സദനം കൃഷ്ണൻകുട്ടി ആശാന് പട്ടിക്കാംതൊടി രാവുണ്ണി മേനോൻ സ്മാരക പുരസ്കാരം സമ്മാനിച്ചു

ഇരിങ്ങാലക്കുട : കഥകളി നടൻ സദനം കൃഷ്ണൻകുട്ടി ആശാന് പട്ടിക്കാംതൊടി രാവുണ്ണി മേനോൻ സ്മാരക പുരസ്കാരം സമ്മാനിച്ചു. കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ പരമാചാര്യൻ ആയിരുന്ന പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍റെ സ്മരണാർത്ഥം കേരള കലാമണ്ഡലം കല്പിത സർവകലാശാല ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം ചെറുതുരുത്തി കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ ഗുരുസ്മരണ ദിനമായ തിങ്കളാഴ്ച ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് വള്ളത്തോൾ ആചാര്യശ്രേഷ്ഠ പദ്മശ്രീ ഡോ. കലാമണ്ഡലം ഗോപിയിൽനിന്നാണ് ഏറ്റുവാങ്ങിയത്. 25,000 രൂപയാണ് പുരസ്കാരത്തുക.

പുരസ്കാര സമർപ്പണ ചടങ്ങിൽ കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ് കുമാർ പി അധ്യക്ഷത വഹിച്ചു. കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. എം വി നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗം ഡോ. കെ ബി രാജാനന്ദ് പുരസ്കാരജേതാവിനെ പരിചയപ്പെടുത്തി. കഥകളി നിരൂപകൻ ഡോ. എ എൻ  കൃഷ്ണൻ മാഷ് പട്ടിക്കാംതൊടി രാവുണ്ണി മേനോൻ അനുസ്മരണം നടത്തി.

ധർമ്മപുത്രരുടെ വേഷത്തിൽ വന്ന് അവാർഡ് സ്വീകരിച്ച സദനം കൃഷ്ണൻകുട്ടി ആശാൻ കഥകളി മുദ്രകളിലൂടെയാണ് മറുപടി പറഞ്ഞത്. മഹാചാര്യന്‍റെ പേരിൽ ഉള്ള ഈ പുരസ്‌കാരം ലഭിച്ചത് എന്‍റെ ഗുരുക്കന്മാരുടെയും ഗോപിയാശാന്‍റെയും നിങ്ങൾ എല്ലാവരുടെയും അനുഗ്രഹം കൊണ്ടാണ് എന്ന് പറഞ്ഞ് വേദിയിൽ വേഷത്തോടെ സാഷ്ടാംഗം നമസ്ക്കരിച്ചാണ് അദ്ദേഹം മറുമൊഴി പറഞ്ഞത്.

ആശംസ നേർന്ന പദ്മശ്രീ പെരുവനം കുട്ടൻ മാരാർ സദനം കൃഷ്ണൻകുട്ടി ആശാന് പദ്മശ്രീ കിട്ടി എന്ന വാർത്ത ഈ വർഷം തന്നെ കേൾക്കാൻ ഇട വരട്ടെ എന്നാശംസിച്ചു. പട്ടിക്കാം തൊടി രാവുണ്ണി മേനോനാശാന്‍റെ പേരിലുള്ള ഈ അവാർഡ് അതിനുള്ള ഗുരുവിന്‍റെ അനുഗ്രഹമാണ് എന്ന് കരുതാം എന്നും പറഞ്ഞു.

കേരള കലാമണ്ഡലം ഭരണ സമിതി അംഗം പദ്മശ്രീ പെരുവനം കുട്ടൻ മാരാർ, ടി കെ വാസു, കെ. രവീന്ദ്രനാഥ് എന്നിവരും സ്ക്രൂൾ പ്രിൻസിപ്പൽ ഡോ. എൻ ഹരികുമാർ, കലാമണ്ഡലം തെക്കൻ കളരി വകുപ്പ് മേധാവി കലാമണ്ഡലം രവികുമാർ എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു



കഥകളി വേഷം വടക്കൻ അധ്യാപകൻ കലാമണ്ഡലം ഹരിനാരായണൻ സ്വാഗതവും കലാമണ്ഡലം നീരജ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കഥകളിൽ കലാമണ്ഡലം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുറമേ പുരസ്കാര ജേതാവ് ഡോ. സദനം കൃഷ്ണൻകുട്ടി ആശാൻ കിർമ്മീരവധം കഥകളിയിൽ ധർമ്മപുത്രരായി വേഷമിട്ടു.

continue reading below...

continue reading below..

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O