ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതിയെ മുംബൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : കേരളത്തിൽ നിന്നുമുള്ള നിരവധി യുവാക്കളെ സ്വാധീനിച്ച് കമ്മിഷൻ നല്കി ബാങ്ക് അക്കൌണ്ടുകൾ എടുപ്പിക്കുകയും ഈ അക്കൌണ്ടുകൾ വഴി ഇന്ത്യയിൽ ആകമാനം നടക്കുന്ന സൈബർ കുറ്റകൃത്യങ്ങളിലൂടെ ചതിചെയ്തു തട്ടിയെടുത്ത കോടിക്കണക്കിന് പണം ATM Card, Cheque എന്നിവ ഉപയോഗിച്ച് പിൻവലിക്കുകയും ഇത് ക്രിപ്റ്റോ കറൻസി ആയി ചൈന, കംബോഡിയ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്ന പ്രധാന പ്രതിയായ കോഴിക്കോട്, കരുവിശേരി, മാളികടവ്, സ്വദേശി നിബ്രാസ് മഹൽ വീട്ടിൽ അജ്സൽ 24 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.


ഓൺലൈൻ ട്രേഡിംഗ് ചെയ്യുന്ന BGC (Barrick Gold Capital) എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് ഫേസ്ബുക്ക് മെസ്സഞ്ചർ, വാട്സ് ആപ്പ്, ടെലഗ്രാം എന്നീ സോഷ്യൽ മീഡിയകളിലൂടെ മെസ്സേജ് അയച്ച് വിശ്വസിപ്പിച്ച് ട്രേഡിംഗ് ചെയ്യുന്ന വാലറ്റ് ആവലാതിക്കാരന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ട്രേഡിംഗ് ചെയ്യാനാണെന്ന വ്യാജേനയും Tax, Withdrawal Charge, Conversion Fee എന്നീ ഇനത്തിലുമാണെന്ന് തെറ്റിദ്ധരിപ്പിച്ചും തട്ടിപ്പ് നടത്താനുപയോഗിക്കുന്ന വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് 1,08,78,935/-(ഒരു കോടി എട്ട് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി തൊളള്ളായിരത്തി മുപ്പത്തി അഞ്ച്) രൂപ ചാലക്കുടി പരിയാരം സ്വദേശി മാളാക്കാരൻ വീട്ടിൽ ബിനു പോൾ 47 വയസ്സ് എന്നയാളിൽ നിന്നാണ് തട്ടിയെടുത്തത്.


പരാതിക്കാരന്റെ ഫേസ് ബുക്ക് അക്കൗണ്ടിന്റെ മെസഞ്ചറിലേക്ക് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ ട്രേഡ് ചെയ്യുന്നതിന് താല്പര്യമുണ്ടോയെന്ന് ചെറിയ ഇൻവസ്റ്റ്മെന്റിലൂടെ വലിയ രീതിയിൽ ലാഭം ഉണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ട്രേഡ് ചെയ്യുന്നതിനുള്ള വാലറ്റിൽ കയറുന്നതിനുള്ള ലിങ്ക് അയച്ച് നൽകിയത്. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതിരിക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് ഇത് ഒരു തട്ടിപ്പാണെന്ന് മനസിലാക്കിയത്. തുടർന്ന് നാഷ്ണൽ സൈബർ ക്രൈം പോർട്ടലിൽ (NCRP) പരാതി രജിസ്റ്റർ ചെയ്തു. ആയതിന് ലഭിച്ച “അക്നോളജ്മെൻ്റ് നമ്പർ” സഹിതം തൃശ്ശൂർ റൂറൽ പോലീസ് സ്റ്റേഷനിൽ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഈ കേസിന്റെ അന്വേഷണത്തിൽ കേരളത്തിൽ നിന്നും കമ്മിഷണു വേണ്ടി അക്കൌണ്ടുകൾ വിറ്റ കോളേജ് വിദ്യാർഥികളായ മലയാളികളെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കോഴിക്കോട്, കരുവിശേരി, മാളികടവ്, സ്വദേശിയായ നിബ്രാസ് മഹൽ റഫീഖ് മകൻ അജ്സൽ മലയാളികളായ പല വിദ്യാർഥികളെയും കമ്മിഷൻ വ്യവസ്ഥയിൽ ബാംഗ്ലൂരിലേക്ക് എത്തിക്കുകയും പല ബാങ്കുകളിൽ നിന്നും നിർബന്ധിച്ച് അക്കൌണ്ടുകൾ എടുപ്പിക്കുകയും ഈ അക്കൌണ്ടുകളുടെ എടിഎം കാർഡുകളും ചെക്ക് ബുക്കുകളും കൈക്കലാക്കുകയും ഈ അക്കൌണ്ടുകൾ വഴി സൈബർ തട്ടിപ്പു നടത്തി ലഭിക്കുന്ന കോടികണക്കിന് പണം പിൻവലിച്ച് ക്രിപ്റ്റോ കറൻസി ആക്കി മാറ്റി മറ്റ് രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നത് അജ്സൽ ആണെന്ന് കണ്ടെത്തുകയായിരുന്നു.

പോലീസ് അന്വേഷിക്കുന്ന വിവരം അറസ്റ്റ് ചെയ്ത മറ്റ് പ്രതികളിൽ നിന്നും അറിഞ്ഞ അജ്സൽ ഒളിവിൽ പോവുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലുക്ക്ഔട്ട് നോട്ടീസ് റപ്പെടുവിക്കുകയായിരുന്നു. തായ്ലാന്റിലേക്ക് കടന്ന് രക്ഷപ്പെടുന്നതിനായി മുംബൈ എയർപോർട്ടിൽ വന്നപ്പോഴാണ് അജ്സലിനെ മുബൈ എയർപോർട്ടിൽ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം തടഞ്ഞ് വച്ചത്. തുടർന്ന് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചത് പ്രകാരം അന്വേഷണ സംഘത്തെ മുംബൈയിലേക്ക് അയക്കുകയായിരുന്നു.


തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ്, എസ് ഐ ആൽബി തോമസ് വർക്കി, ജി എസ് ഐ ജസ്റ്റിൻ കെ വി, സി പി ഒ മാരായ ശ്രീനാഥ് ടി പി, ശ്രീയേഷ് സി എസ്, ആകാശ് യു, പവിത്രൻ സി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ ഉടൻ ചെയ്യേണ്ടത്:

തട്ടിപ്പ് നടന്ന ഉടൻ തന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.
ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ https://cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി നൽകുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page