മെഡിക്കൽ സമരം ഇരിങ്ങാലക്കുട മേഖലയിലും പുരോഗമിക്കുന്നു, പലയിടങ്ങളിലും ഒ.പിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും സ്തംഭിച്ചു

ഇരിങ്ങാലക്കുട : ആശുപത്രികൾക്കും ആരോഗ്യ പ്രവ൪ത്തക൪ക്കുമെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന മെഡിക്കൽ സമരം ഇരിങ്ങാലക്കുട മേഖലയിലും പുരോഗമിക്കുന്നു. സമരത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ രോഗികൾ വലഞ്ഞു. പലയിടങ്ങളിലും ഒ.പിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും പൂർണമായും സ്തംഭിച്ചിട്ടുണ്ട്.

രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ ഒ.പി ബഹിഷ്കരിച്ചുകൊണ്ടുള്ള സമരത്തില്‍ നിന്ന് അത്യാഹിത വിഭാഗത്തെയും എമ൪ജ൯സിയെയും പല ആശുപത്രിയിലും ഒഴിവാക്കിയിട്ടുണ്ട്. വിവിധ ആശുപത്രികളിൽ ഡോക്ടര്‍മാരടക്കം എല്ലാ വിഭാഗം ആശുപത്രി ജീവനക്കാരും സമരത്തിൽ പ്ലക്കാ൪ഡുകളുമേന്തി പങ്കാളികളായി.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നുണ്ട്. രോഗികൾ കൂടുതലായി ഉള്ളതിനാൽ അത്യാഹിത വിഭാഗത്തിന്റെ പുറത്തെ വരാന്തയിൽ ഡോക്ടർമാർ രോഗികളെ നോക്കുന്നുണ്ട്. എമർജൻസി കേസുകൾ ഉണ്ടെങ്കിൽ ഡോക്ടർമാർ വരാൻ തയ്യാറാണ് എന്നും അറിയിച്ചിട്ടുണ്ട്.

മാപ്രാണം ലാൽ മെമ്മോറിയൽ ആശുപത്രിയിൽ നടന്ന യോഗത്തിൽ ആശുപത്രികൾക്കും ആരോഗ്യ പ്രവ൪ത്തക൪ക്കുമെതിരെ തുട൪ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിലും അതിനെതിരെ സമയബന്ധിതമായി ശക്തമായ നിയമനടപടികള്‍ ഇല്ലാത്തതിലുമുള്ള ആശങ്ക ആശുപത്രി ജീവനക്കാര്‍ പങ്കുവെച്ചു.

ഇരിങ്ങാലക്കുട മെറീന ആശുപത്രിയിൽ ജനറൽ ഒ പി പ്രവർത്തിക്കുന്നില്ല. അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ രോഗികളെ നോക്കുന്നുണ്ട്.

ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ആശുപത്രിയിൽ ജനറൽ ഒ പി പ്രവർത്തിക്കുന്നില്ല അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നുണ്ട്.

പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ജനറൽ ഒ പി പ്രവർത്തിക്കുന്നില്ല. എമർജൻസി കാഷ്വാലിറ്റി പ്രവർത്തിക്കുന്നുണ്ട് . ആശുപത്രിയിലെ കിടപ്പുരോഗികളെയും ഡോക്ടർമാർ പരിശോധിക്കുന്നുണ്ട് എന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സമരത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ ഗവൺമെൻ്റ് ആശുപത്രി മുതൽ ബസ്സ് സ്റ്റാൻഡ് വരെ ആരോഗ്യപ്രവർത്തകർ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. അതിനു ശേഷം മെഴുകുതിരി കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തും.

You cannot copy content of this page