കേരള സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : കേരള സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ പരിഗണിച്ച് അവ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഓർഡിനൻസിന് തീരുമാനിച്ചതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമ്മീഷന്‍ രൂപീകരിക്കുന്നത്. കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതിനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത് – മന്ത്രി അറിയിച്ചു.

കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്സണും മൂന്നില്‍ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കണമെന്നാണ് നിർദ്ദിഷ്ട ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളാവും കമ്മീഷന്‍ സെക്രട്ടറി. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ രജിസ്ട്രാറായും സര്‍ക്കാര്‍ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ ഫിനാന്‍സ് ഓഫീസറായും നിയമിക്കണമെന്നാണ് ഗവർണറോട് ശുപാർശ ചെയ്തിട്ടുള്ളത്.

കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും. ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവര്‍ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്ന് വർഷം വരെ ആയിരിക്കും.

കമ്മീഷന്റെ ദൈനംദിന കാര്യങ്ങളുടെ പൊതുവായ മേല്‍നോട്ടം, മാര്‍ഗ്ഗനിര്‍ദ്ദേശം, ഭരണനിര്‍വ്വഹണം എന്നിവ ചെയര്‍പേഴ്സണില്‍ നിക്ഷിപ്തമായിരിക്കും. ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് അദ്ദേഹത്തെ മറ്റംഗങ്ങള്‍ സഹായിക്കും. ചെയര്‍പേഴ്സണ്‍ ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയുള്ള ഒരു പൂര്‍ണ്ണ സമയ ഉദ്യോഗസ്ഥനായിരിക്കും. നിര്‍ണ്ണയിക്കപ്പെടുന്ന പ്രകാരമുള്ള ശമ്പളത്തിനും ബത്തകള്‍ക്കും അര്‍ഹത ഉണ്ടായിരിക്കും.

കമ്മീഷന്‍ അംഗങ്ങള്‍ക്ക് നിര്‍ണ്ണയിക്കപ്പെടുന്ന പ്രകാരമുളള ഓണറേറിയത്തിനും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനുളള ബത്തകള്‍ക്കോ അല്ലെങ്കില്‍ സിറ്റിംഗ് ഫീസിനോ അര്‍ഹതയുണ്ടായിരിക്കും.

കമ്മീഷന്, അതിന്റെ മുമ്പാകെയുള്ള ഏതെങ്കിലും കാര്യങ്ങളുടെ നിര്‍വ്വഹണത്തിന്റെ ആവശ്യത്തിലേക്കായോ ഏതെങ്കിലും പ്രത്യേക വിഷയം പരിഗണിക്കുന്നതിലേക്കായോ പ്രസ്തുത വിഷയത്തിൽ പ്രത്യേകമായ അറിവുള്ള രണ്ടിൽ കൂടാത്ത എണ്ണം ആളുകളെ പ്രത്യേക ക്ഷണിതാക്കളായി വിളിക്കാം. എന്നാല്‍ അവർക്ക് കമ്മീഷന്റെ യോഗങ്ങളിൽ വോട്ടവകാശം ഇല്ല

കമ്മീഷന്റെ ചുമതലകള്‍, അധികാരങ്ങള്‍ :

നിർദ്ദിഷ്ട ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും സഹായിക്കുന്നതും അവര്‍ക്ക് പുനരധിവാസം ആവശ്യമുള്ളിടത്ത് സര്‍ക്കാരുമായി സഹകരിച്ച് അത് സാദ്ധ്യമാക്കുന്നതും ഏതെങ്കിലും തരത്തിലുളള നിയമസഹായം ആവശ്യമുളളിടത്ത് ആയത് ലഭ്യമാക്കുന്നതും വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കമ്മീഷനെ ഏല്‍പ്പിച്ച് നല്‍കുന്ന അങ്ങനെയുള്ള മറ്റ് ചുമതലകള്‍ നിര്‍വ്വഹിക്കുന്നതും കമ്മീഷന്റെ കര്‍ത്തവ്യമായിരിക്കും.

നിർദ്ദിഷ്ട ഓര്‍ഡിനന്‍സിൻ കീഴിൽ നടത്തിയ ഏതൊരു അന്വേഷണത്തിലും കമ്മീഷന്റെ തീരുമാനങ്ങൾ അതിന്റെ ശിപാർശ സഹിതം ഉചിതമായ നടപടിക്കായോ അല്ലെങ്കില്‍ തർക്കത്തിലേർപ്പെട്ട കക്ഷികള്‍ക്ക് പരിഹാരത്തിനായോ സര്‍ക്കാരിലേക്ക് അയക്കാം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page