ഇരിങ്ങാലക്കുട : ‘കൂടൽമാണിക്യം’ എന്ന പേര് പല സംഘടനകളും പണപ്പിരിവിനായി ഉപയോഗിക്കുന്നു എന്ന ഗുരുതര ആരോപണവുമായി കൂടൽമാണിക്യം ദേവസ്വം. ക്ഷേത്രവുമായി ബന്ധപെട്ടതാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പല പരിപാടികളും പല സംഘടനകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നതിൽ വ്യാപക പണപ്പിരിവ് ഉണ്ടെന്നു പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി , ഭരണസമതി അംഗം അഡ്വ കെ ജി അജയ് കുമാർ എന്നിവർ പറഞ്ഞു.
അത്തം എത്തിയതോടെ കൂടൽമാണിക്യം കിഴക്കേ നടയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി കൂടൽമാണിക്യ സായാഹ്നകൂട്ടായ്മ പതിവായി ഇടാറുള്ള പൂക്കളത്തിനു പുറമെ ഇത്തവണ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ പുതിയ ഒരു പൂക്കളം കൂടി വന്നു. ഈ വര്ഷം മുതൽ ദേവസ്വം നേരിട്ടാണ് പൂക്കളം ഒരുക്കുന്നത് എന്ന് ഒരു അറിയിപ്പും ദേവസ്വം പുറത്തുവിട്ടിരുന്നു .
ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് വിശദികരണം നല്കവേയാണ് കൂടൽമാണിക്യത്തിന്റെ പേരിലുള്ള വിവിധ “കൂട്ടായ്മകൾ”ക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങൾ ഉൾപ്പടെ ദേവസ്വം അധികൃത ഉന്നയിച്ചത്. കൂടൽമാണിക്യം ദേവസ്വത്തിന്റെ സ്ഥലത്തോ പേരിലോ എന്ത് പരിപാടികൾ നടത്തുവാനും മുൻകൂർ അനുമതി ആവശ്യമാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി പറഞ്ഞു. ഇത്തവണ കിഴക്കേ നടയിൽ പൂക്കളം ഒരുക്കുവാൻ ആരുടെയും അപേക്ഷ ലഭിച്ചിട്ടില്ലെന്നും, ദേവസ്വം ആർക്കും അനുമതി നൽകിയിട്ടില്ലെന്നും അവർ അറിയിച്ചു. മുൻകൂർ അനുമതിയില്ലാത്ത പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ ഉണ്ടാക്കും.
എന്നാൽ പതിവുള്ള പൂക്കളം ഇത്തവണയും കൂടൽമാണിക്യ സായാഹ്നകൂട്ടായ്മ ബുധനാഴ്ച രാത്രി ഒരുക്കി. ഇത് പൂരോഗമിക്കുന്നതിനിടെ രാത്രി പത്തുമണിയോടെ കൂടൽമാണിക്യം ചെയർമാൻ സി കെ ഗോപി, മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ കെ ജി അജയകുമാർ , ബിന്ദു, ക്ഷേത്രം ജീവനക്കാർ എന്നിവർ കിഴക്കേനടയിൽ എത്തുകയും, സായാഹ്നകൂട്ടായ്മ ഒരുക്കിയ പൂക്കളത്തിനോട് ചേർന്ന് മറ്റൊരു പൂക്കളത്തിന്റെ നിർമാണം ആരംഭിക്കുകയും ചെയ്തു.
ദേവസ്വത്തിന്റെ അനുമതിയില്ലാതെയാണ് സായാഹ്നകൂട്ടായ്മ പൂക്കളം ഒരുക്കിയത് എന്ന് അഡ്വ കെ ജി അജയ് കുമാർ പറഞ്ഞു . അടുത്ത ദിവസവവും ഇവർ പൂക്കളം ഒരുക്കിയാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, പരാതി ലഭിച്ചാൽ തുടർ നടപടികൾ എടുക്കുമെന്നായിരുന്നു ദേവസ്വത്തിന്റെ മറുപടി.
തുടർന്നുള്ള ദിവസങ്ങളിലും പൂക്കളം ഇടുന്നതിന് താല്പര്യം ഉള്ള ഭക്തജനങ്ങൾക്ക് രാത്രി 8.30 ന് ക്ഷേത്രം കിഴക്കേ നടയിൽ എത്തിച്ചേർന്ന് പങ്കാളികളാകാമെന്നും ദേവസ്വം അറിയിപ്പിൽ പറയുന്നു
സായാഹ്നകൂട്ടായ്മ പ്രവർത്തകരുമായി ദേവസ്വം കഴിഞ്ഞ കുറച്ചു മാസങ്ങളായി പലപ്പോളായി പല വിഷയങ്ങളിൽ തുടർന്ന് പോരുന്ന അഭിപ്രായ ഭിന്നതകളിൽ നിന്നും ഉടലെടുത്തതാണ് നിലവിലെ പൂക്കള വിവാദം എന്ന് അനുമാനിക്കപ്പെടുന്നു.
ആനയൂട്ട് , തിരുവാതിര, നവരാതി ആഘോഷങ്ങൾ എന്നിവ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കൂടൽമാണിക്യത്തിൽ നടന്നു വരികയായിരുന്നു പതിവ്. എന്നാൽ പിന്നീട് പലപ്പോളായി ഇവയെല്ലാം ഇപ്പോൾ ദേവസ്വം നേരിട് നടത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നു. ഇത് പല വിമർശനങ്ങൾക്കും ഇടനൽകുന്ന വേളയിലാണ് ഇപ്പോൾ പൂക്കളവും ദേവസ്വം നേരിട്ട് നടത്തുവാൻ തീരുമാനിച്ചത്.
തങ്ങൾ ആരെയും മാറ്റി നിറുത്തുന്നില്ലെന്നും എല്ലാ ഭക്തജനങ്ങൾക്കും ഇത്തരം പരിപാടികൾ ദേവസ്വമായി ചേർന്ന് മുൻകൂർ അനുമതിയോടുകൂടി തുടർന്നും പങ്ക്‌ചേരാമെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. പരിപാടികൾ എല്ലാം ദേവസ്വത്തിന്റെ പേരിലാകണം എന്നും കൂട്ടിച്ചേർത്തു.
തങ്ങൾ കൂടൽമാണിക്യത്തിന്റെ പേര് ദുരുപയോഗം ചെയ്തു ഒരു പണപ്പിരിവും നടത്തിയിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കൂടൽമാണിക്യ സായാഹ്നകൂട്ടായ്മ പ്രവർത്തകർ പറഞ്ഞു. ദേവസ്വത്തിലെ ചിലരുടെ സ്ഥാപിത താല്പര്യങ്ങൾ ആണ് നിലവിലെ പ്രശ്നങ്ങൾക്ക് ആധാരം എന്നും അവർ പറയുന്നു.
അത്തം മുതൽ കൂടൽമാണിക്യം ക്ഷേത്രനടയിൽ ഒരുമയുടെയും സ്നേഹത്തോടെയും ചേർന്ന് ഒരുക്കിയിരുന്ന പൂക്കളവും അന്തരീക്ഷവും വാശിയുടെയും മത്സരത്തിന്റെയും ഈഗോയുടെയും നിലവാരത്തിലേക്ക് താഴുന്നു എന്നുള്ളതിൽ സംഗമേശ്വര ഭക്തർ ആശങ്കയിലാണ്.
ഇരുകൂട്ടരുമായി ഇരിങ്ങാലക്കുട ലൈവ് നടത്തിയ തത്സമയ അഭിമുഖം കാണാം ….
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com