നഗരസഭാ റോഡുകളുടെ മരാമത്തു പണികൾ എത്രയും വേഗം തീർക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തം : മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : നഗരസഭാ പരിധിയിലെ മുനിസിപ്പൽ റോഡുകളുടെ മരാമത്തു പണികൾ എത്രയും വേഗം തീർക്കാൻ നഗരസഭാ അധികൃതർ ഊർജ്ജിതമായി ഇടപെടണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി.

മണ്ഡലത്തിലെ സംസ്ഥാന സർക്കാർ ഉറസ്ഥതയിൽ ഉള്ള പൊതുമരാമത്ത് റോഡുകൾ എല്ലാം തന്നെ ഉന്നത നിലവാരത്തിൽ നവീകരിച്ചിട്ടുണ്ട്. മാപ്രാണം നന്തിക്കര റോഡ് (15 കോടി), ആനന്ദപുരം നല്ലായി റോഡ് (12 കോടി), കിഴുത്താണി കാറളം റോഡ് (6 കോടി), പൊറത്തിശ്ശേരി കാറളം റോഡ് (4കോടി), എടതിരിഞ്ഞി കാട്ടൂർ റോഡ് (3കോടി), തൊമ്മാന തുമ്പൂർ പുത്തൻചിറ റോഡ് (2 കോടി), എഴുന്നള്ളത്ത് പാത റോഡ് (5 കോടി), ആളൂർ കൊമ്പിടി റോഡ് (5 കോടി), കാക്ക തിരുത്തി മതിലകം റോഡ് (1കോടി), കരുവന്നൂർ സൗത്ത് ബണ്ട് റോഡ് (1കോടി) എന്നീ റോഡുകൾ അപ്രകാരം നവീകരിക്കപ്പെട്ടവയാണ്.



മണ്ഡലത്തിലെ മറ്റ് പൊതുമരാമത്ത് റോഡുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തിവരുന്നുണ്ട്. ഇരിങ്ങാലക്കുടയിലൂടെ കടന്നുപോകുന്ന തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡിന്റെ കോൺക്രീറ്റിംഗ് പ്രവർത്തികൾ നടന്നുവരുന്നു.

എന്നാൽ നഗരസഭയുടെ ചുമതലയുള്ള റോഡുകളുടെ കാര്യത്തിൽ മുൻസിപ്പാലിറ്റി കാണിക്കുന്ന അനാസ്ഥ മൂലം ഈ റോഡുകളുടെ അവസ്ഥ മോശമായി തുടരുകയാണ്. അതിന്റെ ഉത്തരവാദിത്തം എം എൽ എയുടെ തലയിൽ കെട്ടിവയ്ക്കാൻ നടത്തുന്ന ശ്രമങ്ങൾ തികച്ചും അന്യായമാണ്.



എംഎൽഎ എന്ന നിലയിൽ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 30 റോഡുകൾക്കായി 8.50 കോടി രൂപ സംസ്ഥാന ഗവൺമെന്റ് അനുവദിച്ചിട്ടുണ്ട്. ഇതിൽ പാർക്ക് വ്യൂ റോഡ് (45 ലക്ഷം), പേഷ്കാർ റോഡ് (45 ലക്ഷം) തളിയക്കോണം സ്റ്റേഡിയം കിണർ റോഡ് (36.4 ലക്ഷം) വായനശാല കലി റോഡ് (42.1 ലക്ഷം) പറക്കുളം ഗാന്ധിഗ്രാം റോഡ് (28 ലക്ഷം) സാന്ത്വന സദൻ റോഡ് (31.3 ലക്ഷം) എന്നിങ്ങനെ 2.278 കോടി രൂപ നഗരസഭ പ്രദേശത്തെ റോഡുകൾക്കാണ് നൽകിയിട്ടുള്ളത്.

ഇതുകൂടാതെ ഫ്ലഡ് ഫണ്ട്, എം എൽ എ ഫണ്ട് എന്നിവ ഉപയോഗിച്ച് 1.18 കോടി രൂപയുടെ റോഡ് നിർമ്മാണ പ്രവർത്തികളും ഇരിങ്ങാലക്കുട നഗരസഭയിൽ നടത്തിയിട്ടുണ്ട്. നഗരസഭയുടെ ചുമതലയിലുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നഗരസഭയുടെ ഇടപെടൽ അനിവാര്യമായും ഉണ്ടാകണമെന്ന്
മന്ത്രി ഡോ. ബിന്ദു ആവശ്യപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page