ഇരിങ്ങാലക്കുട : നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത സാമൂഹ്യ മുന്നേറ്റത്തിൻ്റെ നേട്ടങ്ങൾ നിലനിർത്താൻ കഴിയാത്തത് വർത്തമാനകേരളത്തിൻ്റെ പോരായ്മയാണെന്ന് സി.പി.ഐ ദേശീയ എക്സി. അംഗം കെ.പി. രാജേന്ദ്രൻ പ്രസ്താവിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈയിടെ ഉണ്ടായ കഴക വിവാദം പ്രബുദ്ധകേരളത്തിന് അപമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.ഐ തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കുട്ടംകുളം സമരത്തിൻ്റെ 79-ാം വാർഷികാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സമര സ്മരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരഭൂമിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പതാക ഉയർത്തി. സംഘാടക സമിതി കൺവീനർ ടി.കെ. സുധിഷ് അദ്ധ്യക്ഷനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി നേരിട്ട് നേതൃത്വം നൽകി നടത്തിയ കുട്ടംകുളം സമരത്തിന് ശേഷമാണ് കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായതും പിന്നോക്ക ജനവിഭാഗങ്ങൾക്ക് ക്ഷേത്രങ്ങളിലേക്ക് പ്രവേശനം ലഭിച്ചതും. ചരിത്ര പ്രധാനമായ ഈ സമരത്തിൻ്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന സമര സ്മാരകം എത്രയും പെട്ടെന്ന് നിർമ്മിക്കാൻ ബന്ധപ്പെട്ട ഭരണാധികാരികൾ മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്മരണച്ചടങ്ങിൽ കെ.ജി ശിവാനന്ദൻ, ഷീന പറയങ്ങാട്ടിൽ, കെ.എസ്. ജയ, എൻ.കെ. ഉദയപ്രകാശ്, ബിനോയ് ഷബീർ, അനിത രാധാകൃഷ്ണൻ, മിഥുൻ പോട്ടക്കാരൻ തുടങ്ങിയവർ സംസാരിച്ചു. പി. മണി സ്വാഗതവും അഡ്വ. പി. ജെ. ജോബി നന്ദിയും പറഞ്ഞു.
സി.പി.ഐ ജില്ലാ സമ്മേളനം ജൂലൈ 10 മുതൽ 13 വരെയാണ് ഇരിങ്ങാലക്കുടയിൽ നടക്കുന്നത്. 5 മുതൽ വിവിധ കലാ സാംസ്കാരിക അനുബന്ധ പരിപാടികൾ നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive