മുരിയാട് പഞ്ചായത്തിലെ “നൂറുദിന പരിപാടി” മാധ്യമ ശ്രദ്ധ നേടാനുള്ള ഗിമ്മിക്കെന്ന് കോൺഗ്രസ് ആക്ഷേപം

മുരിയാട് : പഞ്ചായത്തിൽ രണ്ടാം നൂറു ദിന കർമ്മ പരിപാടിയെന്ന പേരിൽ നടത്താൻ പോകുന്നത് മാധ്യമശ്രദ്ധ നേടാനുള്ള വെറും ഗിമ്മിക്കാണെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം കുറ്റപ്പെടുത്തി. പദ്ധതി നിർവഹണത്തിൽ ഏറെ പിന്നിലായ പഞ്ചായത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഈ പരിപാടിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കുക എന്നത് ജനങ്ങളുടെ അവകാശമാണ്. അത് പഞ്ചായത്തിന്റെ ഔദാര്യമെന്ന നിലയിൽ താക്കോൽദാനം നടത്തി ഗുണഭോക്താക്കളെ സമൂഹ മധ്യത്തിൽ അപമാനിക്കുകയാണ്.

മുൻ ഭരണസമിതികളും ഇത്തരത്തിൽ ഭവന നിർമാണത്തിന് സഹായം നൽകിയിട്ടുണ്ട്. ആക്കാലങ്ങളിലൊന്നും ഇത്തരത്തിലുള്ള പ്രഹസനങ്ങൾ നടത്തി പാവപെട്ട ജനങ്ങളെ അപമാനിച്ചിട്ടില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും ജില്ലാ ബ്ളോക് പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് വീടുകൾ നിർമിക്കുന്നത്. അത് പഞ്ചായത്തിന്റെ മാത്രം പദ്ധതിയെന്ന നിലയിലാണ് ഇപ്പോൾ കൊട്ടിഘോഷിക്കുന്നത്.


മുഴുവൻ പണവും നൽകാതെ പല വീടുകളുടെയും പണികൾ ഇപ്പോഴും പാതി വഴിയിലാണ്.അവർക്ക് വീട് പണി പൂർത്തികരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.

രണ്ടു വർഷം മുൻപ് ഇത്തരത്തിൽ നടത്തിയ നൂറുദിന പരിപാടികളിൽ പ്രഖ്യാപിച്ച ഒന്നു പോലും നടന്നിട്ടില്ല. വെറും ഉദ്‌ഘാടനങ്ങൾ മാത്രമാണ് നടന്നത്. ഇതുമൂലം ജനങ്ങളിൽ നിന്നും വളരെ എതിർപ്പ് നേരിട്ടിട്ടുണ്ടെന്നും അതിനാൽ നൂറുദിന പരിപാടിയെന്ന പേരിൽ നടത്തുന്ന പ്രഹസനങ്ങൾക്ക് തങ്ങൾ കൂട്ട് നിൽക്കില്ലെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

പാർലമെന്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ, ബ്ളോക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ.വൃന്ദകുമാരി, ജിനി സതീശൻ, നിത അർജുനൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page