സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ ജനുവരി 24ന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്തുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ചു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അനധികൃതമായി ജോലിക്കു ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി കണക്കാക്കും. പണിമുടക്കു ദിവസത്തെ ശമ്പളം 2024 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് (ഗസറ്റഡ് ജീവനക്കാർ ഉൾപ്പെടെ) അടിയന്തര സാഹചര്യങ്ങളിലൊഴികെ 2024 ജനുവരി 24ന് യാതൊരു തരത്തിലുള്ള അവധിയും അനുവദിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാരനോ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാൽ (അടുത്ത ബന്ധുക്കൾ എന്നാൽ ജീവനക്കാരന്റെ ഭാര്യ/ഭർത്താവ്/മക്കൾ/മാതാപിതാക്കൾ), ജീവനക്കാരുടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിന്, ജീവനക്കാരിയുടെ പ്രസവാവശ്യത്തിന്, സമാനമായ മറ്റ് ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങൾ എന്നീ സാഹചര്യങ്ങളിലൊഴികെ അവധി അനുവദിക്കാൻ പാടില്ല.
ചികിത്സാ ആവശ്യത്തിനുള്ള അവധിക്ക് അപേക്ഷിക്കുന്നവർ സർക്കാർ ഡോക്ടർമാരിൽ നിന്നും ഒപ്പും സീലും പതിപ്പിച്ച നിർദ്ദിഷ്ടമാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, വകുപ്പ് അദ്ധ്യക്ഷൻമാരുടെയോ, അവധി അനുവദിക്കാൻ നിയുക്തരാക്കപ്പെട്ട ഉദ്യോഗസ്ഥരുടെയോ മുൻപാകെ ഹാജരാക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാധുതയിൽ സംശയം തോന്നുകയാണെങ്കിൽ അടിയന്തരമായി മെഡിക്കൽ ബോർഡ് മുൻപാകെ ഹാജരാകാൻ അപേക്ഷകന്/അപേക്ഷകർക്ക് നിർദ്ദേശം നൽകണം. അവധിക്കുള്ള കാരണം എന്തുതന്നെയായാലും, അവധി സമരത്തിൽ പങ്കെടുക്കാനാണെന്ന ഉത്തമവിശ്വാസമുണ്ടെങ്കിൽ, അവധി അനുവദിക്കാനുള്ള അധികാരസ്ഥാനത്തിന് അത്തരം അപേക്ഷകൾ നിരസിക്കാം.
ജീവനക്കാരിൽ നിന്നും ലഭിക്കുന്ന അവധി അപേക്ഷകൾ ഉടൻ തീർപ്പാക്കണം. ലഭിക്കുന്ന അപേക്ഷകൾ തീർപ്പാക്കാതെ സൂക്ഷിക്കാൻ പാടില്ല. ഓരോ ഓഫീസ് മേധാവിയും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരിൽ അവധി അനുവദിച്ചവരുടെ വിശദാംശങ്ങളും ആവശ്യമെങ്കിൽ അവധി അനുവദിച്ചതിനുള്ള ന്യായീകരണവും വകുപ്പ് മേധാവിയെ അറിയിക്കണം.
അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്കു ദിവസം അനുമതി ഇല്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്യും.
പണിമുടക്ക് ദിവസം രാവിലെ 11.30ന് മുമ്പായി വകുപ്പ് മേധാവിമാർ അവരവരുടെ കീഴിലുള്ള മുഴുവൻ ഓഫീസുകളിലെയും ആകെ ജീവനക്കാരുടെ എണ്ണം, ഹാജരായ ജീവനക്കാരുടെ എണ്ണം, അനധികൃതമായി ഹാജരാകാത്ത ജീവനക്കാരുടെ എണ്ണം, അവധി അനുവദിച്ചിട്ടുള്ള ജീവനക്കാരുടെ എണ്ണം, അവധിക്കപേക്ഷിച്ച ജീവനക്കാരുടെ എണ്ണം എന്നിവ ക്രോഡീകരിച്ച് പൊതുഭരണ വകുപ്പിനെ അറിയിക്കണം. ജില്ലാ കളക്ടർമാർ പണിമുടക്ക് ദിവസം രാവിലെ 11.30 ന് മുമ്പായി അവരവരുടെ ഓഫിസുകളിലെയും ജില്ലയിലെ പ്രധാന ഓഫീസുകളുടെയും പൊതുസ്ഥിതി സംബന്ധിച്ച ക്രോഡീകരിച്ച റിപ്പോർട്ട് പൊതുഭരണ വകുപ്പിനെ അറിയിക്കണം. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഹാജർനില അതത് വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി/ സ്‌പെഷ്യൽ സെക്രട്ടറി എന്നിവർ (വകുപ്പു തലത്തിൽ ക്രോഡീകരിച്ച്) പൊതുഭരണ വകുപ്പിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com