പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം – ആരോഗ്യ വകുപ്പ്

അറിയിപ്പ് : മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവയ്ക്കെതിരേ ജാഗ്രത വേണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിലേ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.

സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രോട്ടോകോൾ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകൾ കെ.എം.എസ്.സി.എൽ. മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ ഭാഗമായി ‘മാരിയില്ലാ മഴക്കാലം’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഊർജിതമായി നടത്തിയിരുന്നു. ശുചീകരണത്തിൽ നിരന്തരമായ തുടർ പ്രവർത്തനങ്ങൾ ആവശ്യമാണ്.

വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇതിലൂടെ ഡെങ്കിപ്പനി, സിക പോലുള്ള കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കാം. കൊതുകിന്റെ ഉറവിട നശീകരണം അതുകൊണ്ടുതന്നെ ഉറപ്പാക്കേണ്ടതാണ്. വീടും പരിസരവും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. വീടിന്റെ അകത്തെ ചെടിച്ചട്ടികൾ, ഫ്രിഡ്ജിന്റെ ട്രേ തുടങ്ങി പ്രത്യേകം ശ്രദ്ധിക്കണം.

ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ വരാതിരിക്കാൻ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. മാലിന്യങ്ങൾ വലിച്ചെറിയരുത്. പാഴ് വസ്തുക്കളിൽ മഴവെള്ളം കെട്ടിനിൽക്കാതെ നോക്കണം. സ്‌കൂളുകൾ, സ്ഥാപനങ്ങൾ, തോട്ടങ്ങൾ, നിർമ്മാണ സ്ഥലങ്ങൾ, ആക്രിക്കടകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആക്രി സാധനങ്ങൾ മഴനനയാതിരിക്കാൻ മേൽക്കൂര ഉണ്ടായിരിക്കണം. നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകളിലും മറ്റുമുള്ള വെള്ളം അടച്ച് സൂക്ഷിക്കണം. ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും ഇക്കാര്യം ഉറപ്പ് വരുത്തണം.

രോഗം ബാധിച്ചാൽ ശ്രദ്ധിക്കാതിരുന്നാൽ എലിപ്പനി ഗുരുതരമാകും. അതിനാൽ മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവർ, ജോലി ചെയ്യുന്നവർ, കളിക്കുന്നവർ, തൊഴിലുറപ്പ് ജോലിക്കാർ എന്നിവർ എലിപ്പനി ബാധിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. ഹൈ റിസ്‌ക് ജോലി ചെയ്യുന്നവർ ഗ്ലൗസും കാലുറയും ഉപയോഗിക്കണം. എലിപ്പനിയെ പ്രതിരോധിക്കാൻ മണ്ണിലും, ചെളിയിലും, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആഴ്ചയിലൊരിക്കൽ കഴിക്കണം. ആരോഗ്യ കേന്ദ്രങ്ങൾ വഴി ഡോക്സിസൈക്ലിൻ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഏത് പനിയും എലിപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.

മഴക്കാലത്ത് ബാധിക്കുന്ന പ്രധാന രോഗമാണ് വയറിളക്ക രോഗങ്ങൾ. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ഏറ്റവും നല്ലത്. കിണർ തുടങ്ങിയ ജല സ്ത്രോതസുകളിൽ മലിന ജലം കലരാതെ സംരക്ഷിക്കണം. ക്ലോറിനേഷൻ കൃത്യമായി ചെയ്യണം. വെള്ളം എപ്പോഴും മൂടിവയ്ക്കുക. എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചാൽ നമ്മുടേയും പ്രിയപ്പെട്ടവരുടേയും ആരോഗ്യം സംരക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page