സമയക്രമം പാലിക്കാതെ അമിതവേഗതയിൽ പോകുന്ന ബസ്സുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു

സമയക്രമം പാലിക്കാതെ അമിതവേഗതയിൽ പോകുന്ന ബസ്സുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു
ഠാണാവിലേക്ക് പോകുന്ന ഇരിങ്ങാലക്കുട – കാട്ടൂർ – തൃപ്രയാർ റൂട്ടിലെ ബസുകളുടെ ബോർഡിൽ ഠാണാവ് എന്ന് പ്രത്യേകം എഴുതണമെന്നും മോട്ടോർ വാഹന വകുപ്പും പോലീസും ബസ്സുടമകളുമായി നടത്തിയ സംയുക്ത യോഗത്തിൽ മന്ത്രി

ഇരിങ്ങാലക്കുട : സമയക്രമം പാലിക്കാതെ അമിതവേഗതയിൽ പോകുന്ന ബസ്സുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ ബസുകളുടെ അമിതവേഗതയെ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പും പോലീസും ബസ്സുടമകളുമായി നടത്തിയ സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സമയക്രമം ലംഘിച്ചുകൊണ്ട് ഓടുന്ന ബസ്സുകൾക്കെതിരെ നടപടിയെടുക്കാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കർശന നിർദ്ദേശം നൽകി. സമയക്രമം പാലിച്ച് മത്സരയോട്ടം നടത്താതെ ബസ്സുകൾ സർവീസ് നടത്തണമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വാഹനം ഓടിക്കരുതെന്നും മന്ത്രി പറഞ്ഞു.


വിദ്യാർത്ഥികളെ സ്റ്റാൻഡിൽ നിന്ന് ബസ്സിൽ കയറ്റാതെ പോകുകയോ അവഗണിക്കുകയോ ചെയ്യാൻ പാടില്ലെന്നും അങ്ങനെയുണ്ടായാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഠാണാവിലേക്ക് പോകുന്ന ഇരിങ്ങാലക്കുട – കാട്ടൂർ – തൃപ്രയാർ റൂട്ടിലെ ബസുകളുടെ ബോർഡിൽ ഠാണാവ് എന്ന് പ്രത്യേകം എഴുതണമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട ബസ്റ്റാൻഡിൽ പാർക്കിംഗ് അനുവദിച്ചിട്ടുള്ള ബസുകൾ അവരുടെ സമയങ്ങളിൽ പാർക്കിംഗ് ചെയ്യണമെന്നും അതുകഴിഞ്ഞ് സമയത്തിന് സർവീസ് നടത്തണമെന്നും മന്ത്രി അഭിപ്രായപെട്ടു.


ബസ് ഉടമകളും തൊഴിലാളികളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർക്കാൻ മന്ത്രി നിർദ്ദേശിച്ചു. തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ റോഡ് പണിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുകുന്ദപുരം താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ കെ എ രാജു, ഡിവൈഎസ്പി ഷൈജു ടി കെ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ കെ കെ സുരേഷ് കുമാർ, മുകുന്ദപുരം താലൂക്ക് തഹസിൽദാർ കെ ശാന്തകുമാരി, വിവിധ ബസ് തൊഴിലാളി യൂണിയൻ ഭാരവാഹി പ്രതിനിധികൾ, ബസ് ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page