മനുഷ്യ മസ്തിഷ്കത്തിന്മേൽ മനുഷ്യനിർമ്മിത മസ്തിഷ്കം ആധിപത്യം സ്ഥാപിക്കുമ്പോൾ ശാസ്ത്രീയ വീക്ഷണവും ശാസ്ത്രബോധവും സമൂഹത്തിൽ അനിവാര്യം – മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : വിവരവിസ്ഫോടനത്തിന്‍റെ യുഗത്തിൽ മനുഷ്യമസ്തിഷ്കത്തിനുമേൽ മനുഷ്യനിർമ്മിത മസ്തിഷ്കം ആധിപത്യം സ്ഥാപിച്ചു വരുമ്പോൾ ശാസ്ത്രീയ വീക്ഷണവും ശാസ്ത്രബോധവും പൊതുസമൂഹത്തിൽ അനിവാര്യമെന്ന് ഡോ ആർ ബിന്ദു. ഇ. കെ.എൻ വിദ്യാഭ്യാസ ഗവേഷണ വികസനകേന്ദ്രത്തിന്‍റെ സംഘാടനത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്( ഓട്ടോണമസ്), സെന്‍റ് ജോസഫ് കോളേജ്(ഓട്ടോണമസ്), കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ശാസ്ത്ര പാടവ പോഷണ പരിപാടിയുടെ 2023-24 വർഷത്തെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.

ഉദ്ഘാടന ശേഷം കാലാവസ്ഥ വ്യതിയാനവും അതിജീവനവും എന്ന വിഷയത്തെ ആസ്പദമാക്കി പരിസ്ഥിതി ശാസ്ത്രജ്ഞനും, സംസ്ഥാന ദുരന്തനിവാരണ സമിതിയിലെ അംഗവുമായ ഡോ എസ് ശ്രീകുമാർ ക്ലാസ് എടുത്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സെമിനാർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ക്രൈസ് കോളേജ് പ്രിൻസിപ്പൽ റെവ്. ഫ. ഡോ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷാജി എസ്,സെന്‍റ് ജോസഫ് കോളേജ് പ്രിൻസിപ്പാൾ ഡോ സിസ്റ്റർ ബ്ലസി, ഇ.കെ.എൻ വിദ്യാഭ്യാസ കേന്ദ്ര പ്രസിഡന്‍റ്, ഡോ മാത്യൂപോൾ ഊക്കൻ, സെക്രട്ടറി ഇ വിജയകുമാർ,കൺവീനർ മായ കെ എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റിയമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

You cannot copy content of this page