ഇരിങ്ങാലക്കുട : ആട്ടക്കഥകളുടെയും സമരങ്ങളുടെയും സ്മരണകളുണർത്തി സമര സംഗമ ഭൂമിയിൽ സാംസ്കാരികോത്സവത്തിന് തുടക്കമായി. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ആദ്യ ദിനം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാൾ അങ്കണത്തിൽ സജ്ജമാക്കിയ ടി എൻ നമ്പൂതിരി – കെ വി രാമനാഥൻ മാസ്റ്റർ നഗറിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു.
സമ്മേളനത്തിന് മുന്നോടിയായി ഐതിഹാസികമായ കുട്ടംകുളം സമര സ്മാരക സ്തൂപം കൃഷി മന്ത്രി പി പ്രസാദ് അനാച്ഛാദനം ചെയ്തു. ടി എൻ നമ്പൂതിരി പുരസ്കാര സമർപ്പണവും സാഹിത്യോത്സവവും മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
കെ ദാമോദരൻ്റെ ‘പാട്ടബാക്കി’ എന്ന രാഷ്ട്രീയ നാടകം പുനരാവിഷ്കരിച്ച യുവ സംവിധായകൻ ബാബു വൈലത്തൂരിനെ പുരസ്കാരം നൽകി ആദരിച്ചു. സാംസ്കാരിക ബോധം ജനാധിപത്യത്തിൻ്റെ അടിസ്ഥാന പാഠമാണെന്നും ബഹുസ്വരതയെ കാത്തുസൂക്ഷിക്കാൻ സാഹിത്യലോകം വഹിക്കുന്ന പങ്ക് ജനാധിപത്യ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്നതാണെന്നും ഉദ്ഘാടകൻ പ്രസ്താവിച്ചു.
കലാമണ്ഡലം രാജീവിന്റെയും സംഘത്തിന്റെയും മിഴാവിൽ പഞ്ചാരിമേളവും തൃശൂർ നാടക സംഘത്തിന്റെ തിയ്യറ്റർ സ്കെച്ചുകളും സമരഭൂവിലെ കലാസ്വാദകർക്ക് നല്ല വിരുന്നൊരുക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്മാരായ
കുരീപ്പുഴ ശ്രീകുമാർ, ലിസി, ഡോ. വത്സലൻ വാതുശ്ശേരി, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി ആർ രമേഷ് കുമാർ, സംസ്ഥാന കൗൺസിലംഗം വി എസ് സുനിൽകുമാർ,കെ പി സന്ദീപ്, സംഘാടക സമിതി കൺവീനർ ടി കെ സുധീഷ്,കെ എസ് ജയ എന്നിവർ പങ്കെടുത്തു. സിപിഐ മുതിർന്ന നേതാവ് കെ ശ്രീകുമാർ സ്വാഗതവും അഡ്വ. രാജേഷ് തമ്പാൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive