ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയ അവസാനഘട്ടത്തിലേക്ക്, വിജ്ഞാപനം ഗസറ്റിൽ; ഹിയറിംഗ് ജനുവരി 29, 30, 31 തിയ്യതികളിൽ: മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയ അവസാനഘട്ടത്തിലേക്ക് കടന്നതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതിന്റെ ഭാഗമായി 19(1) വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചതായും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

സംസ്ഥാനപാതയില്‍ കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള ഭാഗമാണ്‌ വീതി കൂട്ടിയാണ് ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസിപ്പിക്കുന്നത്. ഇതിനാവശ്യമായ സ്ഥലമേറ്റെടുക്കലിന് 41,86,13,821 രൂപ കഴിഞ്ഞ ദിവസം ട്രഷറിയിലെത്തിച്ചതിനു പിന്നാലെയാണ് നടപടിയ്ക്ക് ആക്കം കൂട്ടി ഗസറ്റ് വിജ്ഞാപനം.

ഏറ്റെടുക്കാൻ പോകുന്ന ഭൂമിയുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരത്തുക സംബന്ധിച്ച അവകാശവാദം, അളവ് സംബന്ധിച്ച ആക്ഷേപം തുടങ്ങിയവ ഉന്നയിക്കാൻ ജനുവരി 29, 30, 31 തിയ്യതികളിൽ ഹിയറിംഗ് നടക്കുമെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. ഈ ദിവസങ്ങളിൽ രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് മൂന്നര വരെ തൃശൂർ ലാൻഡ് അക്വീസിഷൻ (ജനറൽ) തഹസിൽദാറാണ് ഹിയറിംഗ് നടത്തുക. തൃശൂരിലെത്തി ഹിയറിംഗിൽ പങ്കെടുക്കുന്നതിലെ അസൗകര്യം ഒഴിവാക്കാൻ മുകുന്ദപുരം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലാകും ഹിയറിംഗ്. ഇതിനു സൗകര്യമൊരുക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളില്‍ പെട്ട 0.7190 ഹെക്ടര്‍ ഭൂമിയാണ് ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിനായി ഏറ്റെടുക്കുന്നത്. പൊതുകാര്യത്തിനാണെന്നത് പരിഗണിച്ച് പൊന്നുംവിലയ്ക്കാണ് ഭൂമി ഏറ്റെടുക്കുന്നത്. ഗുണഭോക്താക്കൾക്ക് തുക കൈമാറുന്നതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്ത് നിർമ്മാണപ്രവൃത്തികൾ ആരംഭിക്കും – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

You cannot copy content of this page