്ള അവഗാഹം പകർന്നു നൽകുന്ന വിധത്തിലുള്ള കേന്ദ്രമാണ് ലക്ഷ്യമിടുന്നതെന്ന് സന്ദർശനവേളയിൽ മന്ത്രി ബിന്ദു പറഞ്ഞു. അദ്ദേഹത്തിന് ഉചിതമായ സ്മാരകം ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായി ബന്ധപ്പെട്ടാണ് പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത്. ഇതിനായി ബജറ്റിൽ പ്രത്യേക തുകയും നീക്കിവച്ചിട്ടുണ്ട്.

ബി.സി എട്ടു മുതൽ എ.ഡി പതിനെട്ടു വരെയുള്ള നൂറ്റാണ്ടുകളിൽ ലോക ഗണിതശാസ്ത്രത്തിന് ഇന്ത്യ അമൂല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇവരിൽ പ്രഥമസ്ഥാനീയനാണ് കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് എന്ന് ലോകം വിശേഷിപ്പിക്കുന്ന ഗുരുശിഷ്യപരമ്പര സ്ഥാപിച്ച സംഗമഗ്രാമ മാധവൻ. ലോക പ്രസിദ്ധ ഗണിതശാസ്ത്രജ്ഞൻ ജെയിംസ് ഗ്രിഗറിയുടെ ആചാര്യനായി അറിയപ്പെടുന്ന സംഗമഗ്രാമ മാധവൻ, ത്രികോണമിതി, ജ്യാമിതി, കാൽക്കുലസ് എന്നിവയുടെ രൂപീകരണത്തിലും പങ്കുവഹിച്ചതായി ഗണിതശാസ്ത്രസമൂഹം വിലയിരുത്തുന്നു.

ഈ വർഷം തന്നെ കേന്ദ്രത്തിന്റെ പ്രവർത്തി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ- മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page