ഇരിങ്ങാലക്കുട : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങളുടെ ആശങ്കകൾ പങ്കുവെച്ച് ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ദേവസ്വം 2025 തിരുവുത്സവത്തിനോട് അനുബന്ധിച്ചുള്ള സംഘാടകസമിതി ക്ഷേത്രത്തിൻറെ പടിഞ്ഞാറേ ഊട്ടുപുരയിൽ ചേർന്നു. 18131000 രൂപ വരവും 17868000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് എസ്റ്റിമേറ്റും സംഘാടകസമിതി മീറ്റിംഗിൽ അവതരിപ്പിച്ചു. എസ്റ്റിമേറ്റ് അംഗീകരിക്കുകയും വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകാനും തീരുമാനിച്ചു. 2024 തിരുവുത്സവത്തിന് 16571379 രൂപ വരവും 15847556 രൂപ ചിലവും 723832 രൂപ നീക്കിയിരുപ്പും ഉണ്ടായിരുന്നു.
2025 മെയ് എട്ടാം തീയതി കൊടിയേറി പതിനെട്ടാം തീയതി രാപ്പാൾ കടവിലെ ആറാട്ടോടു കൂടി പരിസമാപിക്കുന്ന കൂടൽമാണിക്യം തിരുവുത്സവത്തിന് 17 ആനകളെയാണ് എഴുന്നള്ളിക്കുന്നത്. കിഴക്കേ നടപ്പുരയിലും പടിഞ്ഞാറെ നടപ്പുരയിലും ആനകളെ നിരത്തിനിർത്തിയാണ് മേളവും നടക്കുക. ഹൈക്കോടതി പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ആനകൾ തമ്മിലുള്ള അകലം മൂന്നു മീറ്റർ വേണമെന്നാണ്. ഇതുപ്രകാരം രണ്ട് നടപ്പന്തലുകളിലും 17 ആനകളെ ഒരുമിച്ച് നിർത്തുവാൻ സാധ്യമല്ല.
ആനകളുടെ സമീപത്തുനിന്ന് 5 മീറ്റർ അകലെയായി വേണം തീവെട്ടി സ്ഥാപിക്കാൻ. ഇവയെല്ലാം കൂടൽമാണിക്യത്തിന്റെ മേളത്തെയും ആന എഴുന്നള്ളിപ്പിനെയും ബാധിക്കും എന്നാണ് ഭക്തജനങ്ങൾ കരുതുന്നത്. ഈ ആശങ്കകൾ അവർ സംഘാടകസമിതി യോഗത്തിൽ അറിയിച്ചു. 17 ആനകളെയും എഴുന്നള്ളിപ്പിക്കുന്ന രീതിയിൽ നിയമാനുസൃതം ഉത്സവം നടത്തണമെന്നാണ് ആഗ്രഹം എന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
ഇതിന് പുറമെ മറ്റു ചില പ്രശ്നങ്ങൾ കൂടെ ചൂണ്ടിക്കാണിക്കപ്പെട്ടു. രാവിലെ 9നും വൈകിട്ട് 5നും ഇടയിൽ ആനകളെ റോഡുകളിലൂടെ എഴുന്നള്ളിപ്പിക്കാൻ പാടില്ലെന്ന് നിയമവും വന്നിട്ടുണ്ട്. ഇത് കൂടൽമാണിക്യം ആറാട്ടിനെ സാരമായി ബാധിക്കും. കൂടാതെ ക്ഷേത്ര ചടങ്ങിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നിർത്തുന്നു എന്ന് ഒരു വാർത്തയും പുറത്തുവന്നിട്ടുണ്ട്. കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവൻ പുറത്തോട്ട് എഴുന്നള്ളുമ്പോൾ ഇത് പതിവാണ്.
ആശങ്കകൾ വേണ്ടെന്നും ഉത്സവത്തിന് മാസങ്ങൾ ബാക്കിയുണ്ടെന്നും, അതിനുമുമ്പ് പരിഹാരങ്ങൾ ഉണ്ടാകുമെന്നാണ് ദേവസ്വം അധികൃതരുടെ പ്രതീക്ഷ. തൃശ്ശൂർ പൂരവും ആറാട്ടുപുഴ പൂരവും ഇരിങ്ങാലക്കുട ഉത്സവത്തിന് മുൻപേ വരുന്നതുകൊണ്ട് പ്രശ്നപരിഹാരം സാധ്യമാണെന്നാണ് വിചാരിക്കുന്നത്.
ക്ഷേത്രം തന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ച ചടങ്ങിൽ ദേവസ്വം മെമ്പർമാരായ അഡ്വ കെ.ജി അജയകുമാർ സ്വാഗതവും രാഘവൻ മുളങ്കാടൻ നന്ദിയും രേഖപ്പെടുത്തി. ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മെമ്പർ ഡോ. മുരളി ഹരിതം അംഗങ്ങൾ ഉന്നയിച്ച വിവിധ സംശയങ്ങൾക്ക് മറുപടി നൽകി.
ദേവസ്വം മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ വി.സി.പ്രഭാകരൻ, ബിന്ദു, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ, മുൻ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, ഐ.സി.എൽ ഫിൻ കോർപ് എം ഡി അഡ്വ കെ.ജി അനിൽകുമാർ, ലഷ്മണമൻ നായർ, സാവിത്രി ലക്ഷമണൻ, ഭക്തജനങ്ങൾ, ദേവസ്വം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com