തുമ്പൂർ സർവീസ്‌ സഹകരണ ബാങ്ക് ഇപ്പോൾ പ്രവർത്തിക്കുന്നത് യഥാർത്ഥ ലാഭത്തിലാണെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും സെക്രട്ടറിയും – ഒരു ദിവസം ഒരു കോടി നിക്ഷേപം സ്വീകരിക്കുന്ന നിക്ഷേപസമാഹരണ യജ്ഞം ഉദ്ഘാടനം ഫെബ്രുവരി 3 ന് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും

തുമ്പൂർ : സഹകരണ ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ബാലൻസ് ഷീറ്റ് അനുസരിച്ച് തുമ്പൂർ സർവീസ് ബാങ്ക് ഈ സാമ്പത്തിക വർഷം ഡിസംബർ 31 വരെയുള്ള കാലയളവിൽ 22 ലക്ഷത്തി നാൽപ്പത്തി അയ്യായിരം രൂപയുടെ ലാഭത്തിലാണ് എന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും സെക്രട്ടറിയും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു.

മുൻ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കണക്കിലെ അഭ്യാസം കൊണ്ടുണ്ടാക്കിയ ലാഭത്തിന് പകരം ഈ സാമ്പത്തിക വർഷം ബാങ്ക് യഥാർത്ഥ ലാഭത്തിലാകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. സഹകരണ വകുപ്പ് ഓഡിറ്റ്‌ രീതിയനുസരിച്ച് ബാങ്കിന് കിട്ടാനുള്ള വായ്പാ കുടിശ്ശിഖ നഷ്ടത്തിലേയ്ക്ക് വകയിരുത്തും. മുൻ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കുടിശ്ശിഖ പിരിച്ചെടുക്കുവാൻ നടപടി സ്വീകരിക്കാതെ ഓരോ വർഷവും വായ്പക്കാരന് ആദ്യ വായ്പയ്ക്ക് തന്ന ഭൂമി തന്നെ ഈടായി പുതിയ വായ്പകൾ നൽകി ആദ്യത്തെ വായ്പയിലെ കുടിശ്ശിക അവസാനിപ്പിക്കുന്നു. ഇത്തരത്തിൽ പലരുടേയും പേരിൽ ഏഴ് വായ്പകൾവരെ കൊടുത്തിട്ടുണ്ട്.

അനഭിലഷണിയമായ ഈ പ്രവണതതുടരാതെ ബാങ്കിനെ സംരക്ഷിച്ചത് 5 വർഷം മുൻപ് ബാങ്കിൽ സഹകരണ ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണമാണ്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭരണത്തിൽ ബാങ്ക് താൽക്കാലികമായി കണക്കിൽ നഷ്ടത്തിലായെങ്കിലും യഥാർത്ഥ ലാഭത്തിലെത്തുന്നതിനുള്ള ശക്തമായ അടിത്തറയാണ് സൃഷ്ടിച്ചത്.

മുഴുവൻ വായ്പാ കുടിശ്ശിഖക്കാരുടെ പേരിലും അവർ ARC നടപടികൾ പൂർത്തിയാക്കുകയുണ്ടായി. ജാമ്യവസ്തുക്കളുടെ അളവുകൾ ആരംഭിച്ചു. 85 വർഷത്തെ ബാങ്കിൻ്റെ ചരിത്രത്തിൽ ആദ്യമായി വസ്തു ലേല നടപടികൾ ആരംഭിക്കുകയാണ്. നടപടികൾ ആരംഭിച്ചപ്പോൾ മുതൽ പലരും വായ്പകൾ തിരിച്ചടയ്ക്കാൻ ആരംഭിച്ചതും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ 20 വർഷം പഴക്കമുള്ള ചില വായ്പകൾ പോലും അടച്ചവസാനിപ്പിച്ചതും കുടിശ്ശിക കുറയ്ക്കുന്നതിനെ സഹായിച്ചു.

ഈ സാഹചര്യത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സ്‌റ്റാഫിൻ്റെ നേതൃത്വത്തിൽ തീവ്രമായ കുടിശ്ശിക പിരിച്ചെടുക്കൽ നടപടികളും കഴിയുമ്പോൾ 2023-24 സാമ്പത്തിക വർഷം ഒന്നേകാൽ കോടി രൂപയെങ്കിലും ലാഭത്തിൽ ബാങ്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹകരണ നിക്ഷേപ സമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി ഒരു ദിവസം ഒരു കോടി നിക്ഷേപം സ്വീകരിച്ചു കൊണ്ടുള്ള നിക്ഷേപസമാഹരണ യജ്ഞം ഉദ്ഘാടനം 2024 ഫെബ്രുവരി 3 ന് പകൽ രണ്ട് മണിക്ക് ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് ചേരുന്ന പൊതുസമ്മേളനത്തിൽ ബഹു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയ ലക്ഷ്മി വിനയചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് . വൈസ് പ്രസിഡണ്ട് ജെൻസി ബിജു , മുകുന്ദപുരം സഹകരണ അസിസ്റ്റൻറ് രജിസ്റ്റാർ ബ്ലിസൻ സി ഡേവിസ്, ‘ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ ശശികുമാർ ഇടപ്പുഴ, ടെസി ജോയ്,ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ രഞ്ജിത ഉണ്ണിക്കൃഷ്ണൻ, വി.എഫ്.പി.സി.കെ. പ്രസിഡണ്ട് ജോൺ കുറ്റിയിൽ എന്നിവർ ചടങ്ങിൽ സംബന്ധിക്കുന്നു തുടർന്ന് നബാർഡിൻ്റെ അസിസ്‌സ്റ്റൻ്റ് ജനറൽ മാനേജർ സെബിൻ ആൻ്റണി കർഷകർക്ക് നബാർഡ് നൽകുന്ന വിവിധ വായ്പ പദ്ധതികളെക്കുറിച്ച് ക്ലാസ് എടുക്കുന്നു.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ബാങ്കിൽ 5 പേരടങ്ങുന്ന 500 ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്യുന്നതിനും തുടർന്ന് ഏപ്രിൽ മാസം മുതൽ കാർഷിക മേഖലയിൽ ഇടപെടൽ നടത്തുന്നതിന് ഇവർക്ക് 3 ലക്ഷം രൂപ വീതം 4% പലിശയ്ക്ക് വായ്പ നൽകുവാൻ ഉദ്ദേശിക്കുന്നു. അത് പോലെ തന്നെ വി.എഫ്.പി.സി.കെ.യിൽ അംഗങ്ങളായ കർഷകർക്ക് 2% പലിശയിൽ കാർഷിക വായ്പ നൽകുന്ന പദ്ധതി ആരംഭിക്കുകയാണ്. കർഷകർക്ക് 3% പലിശയിൽ സ്വർണ പണ്ടം വായ്പ നൽകുന്ന പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കുന്നു.

പ്രദേശവാസികളുടെ ആരോഗ്യസംരക്ഷണത്തിനായി യോഗ, നീന്തൽ പരിശീലന പദ്ധതികൾ ഫെബ്രുവരിയിൽ ആരംഭിക്കുന്നു. ഔഷധ സസ്യകൃഷി ആരംഭിക്കുന്നതിനും, സർക്കാർ സബ്സിഡിയിൽ കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും ബാങ്കിൽ അപേക്ഷകൾ സ്വീകരിച്ചു വരികയാണ്. പുതിയ എം.ഡി.എസുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സമ്പാദ്യപദ്ധതി, മംഗല്യ നിക്ഷേപപദ്ധതി, വിനോദയാത്ര സമ്പാദ്യപദ്ധതി കുട്ടികൾക്കായി സഞ്ചിത നിക്ഷേപ പദ്ധതി എന്നിവ ബാങ്കിൽഫെബ്രുവരി മാർച്ച് മാസങ്ങളിലായി ആരംഭിക്കുന്നു.

തുമ്പൂർ സർവീസ് സഹകരണ ബാങ്കിൻ്റെ പുതിയ വികസന വായ്പാ പദ്ധതികളും നിക്ഷേപദ്ധതികളും വിജയിപ്പിക്കുന്നതിന് മുഴുവൻ അഭ്യുദയകാംക്ഷികളോടും ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ ടി. എസ്. സജീവൻ അംഗങ്ങളായ ജിജോ പെരേപ്പാടൻ ,സി ജോ പറോക്കാരൻ, സെക്രട്ടറി ഇൻ ചാർജ് കെ. എസ് മനോജ് , കർഷക സഹായ സമിതി ചെയർമാൻ പ്രൊഫസർ വർഗീസ് കോങ്കോത്ത്, കൺവീനർ ലിജോ ലൂവിസ് പുല്ലൂക്കര എന്നിവർ അഭ്യർത്ഥിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page