ഇരിങ്ങാലക്കുട : കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ.കൂടൽമാണിക്യം ദേവസ്വം സംഘടിപ്പിക്കുന്ന കൂടിയാട്ട മഹോത്സവത്തിൽ ഹനുദ്ദൂതാങ്കം കൂടിയാട്ടം ശനിയാഴ്ച ഹനൂമാന്റെ നിവ്വഹണാഭിനയം അരങ്ങേറി. പൂർവ്വകഥാഭിനയം അല്ലെങ്കിൽ ഫ്ലാഷ് ബാക്ക് കഥാവതരണം എന്ന് നിർവ്വഹണത്തെ സാധാരണയായി കരുതാം.
വിവിധ കഥാസന്ദർഭങ്ങൾ സത്വികം ആംഗികം തുടങ്ങിയ നാട്യശാസ്ത്രത്തിലെ നിർദ്ദേശമനുസരിച്ച് അഭിനയിയ്ക്കുന്നതിലൂടെ പ്രേക്ഷകരുടെ ചിന്താശക്തിയും ഭാവനാശക്തിയും മൂല്യബോധവും വളർത്തുകയെന്ന ലക്ഷ്യമാണ് ഈ അവതരണത്തിലൂടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.
ഹനൂമാൻ സമുദ്രലംഘനം ചെയ്ത് ലങ്കയിലെത്തുന്ന കഥാഭാഗമാണ് തിരഞ്ഞെടുത്ത ശ്ലോകങ്ങൾ അടിസ്ഥാനമാക്കി അഭിനയിയ്ക്കുന്നത്. ശ്രീരാമൻ്റെ അംഗുലീയകധാരിയായ ഹനൂമാൻ വാനരസംഘത്തോടൊപ്പം തെക്കെ സമുദ്രതീരത്തെത്തുന്നു. ലങ്കയിൽ സീതയുണ്ടെന്ന് ഉറപ്പ് കിട്ടുന്നതോടെ ആരാണ് ലങ്കയിലേയ്ക്ക് പോകേണ്ടത് എന്ന് സംശയമാകുന്നു. ജാംബവാൻ ഹനൂമാൻ ആകട്ടേ എന്ന് പറഞ്ഞ് ഹനൂമാന്റ ജന്മകഥ എല്ലാവരോടും പറയുന്നു.
ആത്മവിശ്വാസവും, അധികശക്തിയും വർദ്ധിച്ച ഹനൂമാൻ സമുദ്രം ചാടി ലങ്കയിലേക്ക് പോകുന്നു. വഴിയിൽ വച്ച് മൈനാകം എന്ന പർവ്വതത്തിനെ കടന്ന് സുരസയുടെ പരീക്ഷണത്തിൽ വിജയിച്ച് സിംഹിക എന്ന രാക്ഷസിയെ നിഗ്രഹിച്ച് സന്ധ്യാസമയം ആയപ്പോഴേക്കും ലങ്കയിൽ എത്തിച്ചേരുന്നു.
രാത്രിയായപ്പോൾ, ലങ്കയുടെ അകത്ത് കടന്ന് സീത ഇരിക്കുന്ന അശോകവനിക അന്വേഷിച്ച് കണ്ടുപിടിച്ച് സീതയുടെ അടുത്തെത്തുമ്പോൾ മറുഭാഗത്ത്, രാവണനും സീതയെ കാണാൻ വരുന്നതായി മനസ്സിലായി ഹനൂമാൻ വേഗം ശിംശപാവൃക്ഷത്തിന്റെ മുകളിൽ കയറി മറഞ്ഞിരിയ്ക്കുന്നു. ഇത്രയും ഭാഗമാണ് കഥാവിഷയം. ഇതിലെ പല കഥാപാത്രങ്ങളും അതേ സ്ഥായിൽ പകർന്നാടി അഭിനയിയ്ക്കുക എന്നതിന് വളരെ പ്രാധാന്യമുണ്ട്. ഞായറാഴ്ച അഴകിയ രാവണൻ്റെ പുറപ്പാടാണ്.
അമ്മന്നൂർ മാധവ് ചാക്യാർ ഹനൂമാനായി അരങ്ങിലെത്തി. ഹരീഷ് നമ്പ്യാർ, ജിനേഷ് നമ്പ്യാർ എന്നിവർ മിഴാവിലും ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ താളവും, ജയൻ മാരാർ ഇടയ്ക്ക, ശംഖിലും അവതരണം കാഴ്ച വച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

