സന്നദ്ധ സേവന സംഘടനയുമായി ഇരിങ്ങാലക്കുടയിൽ കോൺഗ്രസും – നിയോജകമണ്ഡലം കമ്മിറ്റി പുതിയതായി രൂപം കൊടുക്കുന്ന രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ രൂപീകരണ പ്രഖ്യാപനം വി.എം സുധീരൻ നിർവഹിച്ചു

ഇരിങ്ങാലക്കുട : സന്നദ്ധ സേവനവും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സംഘപരിവാർ സംഘടനകളും ഇടതുപക്ഷ സംഘടനകളും ഇരിങ്ങാലക്കുടയിൽ കാര്യമായ രീതിയി വേരൂന്നുകയും പ്രവർത്തന മികവുകൊണ്ട് ജനശ്രദ്ധ ആകർഷിക്കുമ്പോളും കോൺഗ്രസ്സിന് ഈ മേഖലയിൽ കാര്യമായി പ്രവർത്തിക്കാൻ ഇടമുണ്ടായിരുന്നില്ല.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സേവാഭാരതി വർഷങ്ങളായി നടത്തിവരുന്ന കഞ്ഞി വിതരണവും, സിപിഐഎമ്മിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പിആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ്‌, ആർദ്രം പാലിയേറ്റീവ് കെയർ എന്നിവയുടെ പ്രവർത്തനങ്ങളും, ഇരിങ്ങാലക്കുടയിലെ മുൻ എംഎൽഎയായ അഡ്വ. തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തിലുള്ള നീഡ്‌സ് സന്നദ്ധ സംഘടനയും പ്രവർത്തന മികവുകൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റി കൊണ്ടിരിക്കുകയാണ്. ഇത്തരം സംഘടനകളിലേക്ക് സന്നദ്ധ സേവകരായും പ്രവർത്തകരായും വളരെയധികം പേർ ചേരുന്നുമുണ്ട്.

ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിക്ക് കിട്ടിയ വോട്ടും ജനപിന്തുണയും, ഒരു പരിധിവരെ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിൽ സ്വാധീനിച്ചതിന്റെ പ്രതിഫലനമാണെന്ന് തിരിച്ചറിവും, ആർദ്രം നീഡ്‌സ് പോലെയുള്ള സംഘടനകളിലൂടെ ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെല്ലാനും അവരുടെ പരമപ്രധാനമായ ആവശ്യങ്ങൾ തിരിച്ചറിയുകയും നടത്തിക്കൊടുക്കുകയും ചെയ്യുക വഴി സ്വാധീനം ഉണ്ടാക്കാൻ കഴിയുമെന്ന ഉൾവിളി കോൺഗ്രസിൽ ഇപ്പോൾ വന്നിട്ടുണ്ട്.

ആഴ്ചകൾക്ക് മുമ്പ് രാജീവ് ഗാന്ധി ഭവനിൽ നടന്ന പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് ഉത്തരമായി എം.പി ജാക്സൺ ഇരിങ്ങാലക്കുടയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു സന്നദ്ധ സംഘടന ഉടൻ നിലവിൽ വരുമെന്ന് സൂചന നൽകിയിരുന്നു.

ഒടുവിൽ കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക കമ്മിറ്റി പുതുതായി രൂപം കൊടുക്കുന്ന രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിലൂടെ ഈ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ്. മറ്റു സംഘടനകളിൽ കാണുന്ന പോലെ കോൺഗ്രസ് പ്രവർത്തകർ എത്രപേർ സന്നദ്ധ സേവനരംഗത്ത് ആത്മാർത്ഥമായി പ്രവർത്തിക്കും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

ചാരിറ്റബിൾ ട്രസ്റ്റിന്റെ രൂപീകരണ പ്രഖ്യാപനം വി.എം സുധീരൻ ഇരിങ്ങാലക്കുടയിൽ നിർവഹിച്ചു. കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന “ഓർമ്മകളിൽ ഉമ്മൻചാണ്ടി “എന്ന അനുസ്മരണ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിശ്രമമില്ലാതെ ഓടിനടന്ന് പ്രവർത്തിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് ഉമ്മൻചാണ്ടിയെന്ന് വി.എം സുധീരൻ അനുസ്മരിച്ചു. ചടങ്ങിൽ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി സെക്രട്ടറി കെ.ബി ശശികുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജാ സജീവ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലുക്കാരൻ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മാരായ മോളി ജേക്കബ്,ഗീതാ മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page