നിലപാടില്ലാത്ത അവനവനിസത്തിന്റെ അസ്കിതയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല, ഇടതുപക്ഷ ജീവിതമെന്ന് അൻവറിനെ ഓർമിപ്പിച്ച് മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച ഇടത് എംഎല്‍എ പി.വി. അൻവറിന്റെ നടപടികളെ വിമർശിച്ച്‌ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു . വ്യാഴാഴ്ച രാത്രി 11 മണിയോടെ തന്റെ ഫേസ്ബുക്കിലൂടെ ‘നിലപാടില്ലാത്ത അവനവനിസത്തിന്റെ അസ്കിതയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല, ഇടതുപക്ഷ ജീവിതം’ എന്ന് അൻവറിനെതിരെ മന്ത്രി പോസ്റ്റ് ഇട്ടത്. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട് . പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ …

(ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് …)
സൂര്യനെ പഴയ മുറം കൊണ്ട് മറയ്ക്കാൻ ശ്രമിച്ചാൽ ദയനീയമായി പരാജയപ്പെടുമെന്ന് മാത്രമല്ല, മുറം കരിഞ്ഞുപോകയും ചെയ്യും. നിലപാടില്ലാത്ത അവനവനിസത്തിന്റെ അസ്കിതയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല, ഇടതുപക്ഷ ജീവിതം. അവാസ്തവങ്ങളായ ജൽപ്പനങ്ങൾ നടത്തി ആളാവാൻ നോക്കുന്ന തന്നെപ്പൊക്കികൾക്ക് മനസ്സിലാവുന്നതല്ല, കമ്മ്യൂണിസ്റ്റുകാരുടെ ജീവിതം. പി വി അൻവർ മുഖ്യമന്ത്രിയെ കുറിച്ചും മറ്റും പത്രസമ്മേളനങ്ങളിലൂടെ പറഞ്ഞ വസ്തുതാവിരുദ്ധങ്ങളായ കാര്യങ്ങൾ സ്വാർത്ഥ താൽപ്പര്യപ്രേരിതം എന്ന് വ്യക്തം. ഭരണകക്ഷി എം എൽ എ യ്ക്ക് ഇത്തരം വിഷയങ്ങൾ നേതൃത്വത്തോട് പറയാൻ പത്രസമ്മേളനമല്ല, മാർഗ്ഗം. അൻവറിന്റെ പ്രസ്താവനകൾ അപലപനീയം…. ശക്തമായി പ്രതിഷേധിക്കുന്നു.

പിന്നിട്ട ഒരുപാട് വർഷങ്ങൾ പ്രശ്നങ്ങളില്ലാതെ നടന്ന തൃശൂർ പൂരം നടത്തിപ്പിൽ പ്രശ്നങ്ങളുണ്ടാക്കാൻ ഭരണകക്ഷി ശ്രമിച്ചു എന്നൊക്കെ പറയുന്നിടത്തോളം വങ്കത്തം വേറെ ഉണ്ടോ? ലക്ഷങ്ങൾ പങ്കെടുക്കുന്ന ജനപ്രിയഉത്സവമായ പൂരം കലയ്ക്കി ജനങ്ങൾക്ക് അതൃപ്തി ഉണ്ടാക്കാൻ തെരഞ്ഞെടുപ്പുകാലത്ത് ഭരണത്തിലെ ഉത്തരവാദപ്പെട്ട കക്ഷികൾ ശ്രമിക്കുമോ? ഇല്ല എന്ന് സാമാന്യബോധമുള്ളവർക്ക് മനസ്സിലാക്കാനാവും. ആ അസംബന്ധനാടകത്തിന്റെ പിന്നിൽ എന്താണ് ലക്ഷ്യമെന്നും ആരാണ് അതിന്റേ ഗുണഭോക്താവ് ആയത് എന്നും അറിഞ്ഞിരുന്നിട്ടും വായിൽ തോന്നിയത് വിളിച്ചു കൂവുന്ന അവിവേകത്തിന് കാലം മറുപടി പറയും എന്ന് അൻവറിനെ ഓർമിപ്പിക്കുന്നു…

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page