നൂറിൽ തൊട്ട് വേണുജിയുടെ വിശ്വവിഖ്യാതമായ ‘നവരസസാധന’ – 17, 18 തിയതികളില്‍ നടനകൈരളിയുടെ ‘കൊട്ടിച്ചേതം’ അരങ്ങില്‍ ദേശീയ നാട്യോത്സവം

ഇരിങ്ങാലക്കുട : അഭിനയഗുരു വേണുജിയുടെ നേതൃത്വത്തില്‍ നടനകൈരളിയില്‍ സംഘടിക്കപ്പെട്ടുവരുന്ന നവരസ സാധനയുടെ 100 -ാമത് ശില്പശാലയുടെ ആഘോഷത്തിന്‍റെ ഭാഗമായി ആഗസ്ത് 17, 18 തിയതികളില്‍, വൈകിട്ട് 6 മണി മുതല്‍ ദേശീയ നാട്യോത്സവം സംഘടിപ്പിക്കുന്നു.

നടനകൈരളിയുടെ ‘കൊട്ടിച്ചേതം’ അരങ്ങില്‍ ആഗസ്ത് 17 വ്യാഴാഴ്ച കര്‍ണ്ണാടകയിലെ കഥക് നര്‍ത്തകി കൃതി, മോഹിനിയാട്ടം നര്‍ത്തകിമാരായ കലാമണ്ഡലം അമലു സതീഷ്, ആമീന ഷാനവാസ് എന്നിവര്‍ക്കു പുറമെ ഗൗരവ് ബിഷ്ത് അവതരിപ്പിക്കുന്ന ഹ്രസ്വനാടകൺ അരങ്ങേറും.

18 വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ രാധിക മുലായ്, കര്‍ണ്ണാടകയിലെ ദീപ്തി ഹാത്വാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഭരതനാട്യവും കൂടാതെ മഹാരാഷ്ട്രയിലെ അജയ് മെഹ്‌റ, സഞ്ജയ് ഗോസ്വാമി, മധ്യപ്രദേശിലെ രാജമൗലി ദീക്ഷിത് എന്നിവര്‍ പങ്കെടുക്കുന്ന നാടാകാവതരണവും ഉണ്ടായിരിക്കും. നടനകൈരളി ഡയറക്ടര്‍ കപിലാവേണു സാംസ്‌ക്കാരിക സംഘത്തെ സ്വാഗതം ചെയ്ത് സംസാരിക്കും.

നർത്തകനും, പണ്ഡിതനും, കൂടിയാട്ടത്തിന്റെ സമർപ്പിത അഭ്യാസിയുമായ വേണുജി നാട്യ ശാസ്ത്രത്തിന്റെ പ്രത്യേക വശങ്ങളെ പ്രായോഗികമായി പ്രയോഗിക്കാൻ അനുവദിക്കുന്ന അഭിനയ/ആവിഷ്കാരത്തിൽ വികസിപ്പിച്ചെടുത്ത ഒരു അതുല്യ പരിശീലന പരിപാടിയാണ് നവരസസാധന.

നവരസ സാധനാ സമ്പ്രദായം അതിന്റെ രൂപകല്പനയിൽ 33 വ്യാഭിചാരി ഭാവങ്ങളും ഉൾക്കൊള്ളുന്ന ഒരേയൊരു പരിശീലന പരിപാടിയാണ് എന്നത് സവിശേഷമാണ്. രാജ്യത്തിൻറെ പലഭാഗങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും അഭിനയ സമ്പ്രദായത്തിൽ പങ്കെടുത്ത് മടങ്ങിയവർ ആയിരത്തിലധികം പേരാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page