കുഴിക്കാട്ടുശ്ശേരി : വിവർത്തനത്തിൻ്റെ മേഖലയിൽ മികച്ച സംഭാവനകൾ അർപ്പിച്ചവർക്ക് കുഴിക്കാട്ടുശ്ശേരി ഗ്രാമിക നൽകുന്ന ഇ.കെ ദിവാകരൻ പോറ്റി പുരസ്കാരം ഈ വർഷം ഏ കെ റിയാസ് മുഹമ്മദിന് നൽകാൻ തീരുമാനിച്ചിരിക്കുന്നു. കാസർകോട് ജില്ലയിലെ ഉപ്പള സ്വദേശിയായ ഏ കെ റിയാസ് മുഹമ്മദ് ഇപ്പോൾ മസ്കറ്റിലാണ് ജോലി ചെയ്യുന്നത്.
കന്നഡ, തമിഴ്, തുളു ഭാഷകളിലെ കവിതകളും കഥകളും നോവലും മറ്റ് എഴുത്തുകളും മലയാളത്തിലേയ്ക്ക് ധാരാളമായി വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് ഏ കെ റിയാസ് മുഹമ്മദ്. കന്നഡയിലെ പുതിയ ചെറുകഥാകൃത്തുക്കളുടെ കഥകളുടെ വിവർത്തനമായ ‘ചുവന്ന തത്തയും മറ്റു കഥകളും – കന്നഡയിലെ പുതുകഥകൾ’, ശ്രീലങ്കൻ തമിഴ് എഴുത്തുകാരുടെ കഥകളുടെ വിവർത്തനമായ ‘ശ്രീലങ്കൻ കഥകൾ’, കന്നഡയിലെ പ്രസിദ്ധ യുവ എഴുത്തുകാരനായ അബ്ദുൾ റഷീദിൻ്റെ ലക്ഷദ്വീപ് ജീവിതാനുഭവമായ ‘കാറ്റോശയും പിഞ്ഞാണവും – ലക്ഷദ്വീപ് ഡയറി’, പ്രസിദ്ധ തമിഴ് എഴുത്തുകാരനായ ചാരു നിവേദിതയുടെ നാടകം ‘അൻ്റോണിൻ ആർത്തോ- ഒരു വിപ്ലവകാരിയുടെ ഉടൽ’, പ്രസിദ്ധ ശ്രീലങ്കൻ എഴുത്തുകാരൻ ഷോഭാശക്തിയുടെ നോവൽ ‘സലാം അലൈക്ക്’ എന്നിവയാണ് റിയാസ് മുഹമ്മദ് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത പ്രധാന കൃതികൾ.
കെ.സച്ചിദാനന്ദൻ, പി എൻ ഗോപീകൃഷ്ണൻ, പി കെ കിട്ടൻ എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് ഈ അവാർഡിന് റിയാസ് മുഹമ്മദിനെ തെരഞ്ഞെടുത്തത്.
നമ്മുടെ അയൽഭാഷകളായ തമിഴ്, കന്നഡ, തുളു ഭാഷകളിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്യുന്നു എന്നതാണ് റിയാസ് മുഹമ്മദിനെ വ്യത്യസ്തനാക്കുന്ന ഘടകം എന്ന് കമ്മറ്റി നിരീക്ഷിക്കുകയുണ്ടായി. ഭാഷ മാത്രമല്ല, ഭാവുകത്വവും ചോരാതെ വിവർത്തനം ചെയ്യാനുള്ള ശ്രദ്ധ റിയാസ് മുഹമ്മദിൽ പ്രകടമാണ്. പുതിയ ഭാവുകത്വ പരിസരങ്ങളിൽ നിന്നുള്ള കൃതികളാണ് മലയാളത്തിന് റിയാസ് മുഹമ്മദ് പരിചയപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. വിവിധ സാഹിത്യ ശാഖകളിൽ പെടുന്ന കൃതികൾ വിവർത്തനം ചെയ്യുക വഴി സമഗ്രമായ ഒരു സാംസ്കാരിക പരിസരത്തെയാണ് റിയാസ് മുഹമ്മദ് മലയാളത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത് എന്നും കമ്മറ്റി അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ വിവർത്തകനുമായ ഇ കെ ദിവാകരൻ പോറ്റിയുടെ സ്മരണാർത്ഥം നല്കുന്ന ഈ അവാർഡ് 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്. പോറ്റി മാസ്റ്ററുടെ ചരമ വാർഷികത്തോടനു ബന്ധിച്ച് ജൂലായിൽ ഗ്രാമികയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽവച്ച് പുരസ്കാര സമർപ്പണവും സ്മാരക പ്രഭാഷണവും നടക്കും. ദിവാകരൻ പോറ്റിയുടെ സ്മാരകമായി ആരംഭിക്കുന്ന വായനശാലയുടെ ധനസമാഹരണം ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
പുരസ്കാര നിർണ്ണയ സമിതി അംഗം പി എൻ ഗോപീകൃഷ്ണൻ, കുഴിക്കാട്ടുശ്ശേരി ഗ്രാമിക പ്രസിഡണ്ട് പി കെ കിട്ടൻ, ഗ്രാമിക മുൻ പ്രസിഡണ്ട് ഡോ. വടക്കേടത്ത് പത്മനാഭൻ, ഗ്രാമിക വൈസ് പ്രസിഡണ്ട് ഇ കെ മോഹൻദാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive