
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ആദ്യ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള ഋതുവിന്‍റെ രണ്ടാം പതിപ്പ് ജൂലൈ 18 ,19 തിയ്യതികളിൽ സെന്‍റ് ജോസഫ്സ് കോളേജിൽ നടക്കും. തൃശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി, ഇന്ദുചൂഡൻ ഫൗണ്ടേഷൻ എന്നിവരാണ് ഈ മേളയിലെ മുഖ്യപങ്കാളികൾ. ഇതോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾക്ക് കലാലയത്തിൽ തുടക്കം കുറിച്ചു കഴിഞ്ഞു. പരിസ്ഥിതി സിനിമകൾക്കൊപ്പം തന്നെ സംവിധായകരുമായുള്ള സംവാദവും ഈ മേളയിൽ നടക്കും.
കഴിഞ്ഞ വർഷമാണ് ഋതു എന്ന പേരിലുള്ള ചലച്ചിത്രമേള കോളേജിൽ ആരംഭിച്ചത്. അന്ന് ലഭിച്ച സമൂഹശ്രദ്ധയാണ് തുടർന്നും ഈ പരിപാടി നടത്തുവാൻ സംഘാടകരെ പ്രേരിപ്പിക്കുന്നത്.
ഈ വർഷത്തെ ചലച്ചിത്രോത്സവം സംസ്ഥാനചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ.പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തൃശ്ശൂർ ചലച്ചിത്ര കേന്ദ്ര ചെയർമാൻ ശ്രീ.ചെറിയാന്‍ ജോസഫ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് ശ്രീ.മനീഷ് അരീക്കാട്ട് തുടങ്ങിയവർ സംസാരിക്കും.
അരവിന്ദ് മോഹൻരാജ് സംവിധാനം ചെയ്ത കാട്, കാടർ, ഓങ്കൽ ആണ് ഉദ്ഘാടന ചിത്രം.തുടർന്ന് ഇരുപതോളം സിനിമകളും അവയുടെ സംവിധായകരും മേളയുടെ ഭാഗമാകും.
സമാന്തരമായി ഇന്ദുചൂഡൻ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന ഫോട്ടോഗ്രാഫി എക്സിബിഷനും ശ്രീ.മധുസൂദനൻ നയിക്കുന്ന ലൈവ് കാരിക്കേച്ചറും റിസർച്ച് ഹാളിൽ നടക്കും. ഹിസ്റ്ററി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ തത്സമയ മൺപാത്രനിർമ്മാണം, വിൽപ്പന, ചരിത്രപ്രദർശനം എന്നിവ നടക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉല്‍പന്നങ്ങളുടെ പ്രദർശനവും വിൽപനയും NIPMR,SANJO CRAFT എന്നീ സ്റ്റാളുകളില്‍ ഉണ്ടാവും. പുനരുപയോഗം, പരിസ്ഥിതി പ്രവർത്തനം എന്നീ ആശയങ്ങൾ ഫെസ്റ്റിവൽ ബാഗിലും ബാഡ്ജിലും കൊണ്ടുവരാൻ ഈ മേള ശ്രദ്ധിച്ചിട്ടുണ്ട്. ഉപയോഗിച്ചു ഉപേക്ഷിച്ച ജീൻസുപയോഗിച്ചാണ് ബാഗ് ചെയ്തിരിക്കുന്നത്.ശ്രീമതി മീര തമ്പാന്‍റെ ‘നമസ്കൃതി’യാണ് ഈ പ്രവർത്തനം സാക്ഷാത്കരിച്ചത്. സീഡുകൾ നിറച്ച പേപ്പറിലാണ് ബാഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ഡൽഹി ആസ്ഥാനമായുള്ള ഇക്കോമെയ്ഡ് എന്ന സ്ഥാപനമാണ് സീഡ്പാസ്സുകള്‍ നിർമ്മിച്ചു നൽകിയത്.

ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ്,കൃഷിഭവൻ തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളും മേളയിൽ സഹകരിക്കുന്നുണ്ട്. എഴുത്തുകാർക്കും വായനക്കാർക്കുമുള്ള ഇടങ്ങൾ, ഓപ്പൺ കോര്‍ഡ്സ് എന്ന തത്സമയ സംഗീത പരിപാടി, ഋതുരാഗം എന്ന ഡാൻസ് ഷോ, പരമ്പരാഗത കളികൾ,ഭക്ഷണമേള തുടങ്ങിയ വിവിധ പരിപാടികൾ മേളയിൽ കാണാം.
തുരുമ്പ് എന്ന ആശയത്തെ മുൻനിർത്തിയുള്ള ഫാഷൻ ഷോ ‘കാളിക’ മേളയുടെ മുഖ്യ ആകർഷണമാവും. വെള്ളത്തിന്‍റെ ഗുണനിലവാര പരിശോധന, ഈ-വേസ്റ്റ് നിർമാർജ്ജനം,ഇക്കോപോട്ട് വിൽപ്പന, ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ, പരിസ്ഥിതി സൗഹൃദ ബിസിനസ്സ് ആശയങ്ങളുടെ മത്സരം, പേപ്പർ പ്രസന്‍റെഷൻ മത്സരം, വിവിധ സെമിനാറുകൾ, സംവാദങ്ങൾ, യാത്രകൾ തുടങ്ങിയവയും ഈ വർഷം ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെ ഓലയിലെ കലാമത്സരം മുതൽ വൈദ്യരത്നം ആശുപത്രിയുമായി സഹകരിച്ചുള്ള ആയുർവേദ മെഡിക്കൽ ക്യാമ്പു വരെയും ഈ ദിവസങ്ങളിൽ നടക്കുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ മുതൽ കലാലയ വിദ്യാർത്ഥികൾ വരെ ഇതിൽ വിവിധ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഭാഷാവിഭാഗങ്ങളുടെ നേതൃത്വത്തിൽ സാഹിത്യസംബന്ധിയായ ഗംഭീരമായ ദൃശ്യവിരുന്നാണ് മേളയിൽ ഒരുങ്ങുന്നത്.
മേളയുടെ പുതുക്കിയ ലോഗോയുടെ റിലീസ് ഇന്നസെന്‍റ് സോണറ്റ് നിർവഹിച്ചു. ഫെസ്റ്റിവൽ ബാഗ്, ബാഡ്ജ് എന്നിവ നടനകൈരളിയിലെ ഗുരു വേണുജി നിർവഹിച്ചു. കാർണിവലിന്‍റെ കൊടിയേറ്റം ആദരണീയയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിച്ചു. NCC അവതരിപ്പിച്ച ‘കാവേറ്റം’ എന്ന തീം പ്രദർശനം ബിന്ദുടീച്ചർ ഉദ്ഘാടനം ചെയ്തു.
ജൂലൈ 19ന് അവസാനിക്കുന്ന മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർക്കും പൊതുജനങ്ങൾക്കും മേളയിൽ പ്രവേശനം ഉണ്ടായിരിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 6.00 വരെയാണ് പ്രദർശനം. കലാലയത്തിലെ എല്ലാ വകുപ്പുകളും നേതൃത്വം നൽകുന്ന ഓപ്പൺ ഡേയും ഈ ദിവസങ്ങളിൽ കാമ്പസിൽ നടക്കും.
പത്രസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ& ഫെസ്റ്റിവൽ ചെയർമാൻ ഡോ. സി. ബ്ലെസ്സി, ഫെസ്റ്റിവൽ ഡയറക്ടർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, സംഘാടക സമിതി വൈസ് ചെയർമാൻ പി.കെ. ഭരതൻ, ഋതു കോർ ടീം അംഗങ്ങളായ ശ്രുതി ദീപക്, നൈന മുളങ്ങിൽ, അരവിന്ദ് പി വി, നിത്യ വി ആർ, മീഡിയ കോർഡിനേറ്റർ അഞ്ജു ആൻ്റണി, സ്റ്റുഡന്‍റ് കോര്‍ഡിനേറ്റർ മിസ്. ഗൗരി നന്ദകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
