വിദ്യാർത്ഥികളുമായി സൗഹൃദ സംവാദത്തിന് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് ‘കോഫി വിത്ത് ഡി.പി.സി – ഇൻസ്പയറിംഗ് യങ് മൈൻഡ്സ്’

ഇരിങ്ങാലക്കുട : വിദ്യാർത്ഥികളും പോലീസും തമ്മിലുള്ള സൗഹൃദപരമായ ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും യുവതലമുറ നേരിടുന്ന വിവിധ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കുന്നതിനുമായി കേരളാ പോലീസ് നടപ്പാക്കുന്ന ‘കോഫി വിത്ത് ഡി.പി.സി – ഇൻസ്പയറിംഗ് യങ് മൈൻഡ്സ്’ പരിപാടിയുടെ ഭാഗമായി ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ വിദ്യാർത്ഥികളുമായി ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് നേരിട്ട് സംവദിച്ചു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് ജില്ലാ പോലീസ് മേധാവിയുമായി സൗഹൃദാന്തരീക്ഷത്തിൽ നേരിട്ട് ആശയങ്ങൾ പങ്കുവയ്ക്കാനും ചോദ്യങ്ങൾ ചോദിക്കാനും തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും അവതരിപ്പിക്കാനും അവസരമൊരുക്കി.


പോലീസ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സൗഹൃദപരവും തുറന്നതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കോഫി വിത്ത് ഡി.പി.സി – ഇൻസ്പയറിംഗ് യങ് മൈൻഡ്സ്’ എന്ന പരിപാടിക്ക് തൃശ്ശൂർ റൂറൽ ജില്ലയിൽ തുടക്കമിട്ടത്. വിദ്യാർത്ഥികൾക്ക് പോലീസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിന്റെ പങ്ക് മനസ്സിലാക്കാനും പോലീസുമായി ബന്ധപ്പെട്ട തങ്ങളുടെ സംശയങ്ങളും ആശങ്കകളും തുറന്ന് പങ്കുവയ്ക്കാനും പരിപാടിയിലൂടെ അവസരം ലഭിക്കുന്നു. ഔപചാരികമായ ചോദ്യോത്തര രീതിക്ക് പകരം വിദ്യാർത്ഥികളുടെ സ്വതന്ത്രമായ ഇടപെടലിനും അഭിപ്രായ പ്രകടനത്തിനും പ്രാധാന്യം നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്.

യുവാക്കൾ നേരിടുന്ന സമകാലിക സാമൂഹിക പ്രശ്നങ്ങൾ പരിപാടിയിൽ പ്രധാനമായും ചർച്ച ചെയ്തു. പ്രത്യേകിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗവും ലഹരിക്കെതിരായ യുവജനങ്ങളുടെ ഇടപെടലും വിശദമായി ചർച്ചയായി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, യുവാക്കൾ ലഹരിയുടെ പിടിയിൽപ്പെടാതിരിക്കേണ്ടതിന്റെ ആവശ്യകത, ഇത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയുടെ പ്രാധാന്യം എന്നിവ സംബന്ധിച്ച് സംവാദം നടന്നു. ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ യുവാക്കൾക്ക് വഹിക്കാവുന്ന പ്രധാന പങ്കിനെക്കുറിച്ചും വിദ്യാർത്ഥികളുമായി ജില്ലാ പോലീസ് മേധാവി ആശയങ്ങൾ പങ്കുവച്ചു.


തുടങ്ങിയ വിഷയങ്ങളും ഇത്തരം സംവാദങ്ങളുടെ ഭാഗമായി പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. സൈബർ ലോകത്ത് വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിലും സംശയാസ്പദമായ ലിങ്കുകളും സന്ദേശങ്ങളും ഇടപാടുകളും ഒഴിവാക്കുന്നതിലും യുവാക്കൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ നൽകുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.


വിദ്യാർത്ഥികൾക്ക് ഏറെ പ്രസക്തമായ സൈബർ സുരക്ഷ, സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം, റോഡ് സുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ മുൻകരുതലുകൾ തുടങ്ങി യുവതലമുറയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലും ഭാവിയിൽ ഇത്തരം സംവാദങ്ങൾ കേന്ദ്രീകരിക്കും. വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങളും അനുഭവങ്ങളും പോലീസുമായി പങ്കുവയ്ക്കാൻ അവസരമൊരുക്കുന്നതിലൂടെ പോലീസ്–വിദ്യാർത്ഥി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.


നിമിഷ കെ.കെ., ശ്വേത ഐ.എ., അനജ് എം.എസ്., ഷാരോൺ ജോസ്, ഫിസ മറിയം, ആബേൽ സാജു, അശ്വന്ത് ബാബു, പ്രാർത്ഥന പ്രസാദ്, ദേവികൃഷ്ണ സി.എം., സഫൽ മല്ലിക്, സജൽ മല്ലിക്, ജി.ആർ. രാം മോഹിത്, കൃഷ്ണ കെ.വി., നിരഞ്ജന കെ.യു., സാന്ദ്ര കെ.എസ്., അബിന ബിജു എന്നിവരടക്കമുള്ള വിദ്യാർത്ഥികളാണ് ഇന്ന് 01-09-2026 തിയ്യതി രാലിവെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ വെച്ച് നടന്ന് പരിപാടിയിൽ സജീവമായി പങ്കെടുത്തത്.


ഔപചാരികതകൾ പരമാവധി ഒഴിവാക്കി സൗഹൃദാന്തരീക്ഷത്തിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾക്ക് പോലീസിനോട് കൂടുതൽ തുറന്ന മനസ്സോടെ സംസാരിക്കാനുള്ള അവസരമായി. പോലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നത് ഭയപ്പെടേണ്ടതോ ഔപചാരികമായ നടപടിക്രമങ്ങളിൽ മാത്രം ഒതുങ്ങുന്നതോ അല്ലെന്ന സന്ദേശം വിദ്യാർത്ഥികളിലെത്തിക്കാനും പരിപാടിയിലൂടെ സാധിച്ചു. സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പോലീസിനൊപ്പം യുവജനങ്ങൾക്കും നിർണായക പങ്കുണ്ടെന്നും അതിനായി യുവാക്കളുടെ സജീവമായ ഇടപെടലും ഉത്തരവാദിത്തബോധവും അനിവാര്യമാണെന്നും സംവാദത്തിൽ വ്യക്തമാക്കി.


തൃശ്ശൂർ റൂറൽ ജില്ലയിലെ വിവിധ പോലീസ് സബ് ഡിവിഷനുകളിലും പോലീസ് സ്റ്റേഷനുകളിലും സമാനമായ പരിപാടികൾ സംഘടിപ്പിക്കും. ‘കോഫി വിത്ത് ഡി.പി.സി – ഇൻസ്പയറിംഗ് യങ് മൈൻഡ്സ്’, ‘കോഫി വിത്ത് ഡിവൈ.എസ്.പി – ഇൻസ്പയറിംഗ് യങ് മൈൻഡ്സ്’, ‘കോഫി വിത്ത് എസ്.എച്ച്.ഒ – ഇൻസ്പയറിംഗ് യങ് മൈൻഡ്സ്’ എന്നീ തലങ്ങളിലായി പരിപാടി സംഘടിപ്പിച്ച് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മാറിമാറി പങ്കെടുക്കാൻ അവസരമൊരുക്കും. വിദ്യാർത്ഥികളും പോലീസും തമ്മിലുള്ള അകലം കുറച്ച് പരസ്പര വിശ്വാസവും സഹകരണവും വളർത്തുന്നതിനും സുരക്ഷിതവും ഉത്തരവാദിത്ത ബോധമുള്ളതുമായ പൗരന്മാരായി യുവതലമുറയെ വളർത്തിയെടുക്കുന്നതിനുമാണ് ഈ സംരംഭത്തിലൂടെ തൃശ്ശൂർ റൂറൽ പോലീസ് ലക്ഷ്യമിടുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page