ഈസ്റ്റർ, സത്യത്തിന്റെയും നീതിയുടെയും അന്തിമ വിജയം – ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ – ഈസ്റ്റർ സന്ദേശം

‘ക്രിസ്തു‌ ഉയിർത്തെഴുന്നേറ്റു, അവൻ സത്യമായും ഉയിർത്തെഴുന്നേറ്റു!’ ഈ സന്തോഷവാർത്ത ലോകമെങ്ങും മുഴങ്ങുന്ന ഈ പുണ്യദിനത്തിൽ ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതമാണ് ക്രിസ്‌തുവിൻ്റെ പുനരുത്ഥാനം. ഇരുളിൻ്റെ മേൽ വെളിച്ചവും, മരണത്തിന്മേൽ ജീവനും നേടിയ വിജയമാണിത്. ഈ മഹാസംഭവത്തിൽ നിന്ന് നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്ന മൂന്ന് ചിന്തകൾ പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

1. സത്യത്തിന്റെയും നീതിയുടെയും അന്തിമ വിജയം
തിന്മയ്ക്കും അസത്യത്തിനും താൽക്കാലികമായ വിജയങ്ങൾ ഉണ്ടായേക്കാം. ക്രിസ്‌തുവിനെ വിചാരണ ചെയ്ത‌തപ്പോഴും ക്രൂശിച്ചപ്പോഴും അനീതി ജയിച്ചു എന്ന് ലോകം കരുതി. എന്നാൽ മൂന്നാം നാൾ ശൂന്യമായ കല്ലറ ലോകത്തോട് വിളിച്ചുപറഞ്ഞു: ‘സത്യം എന്നും ജയിക്കും.’ വിശുദ്ധ അഗസ്റ്റിൻ പറഞ്ഞതുപോലെ, ‘ദൈവം ഒന്നിനെയും വെറുതെ സംഭവിക്കാൻ അനുവദിക്കുന്നില്ല; തിന്മയിൽ നിന്ന് പോലും നന്മ ഉളവാക്കാൻ അവിടുത്തേക്ക് കഴിയുന്നു’. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: ‘സത്യവും സ്നേഹവുമാണ് എപ്പോഴും വിജയിച്ചിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാം. സ്വേച്ഛാധിപതികളും കൊലപാതകികളും അനീതിയും അഴിമതിയും ചെയ്യുന്നവരും ഒരുകാലത്ത് അജയ്യരായി തോന്നിയിരിക്കാം, പക്ഷേ അവസാനം അവർ തകർന്നടിയും. ‘ഉത്ഥിതനായ ഈശോ സത്യത്തിലും നീതിയിലും അധിഷ്‌ഠിതമായ സമാധാനമാണ് നമുക്ക് നല്‌കുന്നത്. അവിടന്ന് അരുൾ ചെയ്യുന്നു ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ട് പോകുന്നു; എൻ്റെ സമാധാനം നിങ്ങൾക്ക് ഞാൻ നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നൽകുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങൾ ഭയപ്പെടുകയും വേണ്ട.’ (യോഹന്നാൻ 14:27).

2. കുരിശില്ലാതെ മഹത്വമില്ല
യേശു തന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ കാണിച്ചു കൊടുത്തത് തൻ്റെ മഹത്വത്തിന്റെ കിരീടമല്ല, മറിച്ച് പീഡാനുഭവത്തിൻ്റെ മുറിപ്പാടുകളാണ്. ആ മുറിവുകൾ വിജയത്തിന്റെ അടയാളങ്ങളായിരുന്നു. കുരിശിലെ വേദനയില്ലാതെ ഉയിർപ്പിൻ്റെ സന്തോഷമില്ല.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഉദ്ബോധിപ്പിച്ചത് ഇപ്രകാരമാണ്: ‘ഭയപ്പെടരുത്! ക്രിസ്തുവിനായി നിങ്ങളുടെ ഹൃദയവാതിലുകൾ തുറന്നുകൊടുക്കുക. കുരിശിലൂടെ മാത്രമേ നമുക്ക് വെളിച്ചത്തിലേക്ക് എത്താൻ കഴിയൂ.’ നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും രോഗങ്ങളും തകർച്ചകളും വെറുതെയല്ല. അവ ദൈവമഹത്വത്തിലേക്കുള്ള വഴികളാണ്. കുരിശു ചുമക്കാൻ തയ്യാറുള്ളവർക്ക് മാത്രമേ ഉയിർപ്പിൻ്റെ ആനന്ദം അനുഭവിക്കാൻ കഴിയൂ. ഉത്ഥിതനായ ഈശോയെ തിരിച്ചറിഞ്ഞത് അവിടത്തെ മുറിപ്പാടുകളിലൂടെയാണ്. വചനം ഇപ്രകാരം പറയുന്നു,
“അവൻ തൻ്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ട് ശിഷ്യന്മാർ സന്തോഷിച്ചു.’ (യോഹന്നാൻ 20:20).

3. ദൈവം കൂടെയുള്ളതിൻ്റെ ധൈര്യം
ദൈവമില്ലാത്ത മനുഷ്യൻ ഭയചകിതനാണ്. എന്നാൽ ഉയിർത്തെഴുന്നേറ്റ ക്രിസ്‌തു കൂടെയുണ്ടെന്ന ബോധ്യം നമുക്ക് അളവറ്റ ധൈര്യം നൽകുന്നു. ഭയത്തിൻ്റെ അടച്ചിട്ട വാതിലുകൾക്ക് പിന്നിലിരുന്ന ശിഷ്യന്മാർക്ക് ക്രിസ്‌തു നൽകിയ ഏറ്റവും വലിയ ദാനം ധൈര്യമായിരുന്നു.

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പറഞ്ഞിട്ടുണ്ട്: ‘ഇരുട്ടിനെ ഇരുട്ടുകൊണ്ട് നേരിടാനാവില്ല, വെളിച്ചത്തിന് മാത്രമേ അതിന് കഴിയൂ’. ആ വെളിച്ചമാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തു. ദൈവത്തോടൊപ്പമായിരിക്കുമ്പോൾ നാം അജയ്യരാണ്. അവിടുത്തെ ജീവശ്വാസം നമ്മെ ശക്തരാക്കുന്നു.

‘ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും; എങ്കിലും ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു’. (യോഹന്നാൻ 16:33).

പ്രിയപ്പെട്ടവരേ, ഈ ഈസ്റ്റർ വെറുമൊരു ആഘോഷമല്ല, മറിച്ച് ഒരു പുതിയ തുടക്കമാണ്. കല്ലറയ്ക്കു പുറത്തുവന്ന ക്രിസ്‌തുവിനെപ്പോലെ, നമ്മുടെ ഭയങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും പുറത്തുവന്ന് പ്രത്യാശയുടെ വെളിച്ചത്തിൽ നടക്കാൻ നമുക്ക് സാധിക്കട്ടെ. ഈ ഈസ്റ്റർ സന്ദേശം നമ്മുടെ ജീവിതത്തിലും സമൂഹത്തിലും വലിയ മാറ്റങ്ങൾ വരുത്തട്ടെ എന്ന് ആശംസിക്കുന്നു. ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ. ഈസ്റ്ററിൻ്റെ ഹൃദ്യമായ മംഗളങ്ങൾ സ്നേഹപൂവ്വം നേരുന്നു. Easter Message Bishop Mar Pauly Kannukkadan of the Diocese of Irinjalakuda –

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page