ഉള്ളാന മുതൽ കൂടൽമാണിക്യം ഉത്സവത്തിലെ സ്ഥിരസാനിധ്യമായിരുന്ന ശങ്കരൻകുളങ്ങര ദേവസ്വം മണികണ്ഠൻ വിടവാങ്ങി

ഉള്ളാന മുതൽ അഞ്ചര പതിറ്റാണ്ടിലേറെയായി കൂടൽമാണിക്യം ഉത്സവത്തിലെ സ്ഥിരസാനിധ്യമായിരുന്ന ശങ്കരൻകുളങ്ങര ദേവസ്വം മണികണ്ഠൻ വിടവാങ്ങി

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ തന്നെ ഉത്സവങ്ങൾക്ക് പോകുന്ന സീനിയർ ആനകളിൽ ഒന്നായ ശങ്കരൻകുളങ്ങര ദേവസ്വം മണികണ്ഠൻ വിടവാങ്ങി. അഞ്ചര പതിറ്റാണ്ടിലേറെയായി തൃശൂർ പൂരത്തിലെ നിറസാന്നിദ്ധ്യമായിരുന്നു. നന്നേ ചെറുപ്പത്തിൽ ഉള്ളാന മുതൽ കൂടൽമാണിക്യം ഉത്സവത്തിലെ സ്ഥിരസാനിധ്യവുമായിരുന്നു ശങ്കരൻകുളങ്ങര ദേവസ്വം മണികണ്ഠൻ. 2023 ലെ ഉത്സവത്തിനും പങ്കെടുത്തിരുന്നു.

കൂടൽമാണിക്യം ക്ഷേത്രഉത്സവത്തിനു കൊല്ലങ്ങളോളം മുടക്കമില്ലാതെ വന്നുകൊണ്ടിരുന്ന ആനയായിരുന്നു .പഴമക്കാർ മുതൽ പുതുതലമുറക്ക് വരെ പരിചിതനാണ്‌ ശങ്കരൻകുളങ്ങര ദേവസ്വം മണികണ്ഠൻ

ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ ഉൾപ്പെടെയുള്ള കൊമ്പൻമാർ വന്ന നിലമ്പൂർ കാടുകളിൽ നിന്നാണ് മൂന്നാം വയസിൽ ശങ്കരംകുളങ്ങര ക്ഷേത്രത്തിലെത്തിയത്.


മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ പ്രത്യേക താത്പര്യം എടുത്താണ് നിലമ്പൂർ കോവിലകവുമായി ബന്ധപ്പെട്ട് മണികണ്ഠനെ ശങ്കരംകുളങ്ങരയിലെത്തിച്ചത്. അന്ന് ചെറിയ തുക നൽകിയാണ് ദേവസ്വം മണികണ്ഠനെ സ്വന്തമാക്കിയത്. എതാനും വർഷങ്ങൾക്ക് ഉള്ളിൽ തൃശൂർ പൂരത്തിന്റെ ഭാഗമായി. ആദ്യം പൂരത്തിന് മുന്നോടിയായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പറയ്ക്കും മറ്റുമാണ് മണികണ്ഠൻ പോയത്.

പിന്നെ വളർന്ന് വലുതായതോടെ മണികണ്ഠന്റെ തലയെടുപ്പ് പൂരനഗരിയിൽ ഉയർന്നു. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഏത് വമ്പന്മാർ വന്നാലും ആരാധകർ സ്‌നേഹപൂർവം വിളിക്കുന്ന മണി തൃശൂർ പൂരത്തിൽ ഉണ്ടാകും. പൂരനഗരിയെ വിറപ്പിച്ച് നടക്കുന്ന വെടിക്കെട്ടിൽ പുരുഷാരം കിടുങ്ങുമ്പോൾ തെല്ലും കൂസലില്ലാതെ ചെവിയാട്ടി മണികണ്ഠൻ നിൽക്കും. അതുകൊണ്ട് വെടിക്കെട്ട് സമയത്ത് തിരുവമ്പാടിയുടെ ഭഗവതിയുടെ തിടമ്പ് ആര് വഹിക്കണമെന്ന കാര്യത്തിൽ തർക്കമുണ്ടാകാറില്ല.

ഇപ്പോൾ പ്രായം അൽപ്പമേറിയതോടെ വെടിക്കെട്ട് സമയത്തെ എഴുന്നള്ളിപ്പിൽ നിന്ന് മാറി. ഏതാനും വർഷമായി തിരുവമ്പാടി ഭഗവതി പൂര ദിവസം മഠത്തിലേക്ക് വരുമ്പോൾ തിടമ്പേറ്റുന്നത് മണികണ്ഠനാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page