ഹൃദയാർദ്രമായ ഇ. കേശവദാസ് അനുസ്മരണം

ഇരിങ്ങാലക്കുട : കലാസാംസ്ക്കാരികരംഗത്ത് ഊർജ്ജസ്വലസാന്നിദ്ധ്യവും, ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ മുൻനിരപ്രവർത്തകനുമായിരുന്ന ഇ. കേശവദാസിൻ്റെ അനുസ്മരണം ഹൃദയാർദ്രമായി. കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കേശവദാസിൻ്റെ കുടുംബസഹകരണത്തോടെ ഉണ്ണായിവാരിയർ സ്മാരകലാനിലയം ഹാളിൽ ഒരുക്കിയ സ്മരണാഞ്ജലിയിൽ കഥകളിയാചാര്യൻ ഡോക്ടർ സദനം കൃഷ്ണൻകുട്ടിയും, സ്മര്യപുരുഷൻ്റെ ധർമ്മപത്നി രമ കേശവദാസുംചേർന്ന് ഛായചിത്രത്തിനുമുന്നിൽ ഭദ്രദീപം കൊളുത്തി.

ക്ലബ്ബിൻ്റെ ജോയിൻ്റ് സെക്രട്ടറിയായിരിക്കേ, ഏഴുവർഷങ്ങൾക്കുമുമ്പ് അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിഞ്ഞ കേശവദാസ് ഇന്നും നമ്മുടെ സ്മൃതിപഥത്തിലുണ്ടെന്ന് അനുസ്മരണ പ്രഭാഷണത്തിൽ കഥകളിനടൻ കലാനിലയം ഗോപി പറഞ്ഞു.

കേശവദാസിൻ്റെ മകൻ ഇ.കെ.വിനോദ് വാരിയർ രചനയും, രംഗസംവിധാനവും നിർവ്വഹിച്ച ‘യുധിഷ്ഠിരാർജ്ജുനീയം’ ആട്ടക്കഥയുടെ ആദ്യത്തെ അരങ്ങിനുമുമ്പ് കഥയേയും, കളിയേയും പരിചയപ്പെടുത്തിക്കൊണ്ട് ചാലക്കുടി എം. മുരളീധരൻ പ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ സ്വാഗതവും, സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ കൃതജ്ഞതയും പറഞ്ഞു.


തുടർന്ന് നടന്ന കഥകളിയിൽ യുധിഷ്ഠിരനായി കലാമണ്ഡലം അരുൺ വാര്യർ, അർജ്ജുനനായി കലാമണ്ഡലം ഷണ്മുഖദാസ്, കൃഷ്ണനായി ഡോക്ടർ ജയന്തി ദേവരാജ് എന്നിവർ വേഷമിട്ടു. കലാനിലയം രാജീവൻ, കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ സംഗീതത്തിലും, കലാനിലയം ഉദയൻ നമ്പൂതിരി ചെണ്ടയിലും, കലാനിലയം പ്രകാശൻ മദ്ദളത്തിലും അകമ്പടിയേകി. കലാനിലയം വിഷ്ണു ചുട്ടി കുത്തി. നെടുമുടി മധുസൂദനപ്പണിക്കർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവർ അണിയറ സഹായികളായി.

ശ്രീപാർവ്വതി കലാകേന്ദ്രം, ഇരിങ്ങാലക്കുട ചമയമൊരുക്കി. പ്രശസ്ത കലാനിരൂപകൻ കെ. ബി. രാജാനന്ദ് ഈ ആട്ടക്കഥയേയും രംഗാവതരണത്തേയും വിലയിരുത്തി സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive



You cannot copy content of this page